സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നാനൂറാം വാർഷികം: നിർമ്മിതിയിൽ പങ്കാളികളായവരെ അനുസ്മരിച്ച് ലെയോ പാപ്പ

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രതിഷ്ഠയുടെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പ ബുധനാഴ്ച വിശുദ്ധ കുർബാന അർപ്പിച്ചു. സന്ദേശത്തിൽ ബസിലിക്കയുടെ നിർമ്മാണത്തിൽ പങ്കാളികളായവരെ പാപ്പ പ്രത്യേകം ഓർമ്മിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്തു.

ബലിയർപ്പണ വേളയിൽ, ബസിലിക്ക വെറുമൊരു ചരിത്രസ്മാരകമല്ലെന്നും ക്രിസ്തുവിൽ അധിഷ്ഠിതമായ സഭയുടെ ജീവസ്സുറ്റ ദൗത്യത്തിന്റെ അടയാളമാണെന്നും മാർപാപ്പ വ്യക്തമാക്കി. “അങ്കണത്തിലേക്ക് തുറന്നിരിക്കുന്നതും ‘വരിക, പ്രവേശിക്കുക, രുചിച്ചറിയുക, കാണുക!’ എന്ന സാർവത്രിക ക്ഷണത്തോടെ ലോകത്തേക്ക് സ്വയം തുറന്നിരിക്കുന്നതുമായ ബസിലിക്കയുടെ മഹത്തായ കവാടങ്ങളും കമാനങ്ങളും ബാൽക്കണികളും ജനാലകളും നോക്കുക. ഒറ്റവാക്കിൽ പറഞ്ഞാൽ, ‘വിശ്വസിക്കുക! കാലം തേയ്മാനമേൽപിക്കുന്ന ഈ മനോഹരമായ കല്ലുകൾ നിമിത്തമല്ല, മറിച്ച് അവയിലൂടെ പ്രകാശിക്കുന്ന വിശ്വാസം നിമിത്തമാണ് നാം വിശ്വസിക്കുന്നത്. അത് ക്രിസ്തുവിന്റെ ശരീരമായ ആത്മീയഭവനത്തിന്റെ പ്രതിഫലനവും ഓർമ്മപ്പെടുത്തലുമാണ്,” മാർപാപ്പ പറഞ്ഞു.

400 വർഷങ്ങൾക്കു മുൻപ് നടന്ന ഈ പ്രതിഷ്ഠാകർമ്മത്തിൽ, ദൈവാലയത്തിന്റെ മധ്യഭാഗത്തെ (നേവ്) ചുവരുകളിലുള്ള നീലയും ചുവപ്പും നിറത്തിലുള്ള മൊസൈക് കുരിശുകളിൽ ഉർബൻ എട്ടാമൻ മാർപാപ്പ തൈലം പൂശിയിരുന്നു. ബുധനാഴ്ചത്തെ വിശുദ്ധ കുർബാനയിൽ ലെയോ മാർപാപ്പ ധരിച്ചിരുന്ന വിശുദ്ധ വസ്ത്രത്തിലും ഈ കുരിശ് ആലേഖനം ചെയ്തിരുന്നു.

ആദ്യത്തെ മാർപാപ്പയായ വി. പത്രോസിന്റെ കബറിടത്തിനു മുകളിൽ നിർമ്മിച്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, 1626 നവംബർ 18 ന് ഉർബൻ എട്ടാമൻ മാർപാപ്പയാണ് പ്രതിഷ്ഠിച്ചത്. ബ്രമാന്റെ, മൈക്കലാഞ്ചലോ തുടങ്ങിയ മഹാന്മാരായ കലാകാരന്മാരും ശിൽപികളും രൂപകൽപനയിൽ പങ്കാളികളായ നിർമ്മാണപ്രവർത്തനങ്ങൾ 1615 ൽ പൂർത്തിയായി. തുടർന്ന് 1626 നവംബർ 18 ന് ബസിലിക്ക ഔദ്യോഗികമായി പ്രതിഷ്ഠിക്കപ്പെട്ടു. പിന്നീട് ജിയാൻ ലോറെൻസോ ബെർണിനി അങ്കണവും പ്രധാന ബലിപീഠത്തിനു മുകളിലെ വെങ്കല വിതാനത്തിനും രൂപം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.