
അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ എണ്ണൂറാം ചരമവാർഷികം ആചരിക്കുന്ന ഈ വേളയിൽ 2026 ലെ വത്തിക്കാന്റെ ക്രിസ്തുമസ് ട്രീ ദീപാലങ്കാരം വിശുദ്ധന്റെ ജീവിതത്തിന് ആദരമർപ്പിച്ചുകൊണ്ടായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഡിസംബർ ഏഴിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വത്തിക്കാൻ ക്രിസ്തുമസ് ട്രീ ദീപാലങ്കാരം പ്രദർശിപ്പിക്കുമെന്ന് വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് നവംബർ 18 ന് അറിയിച്ചു.
1991 മുതൽ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ ഒരുക്കുന്നതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള ഉംബ്രിയൻ പട്ടണമായ ഗുബ്ബിയോയിലെ (Gubbio) ക്രിസ്തുമസ് ട്രീ ദീപാലങ്കാരത്തോടൊപ്പം ഒരേ സമയത്തായിരിക്കും വത്തിക്കാനിലെയും ചടങ്ങ് നടക്കുക. ഗവർണറേറ്റിന്റെ പത്രക്കുറിപ്പ് പ്രകാരം, ചരിത്രത്തിലാദ്യമായാണ് ഈ വർഷം ഒരേസമയം ഇത്തരമൊരു ദീപാലങ്കാര ചടങ്ങ് നടക്കുന്നത്. 1982 മുതലാണ് വത്തിക്കാൻ വാർഷിക ക്രിസ്തുമസ് ട്രീ ദീപാലങ്കാരം നടത്തിവരുന്നത്.
വി. ഫ്രാൻസിസിന്റെ ജീവിതത്തിലെ നിരവധി പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഗുബ്ബിയോ, അസ്സീസിക്കും ലാ വെർണയ്ക്കും (La Verna) ഒപ്പം ഇറ്റലിയിലെ ഏറ്റവും പ്രധാനപ്പെട്ട ഫ്രാൻസിസ്കൻ തീർഥാടന കേന്ദ്രങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. പാരമ്പര്യമനുസരിച്ച്, തന്റെ സമ്പത്ത് പരസ്യമായി ഉപേക്ഷിക്കുകയും പിതാവിൽ നിന്ന് രക്ഷപെടുകയും ചെയ്ത ശേഷം യുവാവായ ഫ്രാൻസിസ് അസ്സീസിയിൽ നിന്ന് നേരെ പലായനം ചെയ്തത് ഗുബ്ബിയോയിലേക്കായിരുന്നു. ഇന്നും ഫ്രാൻസിസ്കൻ സന്ന്യാസിമാർ ധരിക്കുന്ന തിരുവസ്ത്രത്തിന് പ്രചോദനമായ കർഷകരുടെ മേലങ്കി ഫ്രാൻസിസിന് ലഭിച്ചതും ഗുബ്ബിയോയിൽ വച്ചാണെന്ന് പറയപ്പെടുന്നു. ഇക്കാരണത്താലാണ് ഗുബ്ബിയോയിലെ ക്രിസ്തുമസ് ട്രീ പ്രകാശിക്കുന്ന അതേ സമയത്തു തന്നെ വത്തിക്കാനിലെയും ക്രിസ്തുമസ് ട്രീ പ്രകാശിപ്പിക്കാൻ അധികാരികൾ തീരുമാനിച്ചത്.
ഇറ്റലിയിലെ ബസിലിക്കാത്തയിലുള്ള (Basilicata) കുഗ്നോ ഡെൽ അസെറോ (Cugno dell’Acero) വനത്തിൽ നിന്നുള്ള 79 അടി ഉയരമുള്ള ഒരു വൈറ്റ് ഫിർ മരമാണ് വത്തിക്കാനിൽ ക്രിസ്തുമസ് ട്രീ ആയി ഉപയോഗിക്കുന്നത്. ആ ക്രിസ്തുമസ് ട്രീ ഇന്ന് വത്തിക്കാനിൽ എത്തിച്ചേരും. ഡിസംബർ ഏഴിന് റോം സമയം വൈകുന്നേരം 5:30 ന്, കാൻസർ ചികിത്സയിലുള്ള കുട്ടികൾ സ്വിച്ച് അമർത്തി ക്രിസ്തുമസ് ട്രീയിലെ ദീപങ്ങൾ തെളിക്കും. 50,000 ത്തിലധികം സ്മാർട്ട് എൽഇഡി. (LED) വിളക്കുകളാൽ അലങ്കരിച്ചതായിരിക്കും ഈ മരം. അതേദിവസം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഈ വർഷത്തെ പുൽക്കൂടും അനാവരണം ചെയ്യും.




