ഏറ്റവും എളിയവരിൽ ക്രിസ്തുവിന്റെ നോട്ടം തിരിച്ചറിയാൻ ആഹ്വാനം ചെയ്ത് ലെയോ പാപ്പ

ഏറ്റവും എളിയവരിൽ ക്രിസ്തുവിന്റെ നോട്ടം തിരിച്ചറിയുന്നത് മനുഷ്യരെന്ന നിലയിലും ക്രൈസ്തവസമൂഹമെന്ന നിലയിലും നമ്മെ വളർത്തുന്ന ഒന്നാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ പരിചരിക്കുന്നതിനായി മാർസെലിനോ കാസാസ് എന്ന വൈദികൻ നാല് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച, സ്പെയിനിലെ ടോളിഡോയിലുള്ള ‘മാർസോഡെറ്റോ ഫെഡറേഷൻ’ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

വി. പത്രോസിന്റെ സിംഹാസനത്തിലേക്ക് തീർഥാടനം നടത്താനും ഈ പ്രസ്ഥാനത്തിന്റെ 45 വർഷത്തെ സേവനത്തിന് ദൈവത്തിന് നന്ദിയർപ്പിക്കാൻ റോമിലേക്ക് യാത്ര ചെയ്തതിനും ലെയോ പതിനാലാമൻ മാർപാപ്പ തന്റെ പ്രസംഗത്തിൽ നന്ദി അറിയിച്ചു. “ഈ ഫെഡറേഷന്റെ പ്രവർത്തനം കഠിനമായ ഒന്നാണെന്നും, ആരും കാണാത്ത, ദൈവത്തിന് മാത്രം പ്രതിഫലം നൽകാൻ കഴിയുന്ന ധാരാളം നിശ്ശബ്ദസേവനങ്ങൾ ഇതിലുണ്ട്. ഓരോ വ്യക്തിയുടെയും മുഖത്ത് യേശുക്രിസ്തുവിനെ തന്നെ കണ്ടെത്തുമ്പോൾ അത് ഏറെ സംതൃപ്തി നൽകുന്നു,” പരിശുദ്ധ പിതാവ് പറഞ്ഞു.

“സുവിശേഷത്തിൽ നമ്മൾ കേൾക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതിയിൽ സാക്ഷ്യം വഹിക്കാൻ നിങ്ങൾക്ക് സാധിക്കും – ‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത് എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു.’ ഏറ്റവും എളിയവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതത്തിൽ നമ്മെ ഉണർത്തുന്ന ക്രിസ്തുവിന്റെ നോട്ടം തിരിച്ചറിയാൻ കഴിയുന്നത് ഒരു മാനുഷിക-ക്രൈസ്തവസമൂഹമെന്ന നിലയിൽ നമ്മെ വളർത്തുന്ന ഒന്നാണ്,” പാപ്പ കൂട്ടിച്ചേർത്തു.

ബുദ്ധിപരമായ വെല്ലുവിളികളും സെറിബ്രൽ പാൾസിയും നേരിടുന്നവർക്കായി പ്രവർത്തിക്കുന്നത് പരസ്പരസഹായം, മാനുഷിക അന്തസ്സിന്റെ സംരക്ഷണം, പൂർണ്ണമായ ഉൾകൊള്ളൽ എന്നീ മൂല്യങ്ങളെയാണ് പ്രകടമാക്കുന്നതെന്നും പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.