ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഓഗസ്റ്റ് 25

1917 ആഗസ്റ്റ് 25 നാണ് ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന തസ്തികകളിൽ ആദ്യമായി ഇന്ത്യക്കാർ നിയമിതരാകുന്നത്. തദ്ദേശിയരായ ഏഴു സൈനികർക്കാണ് സൈന്യത്തിലെ കിങ്സ് കമ്മീഷൻ പദവി ലഭിച്ചത്. ഇന്ത്യൻ കമ്മീഷൻഡ് ഓഫീസർ അല്ലെങ്കിൽ വൈസ്രോയ്സ് കമ്മീഷൻഡ് ഓഫീസർ എന്നീ പദവികളായിരുന്നു ഇതിനു മുമ്പ് ഇന്ത്യക്കാരനായ ഒരു സൈനികന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവികൾ. കിങ്സ് കമ്മീഷൻഡ് ഇന്ത്യൻ ഓഫീസർ, സൈന്യത്തിലെ ഉയർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കു തുല്യരായിരുന്നു. ഈ ഉദ്യോഗസ്ഥർക്ക് ബ്രിട്ടീഷ് ട്രൂപ്പുകൾക്കുമേൽ അധികാരം ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ ഇന്ത്യൻവത്കരണത്തിന്റെ ആരംഭമായാണ് ഈ സംഭവം കണക്കാക്കപ്പെടുന്നത്.

നാലുവർഷത്തോളം നീണ്ട നാസി അധീശത്വത്തിൽ നിന്നും പാരീസ് മോചിതമായത് 1944 ആഗസ്റ്റ് 25 നായിരുന്നു. ജർമ്മൻ സൈന്യത്തിനു നേരെ പാരീസ് റെസിസ്റ്റൻസ് ഫൈറ്റർമാർ നടത്തിയ ഒരാഴ്ചയോളം നീണ്ട ഗറില്ല യുദ്ധത്തിനു ശേഷമാണ് പ്രദേശം സ്വതന്ത്രമായത്. അമേരിക്കൻ സൈന്യത്തിന്റെ പിന്തുണയും പാരീസിലെ പോരാളികൾക്കുണ്ടായിരുന്നു. ജർമ്മൻ മിലിട്ടറി ഗവർണർ കീഴടങ്ങിയതോടെയാണ് പാരീസ് സ്വതന്ത്രമായത്. ആഗസ്റ്റ് 25 ന് സ്വാതന്ത്ര്യം ആഘോഷിക്കാൻ പാരീസ് ജനത ഒന്നടങ്കം തെരുവിലിറങ്ങി.

ഫോർമുല വൺ കാറോട്ട മത്സരത്തിലെ ഇതിഹാസതാരം മൈക്കൾ ഷുമാക്കർ ആദ്യമായി മത്സരത്തിനിറങ്ങിയത് 1991 ആഗസ്റ്റ് 25 നായിരുന്നു. അവസാന ലാപ്പുകളിൽ വേഗമെടുക്കാനുള്ള കരുത്താണ് ഷുമാക്കറിനെ മറ്റ് റേസിംഗ് ഡ്രൈവർമാരിൽനിന്ന് വ്യത്യസ്തനാക്കിയിരുന്നത്. മഴയുള്ള സമയത്തു പോലും ട്രാക്കിൽ വാഹനത്തെ നിയന്ത്രിക്കാനുള്ള അസാമാന്യ കഴിവ് മഴയുടെ രാജാവ് എന്ന ഇരട്ടപ്പേര് ഷുമാക്കർക്ക് സമ്മാനിച്ചു. 2012 ൽ വിരമിക്കുമ്പോൾ ഏഴ് ലോക ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.