റഷ്യയിൽ പുടിന്റെ ഉപദേശകനുമായി വത്തിക്കാൻ ഉന്നത പ്രതിനിധി കൂടിക്കാഴ്ച നടത്തും

വത്തിക്കാൻ വിദേശകാര്യ സെക്രട്ടറിയായ മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗാല്ലഗർ റഷ്യ സന്ദർശിക്കും. സന്ദർശനവേളയിൽ വ്ളാഡിമിർ പുടിന്റെ ഉപദേശകനായ യൂറി ഉഷാക്കോവ്, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അവിടത്തെ കത്തോലിക്കാ സമൂഹത്തെ സന്ദർശിക്കുകയും ചെയ്യും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് തങ്ങളുടെ ‘എക്സ്’ (X) അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ക്രമീകരിച്ചിരിക്കുന്ന സമയപ്പട്ടിക അനുസരിച്ച്, റഷ്യൻ ഫെഡറേഷൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി ഓഗസ്റ്റ് 25 നാണ് ആദ്യ കൂടിക്കാഴ്ച. ഇതിനു ശേഷം, മോസ്കോ പാത്രിയാർക്കേറ്റിന്റെ ബാഹ്യ സഭാബന്ധങ്ങൾക്കായുള്ള ഡിപ്പാർട്ട്മെന്റ് ചെയർമാനായ വോലൊകൊലാംസ്കിലെ അന്തോണി മെത്രാപ്പോലീത്തയുമായി ബിഷപ്പ് ഗാല്ലഗർ കൂടിക്കാഴ്ച നടത്തും.

ഓഗസ്റ്റ് 26 ബുധനാഴ്ച, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിദേശനയ ഉപദേശകനായ യൂറി ഉഷാക്കോവുമായി ആർച്ച്ബിഷപ്പ് ഗാല്ലഗർ ചർച്ച നടത്തും. “അന്താരാഷ്ട്ര ബന്ധങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും സംഭാഷണത്തിന്റെ പാതയിൽ തുടരാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ (Holy See) താൽപര്യത്തെയാണ് ഈ സന്ദർശനപട്ടിക സ്ഥിരീകരിക്കുന്നത്” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 27 വ്യാഴാഴ്ച വത്തിക്കാൻ പ്രതിനിധി കത്തോലിക്കാ സമൂഹത്തെ സന്ദർശിക്കും. ആർച്ച്ബിഷപ്പ് ഗാല്ലഗർ ആദ്യം വൈദികരുമായും സമർപ്പിതരുമായും കൂടിക്കാഴ്ച നടത്തുകയും തുടർന്ന് മോസ്കോയിലെ കത്തീഡ്രൽ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഓഫ് ദി ബ്ലെസ്ഡ് വെർജിൻ മേരിയിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. അതിനു ശേഷം അദ്ദേഹം ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും.

ഓഗസ്റ്റ് 28 വെള്ളിയാഴ്ച ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ വത്തിക്കാനിലേക്കു മടങ്ങും. ഇതിനു മുമ്പ് 2021 നവംബറിലായിരുന്നു അദ്ദേഹം റഷ്യ സന്ദർശിച്ചത്. അന്ന് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, മോസ്കോ പാത്രിയാർക്കേറ്റിന്റെ അന്നത്തെ ബാഹ്യ സഭാബന്ധങ്ങളുടെ തലവനായിരുന്ന ഇലാരിയൻ മെത്രാപ്പോലീത്താ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.