
1590 സെപ്റ്റംബർ 27 നാണ് കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞകാലം അധികാരത്തിലിരുന്ന ഉർബൻ ഏഴാമൻ മാർപാപ്പ കാലം ചെയ്തത്. അതേവർഷം സെപ്റ്റംബർ 15 നായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പും. സിക്സ്റ്റസ് അഞ്ചാമൻ പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വെറും 12 ദിവസങ്ങൾ മാത്രമാണ് പേപ്പസിയിൽ ഉണ്ടായിരുന്നത്. പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് 1572 വരെ അദ്ദേഹം സ്പെയിനിലെ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായിരുന്നു. 1583 ൽ കർദിനാൾ പ്രീസ്റ്റായി മാറിയ അദ്ദേഹം 1586 ൽ ഇൻക്വിസിറ്റർ ജനറലുമായി. മലേറിയ ബാധിച്ചായിരുന്നു അദ്ദേഹം മരിച്ചത്. റോമൻ കാത്തലിക് ചർച്ചിന്റെയും വത്തിക്കാൻ രാഷ്ട്രത്തിന്റെയും തലവനാണ് മാർപാപ്പ.
ഭൂമിയിൽ അവശേഷിച്ച അവസാനത്തെ ബാലിനീസ് കടുവ കൊല്ലപ്പെട്ടത് 1937 സെപ്റ്റംബർ 27 നായിരുന്നു. അതോടെ ബാലി കടുവകൾ ഇല്ലാതായി. ലോകത്തുള്ള ഒൻപതിനം കടുവകളിലൊന്നായിരുന്നു ബാലി കടുവകൾ എന്നുകൂടി അറിയപ്പെടുന്ന ബാലിനീസ് കടുവകൾ. ഇന്തോനേഷ്യൻ ദ്വീപായ ബാലിയിലാണ് ഇവ കാണപ്പെട്ടിരുന്നത്. സൈബീരിയൻ കടുവകളുടെ പകുതിയോളം മാത്രം വലിപ്പമുണ്ടായിരുന്ന ഇവയ്ക്ക് 180 മുതൽ 220 പൗണ്ട് വരെയായിരുന്നു ഭാരം. വനനശീകരണം വർധിച്ചതോടെ ഇവയുടെ ആവാസവ്യവസ്ഥ പരിമിതമാകുകയും മനുഷ്യരുടെ വേട്ട ഇവയെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുകയും ചെയ്തു. ഒൻപതിനം കടുവകളിൽ മൂന്നിനങ്ങൾക്ക് ഇതിനോടകം വംശനാശം സംഭവിച്ചുകഴിഞ്ഞു. അവയിൽ ബാലി കടുവകളാണ് ആദ്യമായി വംശനാശം നേരിട്ടത്. അതിനാൽ ഇവ മൃഗശാലകളിലോ, മറ്റെവിടെയെങ്കിലുമോ ജീവനോടെ പ്രദർശിപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ അവയുടെ തലയോട്ടി, തോൽ, എല്ല് തുടങ്ങിയവ മ്യൂസിയങ്ങളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
1958 സെപ്റ്റംബർ ഏഴിനാണ് ആദ്യമായി ഒരു ഇന്ത്യക്കാരൻ ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നത്. ഒഡീഷ സ്വദേശിയായ മിഹിർ സെന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബ്രിട്ടനും വടക്കൻ ഫ്രാൻസിനും ഇടയിലുള്ള അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമാണ് ഇംഗ്ലീഷ് ചാനൽ. 563 കിലോമീറ്റർ ദൂരമുള്ള ഈ കടലിടുക്കിന് 240 കിലോമീറ്റർ വീതിയുണ്ട്. വക്കീലായിരുന്നെങ്കിലും സെൻ അറിയപ്പെടുന്ന ഒരു ദീർഘദൂര നീന്തൽക്കാരൻ കൂടിയായിരുന്നു. പാക്ക്, ജിബ്രാൾട്ടർ തുടങ്ങിയ കടലിടുക്കുകളും, പനാമാ കനാലും ഉൾപ്പെടെ അഞ്ച് ഭൂഖണ്ഡങ്ങളിലെയും കടലുകളിൽ നീന്തി അദ്ദേഹം റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. 1959 ൽ പദ്മശ്രീയും 1967 ൽ പദ്മഭൂഷണും നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.
സുനീഷ വി എഫ്




