താൻ സെമിനാരിയിൽ പ്രവേശിക്കുന്നത് അമ്മ ആഗ്രഹിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പ

താൻ സെമിനാരിയിൽ പ്രവേശിക്കുന്നത് അമ്മ ആഗ്രഹിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പ. ജനുവരി 30-ന് സ്പെയിനിലെ വലെൻസിയയിൽ നിന്നുള്ള വൈദികാർഥികളും പരിശീലകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഈ വെളിപ്പെടുത്തൽ.

വലെൻസിയയിലെ വൈദികാർഥികളോടൊപ്പം മാർപാപ്പ രണ്ട് മണിക്കൂർ സമയം ചിലവഴിച്ചു. ആ സമയം സ്വതന്ത്രമായി മാർപാപ്പയോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ടായിരുന്നു. തദവസരത്തിൽ വൈദികാർഥികളിൽ ഒരാൾ തന്റെ അമ്മ സെമിനാരിയിൽ പോകാനുള്ള തീരുമാനം അംഗീകരിക്കാത്തതിന്റെയും മകനുവേണ്ടി മറ്റ് വഴികൾ സ്വപ്നം കണ്ടതിന്റെയും വേദനകൾ മാർപാപ്പയോട് പങ്കുവച്ചു. അതിനുള്ള മറുപടിയായിട്ടാണ് താൻ സെമിനാരിയിൽ പ്രവേശിക്കുന്നത് അമ്മ ആഗ്രഹിച്ചിരുന്നില്ലെന്ന് പാപ്പ പറഞ്ഞത്. എന്നാൽ, പൗരോഹിത്യ ദിനത്തിൽ അമ്മ എന്റെ മുൻപിൽ മുട്ടുകുത്തി അനുഗ്രഹം ചോദിച്ചുവെന്നും പാപ്പ വെളിപ്പെടുത്തി. ഈ യുവ വൈദികാർഥിക്ക് മാർപാപ്പ നൽകിയ ഉപദേശം ഇതാണ്: “പ്രാർഥന, ആർദ്രത, ക്ഷമ”

ഇതാദ്യമായല്ല പാപ്പ ഇതേക്കുറിച്ച് സംസാരിക്കുന്നത്. 2010-ൽ പ്രസിദ്ധീകരിച്ച, പത്രപ്രവർത്തകരായ സെർജിയോ റൂബിൻ, ഏഞ്ചല അംബ്രോഗെറ്റി എന്നിവർ ചേർന്നെഴുതിയ ‘എൽ ജെസ്യൂട്ട്’ എന്ന പുസ്തകത്തിലും ഈ വെളിപ്പെടുത്തൽ ഉണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.