റോമിലെ കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും വിശുദ്ധവാരത്തിലെ ഫ്രാൻസിസ് പാപ്പയുടെ പൊതുപരിപാടികൾ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും വിശുദ്ധ വാരത്തിലെ പാപ്പയുടെ പൊതുജന സാന്നിധ്യം റോമിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഓശാന ഞായറാഴ്ചയിലെ വിശുദ്ധ കുർബാനയ്ക്ക്, കാർഡിനൽസ് കോളേജിന്റെ വൈസ്-ഡീൻ കർദിനാൾ ലിയോനാർഡോ സാൻഡ്രിയും മാർപാപ്പയുടെ പ്രതിനിധി സംഘവും നേതൃത്വം നൽകും. റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ 38 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷം സുഖം പ്രാപിച്ചുവരുന്ന ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ച് വത്തിക്കാൻ ഒരു പൊതു അറിയിപ്പ് പുറത്തിറക്കി.

മാർച്ച് 23 ന് പരിശുദ്ധ പിതാവ് ആശുപത്രിയിൽ നിന്നും വത്തിക്കാനിൽ തിരിച്ചെത്തിയിരുന്നു. മാർപാപ്പയുടെ ആരോഗ്യാവസ്ഥ പുരോഗതി പ്രാപിച്ചു വരുന്നു. ഓക്സിജൻ ഉപയോഗിക്കുന്നത് പരിശുദ്ധ പിതാവ് തുടരുന്നു. എങ്കിലും പാപ്പ ചില സമയങ്ങളിൽ ഓക്സിജൻ മാസ്ക് ഉപയോഗിക്കുന്നില്ല. പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട രണ്ട് അവസരങ്ങളിലും, മാർപാപ്പ ഓക്സിജൻ സ്വീകരിക്കുന്ന നാസൽ കാനുലകൾ ധരിച്ചിരുന്നു. കാരണം, ഇപ്പോഴും പാപ്പയ്ക്ക് തനിയെ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. പാപ്പ ശ്വസന, മോട്ടോർ ഫിസിയോതെറാപ്പിയും തുടരുന്നു.

റോമൻ കൂരിയയിലെ ചില ഡികാസ്ട്രികളിലെ പ്രിഫെക്റ്റുകളുമായും സുപ്പീരിയർമാരുമായും കർശനമായ മെഡിക്കൽ നിയന്ത്രണങ്ങളോടെ മീറ്റിംഗുകൾ പാപ്പ നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ചാൾസ് രാജാവിനെയും കാമിലയെയും പാപ്പ സ്വീകരിച്ചു. വിശുദ്ധ വാരത്തിലെ ആരാധനാക്രമങ്ങളെക്കുറിച്ച്, തൽക്കാലം മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ആ ദിവസങ്ങളിലെ പാപ്പയുടെ സാന്നിധ്യം റോമിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഡയറക്ടർ സ്ഥിരീകരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.