തായ് കിന്റർ ഗാർഡനിലുണ്ടായ ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി മാർപാപ്പ

തായ്‌ലൻഡിലെ ഉതായ് സാവാനിലെ ഡേ-കെയർ സെന്ററിൽ 23 കുട്ടികളുടെ ജീവനെടുത്ത ആക്രമണത്തിൽ ഇരകളായവരോട് ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ഒക്‌ടോബർ ആറിന് ഉണ്ടായ ആക്രമണത്തില്‍ 23 കുട്ടികളടക്കം 38 പേർ കൊല്ലപ്പെട്ടിരുന്നു. തായ്‌ലൻഡിലെ അപ്പസ്തോലിക് ന്യൂൺഷിയേറ്ററിലേക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഒപ്പുവച്ചു.

“ഉതൈ സാവനിലെ നഴ്സറിയിൽ നടന്ന ഭീകരമായ ആക്രമണത്തിൽ ഫ്രാൻസിസ് മാർപാപ്പ വളരെ ദുഃഖിതനാണ്. അഗാധമായ അനുശോചനവും നിരപരാധികളായ കുട്ടികൾക്കെതിരായ ഈ അക്രമത്തിൽ ഇരകളായ എല്ലാവരോടും ആത്മീയഅടുപ്പവും വാഗ്ദാനം ചെയ്യുന്നു. മുറിവേറ്റവർക്കും ദുഃഖിതരായ കുടുംബങ്ങൾക്കും ദൈവിക രോഗശാന്തിയും സാന്ത്വനവും അഭ്യർത്ഥിക്കുമ്പോൾ, വലിയ ദുഃഖത്തിന്റെ ഈ വേളയിൽ, അവരുടെ അയൽക്കാരിൽ നിന്നും സഹപൗരന്മാരിൽ നിന്നും അവർക്ക് ഐക്യദാർഢ്യത്തിന്റെ പിന്തുണയും ശക്തിയും ലഭിക്കാൻ പരിശുദ്ധ പിതാവ് പ്രാർത്ഥിക്കുന്നു” – സന്ദേശത്തിൽ പറയുന്നു.

ഒക്‌ടോബർ ആറിന് വ്യാഴാഴ്ച, തായ്‌ലൻഡിലെ ഉതായ് സാവാനിലെ കിന്റർ ഗാർട്ടനിലുണ്ടായ വെടിവയ്‌പ്പിൽ 23 കുട്ടികളടക്കം 38 പേർ കൊല്ലപ്പെട്ടിരുന്നു. ഓട്ടോമാറ്റിക് റൈഫിൾ, പിസ്റ്റൾ, കത്തി എന്നിവയുമായാണ് അക്രമി നഴ്സറിയിൽ പ്രവേശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂട്ടക്കൊല നടത്തിയതിനു ശേഷം, മയക്കുമരുന്ന് കൈവശം വച്ച കുറ്റകൃത്യത്തെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ട 34-കാരനായ മുൻ പോലീസ് ലെഫ്റ്റനന്റ് കേണൽ സംഭവസ്ഥലത്തു നിന്ന് ഓടിപ്പോകുകയും പിന്നീട് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

അന്ന് രാവിലെ കനത്ത മഴ പെയ്തതിനാൽ സ്കൂളിൽ സാധാരണയിലും കുട്ടികൾ കുറവായിരുന്നു. ദൃക്‌സാക്ഷി വിവരണമനുസരിച്ച്, അക്രമി, കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിലേക്ക് കടന്നുവന്ന് കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ എട്ട് മാസം ഗർഭിണിയായ ഒരു അധ്യാപികയും ഉൾപ്പെടുന്നു. പരിക്കേറ്റ 15-ലധികം പേരെ നോങ് ബുവാ ലാംഫു ആശുപത്രിയിലേക്കു മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.