“ഇനി നമുക്ക് ലിസ്‌ബണിൽ കാണാം” – ലോക യുവജന ദിനത്തിന് മുന്നോടിയായി മാർപാപ്പ

ഇനി നമുക്ക് ലിസ്‌ബണിൽ കാണാം എന്ന് ലോക യുവജന ദിനത്തിന് മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പ. ഓഗസ്റ്റിൽ പോർച്ചുഗലിലെ ലിസ്‌ബണിൽ നടക്കുന്ന ലോക യുവജന ദിനത്തിൽ പങ്കെടുക്കാനൊരുങ്ങുന്ന യുവജനങ്ങൾക്കായി അയച്ച വീഡിയോ സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

അന്താരാഷ്ട്ര യുവജനസമ്മേളനത്തിനു മൂന്നുമാസം മുമ്പേ യുവജനങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള ഈ സന്ദേശം മേയ് നാലിന് വത്തിക്കാനിലെ യൂട്യൂബ് പേജിൽ പ്രസിദ്ധീകരിച്ചു. ഈ സന്ദേശത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ നടക്കുന്ന ലോക യുവജനദിന സമ്മേളനത്തിന്റെ അനുഭവങ്ങളെ ഉൾക്കൊണ്ടു സംസാരിക്കുകയായിരുന്നു മാർപാപ്പ.

“പ്രിയ യുവജനങ്ങളെ, നിങ്ങൾ ലോകയുവജന ദിനത്തിനായി തയ്യാറെടുക്കുകയാണല്ലോ. മൂന്നു മാസങ്ങൾ കൂടിയുണ്ടെങ്കിലും നിങ്ങളുടെ മനസ്സിന്റെ ഭാവങ്ങൾ എനിക്കു മനസ്സിലാക്കാവുന്നതാണ്. ഉത്സാഹത്തോടെ ഈ മനോഹര മുഹൂർത്തത്തിനായി ഒരുങ്ങുക. നന്നായി തയ്യാറാകുന്നതിന് നിങ്ങളുടെ ഉറവിടങ്ങളിലേക്ക് നോക്കണം. അതിനായി നിങ്ങളുടെ മുതിർന്നവരോടൊപ്പം സമയം ചെലവഴിക്കണം” – പാപ്പാ സന്ദേശത്തിൽ വെളിപ്പെടുത്തി.

1985 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ലോക യുവജനദിനം ആരംഭിച്ചത്. മൂന്നു വർഷത്തിലൊരിക്കൽ മാർപാപ്പയുടെ സാന്നിധ്യത്തോടെ വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നടത്തപ്പെടുന്ന യുവജനസമ്മേളനത്തിൽ ലക്ഷക്കണക്കിനു യുവജനങ്ങളാണ് പങ്കെടുക്കാറുള്ളത്. 2019 ജനുവരിയിൽ പനാമ സിറ്റിയിലാണ് അവസാനത്തെ യുവജന സമ്മേളനം നടന്നത്. കോവിഡ് മഹാമാരിമൂലം നടത്തപ്പെടാൻ സാധിക്കാതിരുന്ന യുവജനസമ്മേളനം ഏറ്റവും മനോഹരമായിരിക്കുമെന്ന പ്രതീക്ഷയിലാണ് മാർപാപ്പ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.