‘ദൈവം നിങ്ങളെ സ്നേഹിക്കുന്നു’: കാൻസർ ബാധിതരായ കുട്ടികളോട് മാർപാപ്പ

പോളണ്ടിൽ നിന്നെത്തിയ കാൻസർ ബാധിതരായ കുട്ടികളുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് പാപ്പാ. യേശുവും പരിശുദ്ധ മറിയവും എപ്പോഴും നമ്മുടെ ചാരത്തുണ്ടെന്ന് പാപ്പാ കുട്ടികളെ ഓർമ്മപ്പെടുത്തി.

“നമുക്ക് പ്രത്യാശ നൽകാൻ യേശു എപ്പോഴും നമ്മുടെ അരികിലുണ്ട്. രോഗത്തിന്റെ നിമിഷങ്ങളിലും, വേദനാജനകമായ നിമിഷങ്ങളിലും ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലും ഒക്കെ കർത്താവ് നമ്മുടെ കൂടെയുണ്ട്” – പാപ്പാ കുട്ടികളോടു പറഞ്ഞു. പോളണ്ടിൽ നിന്നുള്ള, കാൻസറിനെതിരെ പോരാടുന്ന 53 കുട്ടികളെയാണ് വത്തിക്കാനിൽ പാപ്പാ സ്വീകരിച്ചത്.

“യേശു നിങ്ങളെ സ്നേഹിക്കുന്നു; നിങ്ങളുടെ സാക്ഷ്യം അവന് ആവശ്യമാണ്. ജീവിതത്തിൽ എത്രയോ പ്രാവശ്യം മുന്നോട്ടുപോകാനുള്ള ശക്തിയില്ലാത്ത അവസ്ഥയിൽ നാം നമ്മെത്തന്നെ സ്വയം കാണുന്നു. പക്ഷേ, യേശു എപ്പോഴും നമ്മുടെ സമീപത്തുണ്ട്. അവൻ നിങ്ങളോടു പറയുന്നു: ‘പോകുക, മുന്നോട്ട് പോകുക! ഞാൻ നിങ്ങളോടൊപ്പമുണ്ട്’ -‘ പാപ്പാ പറഞ്ഞു. സഭയിലും ലോകത്തും ദൈവസ്നേഹത്തിന്റെ അപ്പോസ്തലന്മാരാകാൻ ഫ്രാൻസിസ് പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു.

നാം ഒറ്റക്കാണെന്നു തോന്നുകയും ഉപേക്ഷിക്കപ്പെട്ടതായി തോന്നുകയും ചെയ്യുമ്പോൾ, പരിശുദ്ധ കന്യകാമറിയം എപ്പോഴും നമ്മോട് അടുത്തിരിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രത്യേകിച്ചും രോഗത്തിന്റെ ഭാരം അതിന്റെ എല്ലാ പ്രശ്‌നങ്ങളോടും കൂടി നാം വഹിക്കുമ്പോൾ അമ്മ കൂടെയുണ്ടാകുമെന്ന് പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.