ബെനിനിലെ തീപിടിത്തം: മരണമടഞ്ഞവർക്ക് അനുശോചനം അറിയിച്ച് ഫ്രാൻസിസ് പാപ്പ

പശ്ചിമാഫ്രിക്കയിലെ ബെനിനിൽ രഹസ്യ ഇന്ധന ഡിപ്പോയിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള മരണത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തുകയും പ്രാർഥനകൾ അർപ്പിക്കുകയും ചെയ്തു. പോർട്ടോ-നോവോയിലെ ബിഷപ്പ് അരിസ്റ്റൈഡ് ഗോൺസല്ലോയെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് മാർപാപ്പ തന്റെ അനുശോചനം അറിയിച്ചത്.

“ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. മരിച്ചവരുടെ നിത്യശാന്തിക്കായി പ്രാർഥിക്കുകയും അവരെ ദൈവത്തിന്റെ കാരുണ്യത്തിന് ഭരമേല്പിക്കുകയും ചെയുന്നു. ഈ ദുരന്തത്തിൽ വേദനിക്കുന്നവർക്ക് ആശ്വാസവും സാന്ത്വനവും നൽകണമെന്ന് കന്യാമറിയത്തോട് പ്രാർഥിക്കുകയും എല്ലാവർക്കും ദൈവാനുഗ്രഹങ്ങൾ നേരുകയും ചെയ്യുന്നു” – മാർപാപ്പ ടെലിഗ്രാമിൽ കുറിച്ചു.

സെപ്തംബർ 23 -നു നടന്ന സ്ഫോടനത്തിൽ രണ്ടു കുട്ടികളടക്കം 35 പേർ മരണമടഞ്ഞിരുന്നു. കൂടാതെ, സമീപത്തെ ഗോഡൗണ്‍ കത്തിനശിക്കുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ അഗ്നിക്കിരയാകുകയും ചെയ്തു. അഗ്നിശമനസേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലാണ് അഗ്നി ശമിപ്പിക്കാൻ കഴിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.