വീണ്ടും വിശുദ്ധനാടിനെയും ഉക്രൈനെയും അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ

വിശുദ്ധനാട്ടിൽ നടക്കുന്ന സംഘർഷങ്ങളെയും ഉക്രൈനിൽ തുടരുന്ന യുദ്ധത്തെയും വീണ്ടും അപലപിച്ച് ഫ്രാൻസിസ് പാപ്പ. ഏപ്രിൽ പതിനേഴ് ബുധനാഴ്ച , വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാ സമ്മേളനത്തിന്റെ അവസാനം ആളുകളെ ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്യവെയാണ് യുദ്ധത്തിന്റെ ഇരകളെ പാപ്പ പ്രത്യേകം അനുസ്മരിച്ചത്.

വിശുദ്ധ നാട്, പാലസ്തീൻ, ഇസ്രായേൽ, ഉക്രൈൻ എന്നീ ഇടങ്ങളിൽ യുദ്ധങ്ങളും സംഘർഷങ്ങളും മൂലം സാധാരണ ജനങ്ങൾ  അനുഭവിക്കുന്ന പീഡനങ്ങൾ അനുസ്മരിച്ച പാപ്പ, യുദ്ധത്തടവുകാരായി കഴിയുന്ന ആളുകളുടെ കാര്യം പ്രത്യേകമായി എടുത്തുപറഞ്ഞു. തടവുകാരായി കഴിയുന്നവരെ മോചിപ്പിക്കാൻ ബന്ധപ്പെട്ടവരുടെ മനസ്സുകളെ ദൈവം മാനസാന്തരപ്പെടുത്തട്ടെയെന്ന് പാപ്പ ആശംസിച്ചു.

യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ആളുകൾ നേരിടേണ്ടിവരുന്ന കഠിനമായ പീഡനങ്ങളും മർദനവും മാനുഷികതയ്‌ക്ക്  എതിരാണെന്ന് പാപ്പ പ്രസ്താവിച്ചു. തടവുകാരായി പിടിക്കപ്പെട്ട മനുഷ്യരുടെ അന്തസ്സിന് മുറിവേൽക്കുന്ന പ്രവർത്തനമാണ് അവരേൽക്കേണ്ടിവരുന്ന പലവിധ പീഡനങ്ങളുമെന്ന് പാപ്പ വിശദീകരിച്ചു.

റഷ്യ – ഉക്രൈൻ യുദ്ധത്തിന്റെയും പാലസ്തീൻ – ഇസ്രായേൽ സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ, ഇരകളാകേണ്ടിവന്ന ആയിരക്കണക്കിന് ആളുകളുടെ സംരക്ഷണത്തിനായും യുദ്ധം അവസാനിക്കുന്നതിനായും മുൻ ആഴ്ചകളിൽ നടത്തിയിരുന്ന പൊതുകൂടിക്കാഴ്ചാ സമ്മേളനങ്ങളിലും ത്രികാലജപ പ്രാർഥനാവേളകളിലും പാപ്പ അഭ്യർഥന നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.