
യമനിലെ കലുഷിതമായ സാഹചര്യങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് ശത്രുത അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പാപ്പ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സമാധാനാന്തരീക്ഷത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്. ഒപ്പം ജോർദാനിൽ പള്ളിക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും വേണ്ടി മാർപാപ്പ പ്രത്യേകമായി പ്രാർഥിച്ചു.
രൂക്ഷമായ മാനുഷിക പ്രതിസന്ധി നേരിടുന്ന യമനിലെ സ്ഥിതിഗതികൾ മാർപാപ്പ ഉയർത്തിക്കാട്ടി. പ്രത്യേകിച്ചും ഭക്ഷണവും വെള്ളവും മരുന്നുകളും ലഭിക്കാതെ കഷ്ടപ്പെടുന്ന തായിസ് (Taiz) നഗരത്തിലെ ജനങ്ങളുടെ അവസ്ഥയിൽ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. അടിയന്തരമായി ശത്രുത അവസാനിപ്പിക്കണമെന്നും യമനിലെ ജനങ്ങൾക്കും മേഖലയിലെ മറ്റ് ജനങ്ങൾക്കും സമാധാനപരമായ ജീവിതം ഉറപ്പാക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
ജോർദാനിലെ കറാക്ക് ഗവർണറേറ്റിലുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണത്തെയും മാർപാപ്പ അനുസ്മരിച്ചു. വെടിവയ്പ്പിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും അദ്ദേഹം അനുശോചനവും പ്രാർഥനകളും നേർന്നു. വിവിധ മതവിശ്വാസികൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും പ്രതീകമായ ആ രാജ്യത്തോടും അവിടത്തെ ജനങ്ങളോടും താൻ ഐക്യദാർഢ്യം പുലർത്തുന്നതായി മാർപാപ്പ വ്യക്തമാക്കി.
യുദ്ധങ്ങൾ മരണവും നാശവും വിതയ്ക്കുന്നതിനൊപ്പം ലോകത്തെ കൂടുതൽ ദരിദ്രമാക്കുകയാണ് ചെയ്യുന്നതെന്ന് ഓർമ്മിപ്പിച്ച മാർപാപ്പ, സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും വഴികൾ തിരഞ്ഞെടുക്കാൻ ദൈവം എല്ലാവർക്കും പ്രചോദനം നൽകട്ടെയെന്ന് പ്രാർഥിച്ചു.




