
ആധുനിക മാധ്യമങ്ങളുടെ സാധ്യതകളെ ദൈവസ്നേഹത്തിന്റെയും സദ്‌വാര്‍ത്തയുടെയും പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക എന്ന വലിയൊരു ദൗത്യവുമായി, കത്തോലിക്കാ സഭയുടെ മാധ്യമ ദർശനങ്ങളിൽ ഊന്നിക്കൊണ്ട് പിറവിയെടുത്ത ‘ലൈഫ് ഡേ’ www.lifeday.in – ഇന്ന് പത്തു വര്‍ഷങ്ങള്‍ (2016-2026) പൂര്‍ത്തിയാക്കിയിരിക്കുന്നു. 2016 ഒക്ടോബർ 1-ന് എറണാകുളത്തുനിന്നാണ് ഈ കത്തോലിക്കാ ഓൺലൈൻ ദിനപത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നത്. എന്നാൽ, അതിനും മൂന്നു മാസങ്ങൾക്ക് മുൻപേ തന്നെ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിരുന്നു. തുടർന്ന് 2017-ൽ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ഓഫീസ് കോട്ടയത്തേക്ക് മാറ്റുകയും ചെയ്തു.
കത്തോലിക്കാ സഭയുടെ സാമൂഹിക ആശയവിനിമയ പ്രമാണങ്ങളും, മാധ്യമങ്ങളെക്കുറിച്ചുള്ള സഭാബോധനങ്ങളും അടിത്തറയാക്കിയാണ് ഈ ഡിജിറ്റൽ ദൗത്യം രൂപംകൊണ്ടത്. ലോകമെമ്പാടുമുള്ള കത്തോലിക്കാ വാർത്തകൾ, വിശ്വാസത്തെ ആഴപ്പെടുത്തുന്ന ഫീച്ചറുകൾ, ആത്മീയ ലേഖനങ്ങൾ, വിശ്വാസികളുടെ അനുഭവക്കുറിപ്പുകൾ, വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ എന്നിവയെല്ലാം ഡിജിറ്റൽ ലോകത്ത് ആധികാരികമായി എത്തിക്കാൻ കഴിഞ്ഞു. സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ എന്നീ മൂന്ന് റീത്തുകളിലെയും അനുദിന സുവിശേഷ വായനകളും അവയുടെ ആഴത്തിലുള്ള വിചിന്തനങ്ങളും കഴിഞ്ഞ പത്തുകൊല്ലമായി അനുദിനം മുടങ്ങാതെ വായനക്കാര്‍ക്ക് ലഭ്യമാക്കുന്നു എന്നത് ദൈവീക കൃപയുടെ വലിയ അടയാളമായി കാണുന്നു.
കഴിഞ്ഞ പത്ത് വർഷത്തെ യാത്ര, കേവലം വാര്‍ത്തകള്‍ അറിയിക്കുക എന്നതിലുപരി, അനേകരെ ആത്മീയ ചൈതന്യത്തിലേക്കും നന്മയിലേക്കും നയിച്ച ഒരു തീർത്ഥാടനമായിരുന്നു. ജീവിതത്തിന്റെ പ്രയാസഘട്ടങ്ങളിൽ തളർന്നുപോയ ഒത്തിരി പേർക്ക് ആശ്വാസവും സമാധാനവും പകരാൻ ഈ മാധ്യമത്തിന് സാധിച്ചു. ഒട്ടനവധി പുതിയ എഴുത്തുകാർക്ക് കളം ഒരുക്കിക്കൊടുക്കാനും ലൈഫ് ഡേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വൈദികരും സന്യസ്തരും കത്തോലിക്കാ അൽമായരും ഉൾപ്പെടെയുള്ള വലിയൊരു എഴുത്തുകൂട്ടായ്മയെ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നത് ഈ ദൗത്യത്തിന്റെ വലിയൊരു വിജയമാണ്.
എം.സി.ബി.എസ് (MCBS) എമ്മാവൂസ് പ്രൊവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലൈഫ് ഡേ മിനിസ്ട്രി, ഓരോ ദിവസവും വളർച്ചയുടെ പാതയിലാണ്. www.lifeday.in എന്ന ഓൺലൈൻ ദിനപത്രത്തിന് പുറമെ, www.catholicnews.in, www.editkerala.com, ലൈഫ് ഡേ യൂട്യൂബ് ചാനൽ, ‘ലൈഫ് ഡേ ബുക്സ്’ (Lifeday Books) എന്നിങ്ങനെ അഞ്ച് മുഖങ്ങളുള്ള ഒരു വലിയ പ്രസ്ഥാനമായി ഇന്ന് ഈ ശുശ്രൂഷ വളർന്നു പന്തലിച്ചിരിക്കുന്നു.
പതിറ്റാണ്ടിന്റെ പ്രഭയിൽ നിൽക്കുന്ന ഈ വേളയിൽ, ഇതുവരെ കൂടെനിന്ന ദൈവത്തിന് നന്ദി ചൊല്ലുന്നു. എല്ലാവിധത്തിലും സഹായിക്കുന്നവരെ – സാമ്പത്തികമായും സാന്നിധ്യമായും ആശയപരമായും എഴുത്തുകളിലൂടെയും നല്ല വാക്കുകളിലൂടെയും – കൃതജ്ഞയോടെ ഓർക്കുന്നു. ഒപ്പം, ഈ മാധ്യമത്തെ സ്നേഹിക്കുകയും പ്രാർത്ഥനയോടെ പിന്താങ്ങുകയും ചെയ്യുന്ന എല്ലാ വായനക്കാർക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു. തുടക്കം മുതല്‍ എന്നുവരെ ഇതില്‍ പ്രവര്‍ത്തിച്ച എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളും നന്ദിയും. വിവിധ രീതികളിൽ എതിര്‍ത്തവരോടും തളര്‍ത്താന്‍ ശ്രമിച്ചവരോടും നന്ദി മാത്രം. നിങ്ങളില്ലായിരുന്നെങ്കില്‍, ഞങ്ങള്‍ എങ്ങനെയായിരുന്നു വളരുക!
ഫാ. വിൻസെന്റ് ശ്രാമ്പിക്കൽ, ഫാ. ജോർജ് കടൂപ്പാറയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ലൈഫ് ഡേ പിറവിയെടുത്തത്. മരിയ ജോസ്, മാഗി ഫ്രാൻസിസ്, സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ, സുനിഷാ വി. എഫ്., ഡിൻസി തോമസ്, ആതിര ശിശുപാലൻ, സീനിയ എൽസ ഇഗ്‌നേഷ്യസ്, സയനോര ഗോപകുമാർ എന്നീ മാധ്യമ പ്രവർത്തകരാണ് ഇപ്പോൾ ലൈഫ് ഡേയിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നത്.
എം.സി.ബി.എസ് (MCBS) എമ്മാവൂസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. അബ്രഹാം കൊച്ചുപുരയിൽ ലൈഫ് ഡേ യുടെ രക്ഷാധികാരിയും യൂക്കരിസ്റ്റിക് ഡിപ്പാർട്ട്മെന്റ് കൗൺസിലർ ഫാ. ജോർജി കാട്ടൂർ സഹരക്ഷാധികാരിയുമാണ്.
വചനത്തിന്റെയും പ്രത്യാശയുടെയും വെളിച്ചം ഇനിയും ഒരുപാട് ആളുകളിലേയ്ക്ക് ലൈഫ് ഡേ-യിലൂടെ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ദൈവമേ നന്ദി!
ഫാ. വിൻസെന്റ് ശ്രാമ്പിക്കൽ MCBS, ഫാ. ജോർജ് കടൂപ്പാറയിൽ MCBS




