കുട്ടികളുടെ മൊബൈൽ ഉപയോഗം: ബൈബിൾ നൽകുന്ന അഞ്ച് ജീവിതപാഠങ്ങൾ

ഇന്നത്തെ കുട്ടികളുടെ ജീവിതത്തിൽ മൊബൈൽ ഫോണുകൾക്ക് വലിയ സ്ഥാനമുണ്ട്. പഠനത്തിനും വിനോദത്തിനും അറിവു നേടുന്നതിനുമെല്ലാം അവ പ്രയോജനപ്പെടുന്നുണ്ടെങ്കിലും അമിതമായ ഉപയോഗം കുട്ടികളുടെ ശീലങ്ങളെയും ചിന്തകളെയും ജീവിതരീതിയെയും സ്വാധീനിക്കുന്നുണ്ട്. മണിക്കൂറുകളോളം സ്ക്രീനിൽ മുഴുകുമ്പോൾ കളിക്കാനും വായിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമുള്ള താത്പര്യം കുറഞ്ഞുപോകാം.

സാങ്കേതികവിദ്യയിൽനിന്ന് കുട്ടികളെ പൂർണമായി അകറ്റിനിർത്തുക എന്നതല്ല പരിഹാരം. മറിച്ച്, അത് വിവേകത്തോടെ ഉപയോഗിക്കാനും ജീവിതത്തിലെ നല്ല മൂല്യങ്ങൾ മുറുകെപ്പിടിക്കാനും അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ ബൈബിൾ നൽകുന്ന ചില ജീവിതപാഠങ്ങൾ കുട്ടികൾക്ക് വഴികാട്ടിയാകും.

1. കാത്തിരിക്കാൻ പഠിക്കാം: ക്ഷമയാണ് ജീവിതത്തിന്റെ കരുത്ത്

മൊബൈൽ ലോകത്ത് എല്ലാം വിരൽത്തുമ്പിൽ ലഭ്യമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉടൻ ലഭിക്കണമെന്ന ചിന്ത കുട്ടികളിൽ വളരാൻ ഇത് കാരണമാകാം. എന്നാൽ ജീവിതത്തിൽ എല്ലാ കാര്യങ്ങളും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഉടൻ നടക്കണമെന്നില്ല. കാത്തിരിക്കാനും പരിശ്രമിക്കാനും ക്ഷമയോടെ മുന്നോട്ടുപോകാനും കുട്ടികൾ പഠിക്കണം.

“എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും” (ഏശയ്യാ 40:31). ദൈവത്തിൽ വിശ്വസിച്ച് ക്ഷമയോടെ കാത്തിരിക്കുന്നവർക്ക് കരുത്തും പ്രത്യാശയും ലഭിക്കുമെന്ന് ഈ വചനം ഓർമിപ്പിക്കുന്നു.

2. സ്ക്രീനിനപ്പുറം ഹൃദയബന്ധങ്ങൾ വളർത്താം

ഓൺലൈൻ സൗഹൃദങ്ങൾ കൂടുമ്പോഴും യഥാർഥ ബന്ധങ്ങൾക്ക് സമയം കണ്ടെത്താൻ കുട്ടികൾ മറന്നുപോകരുത്. കുടുംബാംഗങ്ങളോടൊപ്പം സംസാരിക്കാനും സുഹൃത്തുക്കളുമായി കളിക്കാനും മറ്റുള്ളവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരാനും അവർക്ക് അവസരം ലഭിക്കണം. സ്നേഹവും കരുതലും നിറഞ്ഞ ബന്ധങ്ങൾ സ്ക്രീനിലൂടെ മാത്രം വളരുന്നതല്ല; നേരിട്ടുള്ള ഇടപെടലുകളിലൂടെയാണ് അവ കൂടുതൽ ആഴമുള്ളതാകുന്നത്.

“ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും” (യാക്കോബ് 4:8). ദൈവവുമായുള്ള ബന്ധം വളർത്തുന്നതുപോലെതന്നെ മനുഷ്യരോടുള്ള സ്നേഹബന്ധങ്ങൾക്കും ജീവിതത്തിൽ പ്രാധാന്യം നൽകണം.

3. താരതമ്യങ്ങളല്ല, നന്ദിയാണ് സന്തോഷം നൽകുന്നത്

സോഷ്യൽ മീഡിയയിൽ കാണുന്ന ആഡംബരജീവിതവും മറ്റുള്ളവരുടെ നേട്ടങ്ങളും കുട്ടികളിൽ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അപകർഷബോധം വളർത്താം. മറ്റുള്ളവരുടേതുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുന്നതിനുപകരം ലഭിച്ച അനുഗ്രഹങ്ങളെ തിരിച്ചറിയാനും അവയിൽ സന്തോഷിക്കാനും കുട്ടികളെ പഠിപ്പിക്കണം. ഉള്ളതിൽ സംതൃപ്തരായി ജീവിക്കുമ്പോഴാണ് യഥാർഥ സന്തോഷം കണ്ടെത്താനാകുന്നത്.

“ഏതു സാഹചര്യത്തിലും സംതൃപ്‌തിയോടെ കഴിയാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്‌” (ഫിലിപ്പിയർ 4:11). ജീവിതത്തിലെ സാഹചര്യങ്ങൾ മാറിയാലും നന്ദിയോടെ ജീവിക്കാനുള്ള മനോഭാവം വളർത്തണമെന്നാണ് ഈ വചനം നമ്മെ പഠിപ്പിക്കുന്നത്.

4. സമയത്തെ വിലമതിക്കാം: ഓരോ നിമിഷവും പ്രയോജനപ്പെടുത്താം

മൊബൈലിൽ ചെലവഴിക്കുന്ന സമയം കൂടുമ്പോൾ പഠനത്തിനും വിശ്രമത്തിനും മറ്റ് ഉത്തരവാദിത്വങ്ങൾക്കും വേണ്ട സമയം കുറഞ്ഞുപോകാം. അതിനാൽ ഓരോ കാര്യത്തിനും കൃത്യമായ സമയം കണ്ടെത്തുന്ന ശീലം കുട്ടികളിൽ വളർത്തണം. കളിക്കാനും പഠിക്കാനും പ്രാർഥിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും സമയം ക്രമീകരിക്കാൻ അവരെ പരിശീലിപ്പിക്കാം.

“നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുവിന്‍” (എഫേസോസ് 5:16). സമയം തിരിച്ചുകിട്ടാത്ത വിലപ്പെട്ട സമ്മാനമാണെന്ന ബോധ്യം കുട്ടികളിൽ വളർത്താൻ ഈ വചനം സഹായിക്കും.

5. മറ്റുള്ളവരെ സ്നേഹിക്കാനും കരുതാനും പഠിക്കാം

സ്വന്തം ഇഷ്ടങ്ങൾക്കും വിനോദങ്ങൾക്കും മാത്രം പ്രാധാന്യം നൽകുന്ന ശീലം കുട്ടികളിൽ വളരാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനും വിഷമിക്കുന്നവരെ ആശ്വസിപ്പിക്കാനും സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാകാനും അവരെ പ്രോത്സാഹിപ്പിക്കണം. സഹാനുഭൂതിയും പങ്കുവയ്ക്കലും ജീവിതത്തിന്റെ ഭാഗമാകുമ്പോഴാണ് നല്ല വ്യക്തിത്വം രൂപപ്പെടുന്നത്.

“മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായി കരുതണം” (ഫിലിപ്പിയർ 2:3). മറ്റുള്ളവരെ സ്നേഹത്തോടെയും ആദരവോടെയും കാണാൻ ഈ വചനം കുട്ടികളെ ഓർമിപ്പിക്കുന്നു.

കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്താം

ബൈബിൾ നൽകുന്ന ഈ ജീവിതപാഠങ്ങൾ കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കാൻ മാതാപിതാക്കൾക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

ഭക്ഷണം കഴിക്കുമ്പോഴും കുടുംബപ്രാർഥനയുടെ സമയത്തും മൊബൈൽ മാറ്റിവയ്ക്കുക.

ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കുന്നതിനു പകരം വായിക്കാനും കുടുംബാംഗങ്ങളോട് സംസാരിക്കാനും സമയം കണ്ടെത്തുക.

കുട്ടികൾ വിഷമിക്കുമ്പോൾ അവരുടെ ശ്രദ്ധ മാറ്റാൻ ഉടൻ ഫോൺ നൽകാതെ അവരെ കേൾക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുക.

പുറത്തുപോയി കളിക്കാനും പ്രകൃതിയോടും കൂട്ടുകാരോടും ഇടപഴകാനും അവസരം നൽകുക.

മാതാപിതാക്കളും സ്വന്തം മൊബൈൽ ഉപയോഗത്തിൽ നിയന്ത്രണം പാലിച്ച് കുട്ടികൾക്ക് മാതൃകയാകുക.

സ്ക്രീനിനപ്പുറം ജീവിതത്തിന്റെ സൗന്ദര്യം തിരിച്ചറിയട്ടെ!

കുട്ടികൾക്ക് മൊബൈൽ ഉപയോഗത്തിൽ നിയന്ത്രണം പഠിപ്പിക്കുന്നതോടൊപ്പം ജീവിതത്തിലെ യഥാർഥ സന്തോഷങ്ങൾ തിരിച്ചറിയാനും അവരെ സഹായിക്കണം. അതിന് മാതാപിതാക്കളുടെ സ്നേഹവും ശ്രദ്ധയും നല്ല മാതൃകയും ഏറെ പ്രധാനമാണ്. കുടുംബബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും പ്രാർഥനയ്ക്കും ജീവിതത്തിൽ അർഹമായ സ്ഥാനം നൽകുമ്പോൾ സാങ്കേതികവിദ്യയുടെ അമിതസ്വാധീനത്തിൽനിന്ന് കുട്ടികളെ സംരക്ഷിക്കാനാകും.

സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോഗിക്കുകയും ബൈബിൾ പഠിപ്പിക്കുന്ന മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന ഒരു തലമുറയെ വളർത്തിയെടുക്കാം. സ്ക്രീനിന്റെ ലോകത്തേക്കാൾ മനോഹരമാണ് സ്നേഹവും വിശ്വാസവും ബന്ധങ്ങളും നിറഞ്ഞ യഥാർഥ ജീവിതമെന്ന് നമ്മുടെ കുട്ടികൾ തിരിച്ചറിയട്ടെ.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.