‘ഫേസ് ഓഫ് ദ ഫേസ് ലെസ്’-ലെ ഗാനങ്ങൾക്ക് ഓസ്കർ നോമിനേഷൻ

സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്‌പദമാക്കി പുറത്തിറങ്ങിയ ‘ഫേസ് ഓഫ് ദ ഫേസ് ലെസ്’ എന്ന സിനിമയിലെ ഗാനങ്ങൾക്കും പശ്ചാത്തലസംഗീതത്തിനും ഓസ്കർ നോമിനേഷൻ ലഭിച്ചു. ഷെയ്സൺ പി. ഔസേഫ് സംവിധാനം ചെയ്ത സിനിമയിലെ മൂന്ന് ഗാനങ്ങളാണ് ഒറിജിനൽ സോംഗ് വിഭാഗത്തിലേക്കുള്ള ഓസ്കർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. പ്രമുഖ സംഗീതസംവിധായകൻ അൽഫോൻസ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ ഗാനങ്ങളാണിവ. ഇതു സംബന്ധിച്ച വിവരം ഓസ്കർ അവാർഡ് സമിതിയുടെ വെബ്സൈറ്റിൽ ഇന്നലെ രാത്രിയാണ് പ്രസിദ്ധപ്പെടുത്തിയത്.

ഈ സിനിമയിലെ ‘ഏക് സപ്ന മേരാ സുഹാന,’ ‘ജെൽത്താ ഹേ സൂരജ്’ എന്നീ ഗാനങ്ങളും മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിന്റെ തനിമയിൽ തയ്യാറാക്കിയ ഗാനത്തിനുമാണ് നോമിനേഷൻ ലഭിച്ചത്. വിവിധ ലോകഭാഷകളിലെ 94 -ഓളം ഗാനങ്ങളാണ് ഒറിജിനൽ സോംഗ് വിഭാഗത്തിലേക്ക് നോമിനേഷൻ നേടിയിട്ടുള്ളത്. 2023 -ൽ ഗാനവിഭാഗത്തിൽ ഓസ്കർ നോമിനേഷൻ ലഭിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ‘ഫേസ് ഓഫ് ദ ഫേസ് ലെസ്.’

ഈ ഓസ്കർ നോമിനേഷനെ വലിയ അഭിമാനത്തോടെയാണ് കാണുന്നതെന്ന് അൽഫോൻസ് ജോസഫും സംവിധായകൻ ഷെയ്സൺ പി. ഔസേഫും വെളിപ്പെടുത്തി. മികച്ച സിനിമയ്ക്കുള്ള ഓസ്കർ നോമിനേഷനിലേക്കും സിനിമയ്ക്ക് സാധ്യതയേറുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.