സാംബിയയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കിടയിൽ പ്രകാശം പരത്തുന്ന സന്ന്യാസിനിമാർ

സാംബിയയിലെ ബധിര-മൂക കുട്ടികളുടെ ജീവിതത്തിന് പുതിയ നിർവചനവും ദിശാബോധവും നൽകുകയാണ് ‘സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്’ (Sisters of St. John the Baptist) അഥവാ ബാപ്റ്റിസ്റ്റൈൻ സന്ന്യാസിനിമാർ. സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുമായിരുന്ന നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകി സ്വയംപര്യാപ്തരാക്കുകയാണ് ഇവർ.

അറിവും പരിശീലനവും പകർന്നു വെളിച്ചത്തിലേക്ക്

ശ്രവണശേഷി വൈകല്യമുള്ള കുട്ടികളെ ശാപമായി കാണുന്ന ഒരു രീതിയാണ് സാംബിയയിലെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നിന്നും ആളുകളുടെ ഇടയിൽ നിന്നും അവരെ വീണ്ടെടുത്ത്, പ്രത്യേക വിദ്യാലയങ്ങളിലൂടെ അവർക്കു വിദ്യാഭ്യാസം നൽകുകയാണ് ഈ സന്ന്യാസിനിമാർ ചെയ്യുന്നത്. ഇതിനായി സെന്റ് ജോസഫ് സ്കൂൾ ഫോർ ദി ഡെഫ് ഇവർക്ക് ഉണ്ട്. ആംഗ്യഭാഷയിലൂടെയും മറ്റും കുട്ടികളെ അവരുടെ കാര്യങ്ങൾ പങ്കുവയ്ക്കാനും പറയാനും പഠിപ്പിക്കുന്നു.

വെറുമൊരു സ്കൂൾ വിദ്യാഭ്യാസത്തിൽ ഒതുങ്ങാതെ, വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തയ്യൽ, കൃഷി, കരകൗശല നിർമ്മാണം, കമ്പ്യൂട്ടർ സാങ്കേതികവിദ്യ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകളിൽ പരിശീലനം നൽകുന്നു. ഇത്തരം പരിശീലനത്തിലൂടെ അവർക്കു ജീവിതത്തിൽ ഒരു വരുമാന സ്രോതസ് ഉണ്ടാക്കി നൽകുകയാണ് ഈ സന്ന്യാസിനിമാർ. വിവിധ മേഖലകളിൽ പരിശീലനം നേടുന്ന വിദ്യാർഥികൾ അവരുടേതായ തൊഴിൽ മേഖലകളിൽ പ്രാഗൽഭ്യം തെളിയിക്കുന്നു ഉണ്ടെന്നും ഈ സന്ന്യാസിനിമാർ സാക്ഷ്യപ്പെടുത്തുന്നു.

ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നു

സ്വന്തമായി ഒരു വരുമാനമാർഗം കണ്ടെത്തുക എന്നത് ശ്രവണശേഷി വൈകല്യമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒന്നാണ്. അതിനാൽ തന്നെ എവിടെ എത്തുന്ന കുട്ടികൾക്ക് എല്ലാം ഒരു വരുമാന മാർഗത്തിനുള്ള വക ഉണ്ടാക്കി കൊടുക്കുക എന്നതും ഈ സന്ന്യാസിനിമാരുടെ ലക്‌ഷ്യം ആണ്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്നതിനൊപ്പം, തങ്ങളും സമൂഹത്തിന്റെ പ്രധാന ഭാഗമാണെന്ന ഉറച്ച ബോധം ഈ കുട്ടികളിൽ വളർത്തിയെടുക്കാൻ സന്ന്യാസിനിമാരുടെ കരുതലിന് സാധിക്കുന്നു.

അവികസിത പ്രദേശങ്ങളിൽ സൗകര്യങ്ങളുടെ പരിമിതികളോട് പോരാടി, വാക്കുകൾക്കതീതമായ സ്നേഹത്തിലൂടെയും ആംഗ്യഭാഷയിലൂടെയും തങ്ങളുടെ ദൗത്യം തുടരുന്ന ബാപ്റ്റിസ്റ്റൈൻ സിസ്റ്റേഴ്‌സ്, ആഫ്രിക്കയിലെ ഭിന്നശേഷിക്കാരായ പുതിയ തലമുറയുടെ ഭാവി തന്നെയാണ് തിരുത്തിയെഴുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.