
ഉക്രൈനിലെ ഗർഭസ്ഥശിശുക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സാന്ത്വന പരിചരണം നൽകി സി. ജ്യുസ്തീന ഓൾഹ ഹോളുബെറ്റ്സ്. സെർവന്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനീസമൂഹാംഗമായ സി. ഹോളുബെറ്റ്സ് 2025 ലെ ‘ഗാർഡിയൻ ഓഫ് ലൈഫ്’ അവാർഡിന് അർഹയായിരുന്നു.
“സഭ ഗർഭഛിദ്രം നടത്തരുത് എന്ന് പറയുന്നത് എന്നെ എപ്പോഴും സ്പർശിച്ചിട്ടുണ്ട്. എന്നാൽ, കുഞ്ഞിനെ ഒരമ്മ യഥാർഥത്തിൽ ഒറ്റയ്ക്കാണ് വഹിക്കുന്നത്. ഈ സാഹചര്യത്തിൽ അമ്മമാരുമായി കൂടുതൽ അടുത്തിടപഴകണം. ഗർഭഛിദ്രം നടത്തരുത് എന്ന് പറഞ്ഞാൽ മാത്രം പോരാ, അവസാനം വരെ നമ്മൾ അവർക്ക് പിന്തുണ നൽകണം” പെരിനാറ്റൽ ഹോസ്പിസ് – ഇംപ്രിന്റ് ഓഫ് ലൈഫിന്റെ’ പ്രസിഡന്റായ സി. ഹോളുബെറ്റ്സ് പറഞ്ഞു.
ഗർഭപാത്രത്തിലായിരിക്കെ ഗുരുതരമായ രോഗങ്ങൾ നേരിടുന്ന മാതാപിതാക്കൾക്ക് പരിചരണം നൽകുന്നതിനായി 2017 ൽ സ്ഥാപിതമായ ഉക്രൈനിലെ സംഘടനയാണ് ‘പെരിനാറ്റൽ ഹോസ്പിസ് – ഇംപ്രിന്റ് ഓഫ് ലൈഫ്.’
2013- ൽ യാദൃച്ഛികമായാണ് ഹോളുബെറ്റ്സ് പ്രസവചികിത്സ ആരംഭിക്കുന്നത്. റോമിൽ ബിരുദാനന്തര ബിരുദ പഠനത്തിനുശേഷം അവർ ഉക്രൈനിൽ എത്തി ഒരു ക്ലിനിക്കിൽ ജോലി ചെയ്യുന്നതിനിടയിൽ, ഗർഭസ്ഥശിശുവിന് മാരകമായ രോഗം സ്ഥിരീകരിച്ച ഒരു അമ്മയെ കണ്ടുമുട്ടാൻ ഇടയായി. തന്റെ കുഞ്ഞിനെ ഗർഭത്തിൽ വച്ചുതന്നെ കൊന്നുകളയാൻ ആഗ്രഹിക്കാതിരുന്ന ആ സ്ത്രീക്ക് കുഞ്ഞിനെ പ്രസവിക്കാനുള്ള അവളുടെ തീരുമാനത്തിൽ പിന്തുണനൽകാൻ ആരുമില്ലായിരുന്നു. ഈ അവസ്ഥയിൽ അവരെ കൂടുതൽ പിന്തുണയ്ക്കാൻ സി. ഹോളുബെറ്റ്‌സിനു കഴിഞ്ഞു. 2017 ആയപ്പോഴേക്കും സി. ഹോളുബെറ്റ്സും സഹകാരികളും ചേർന്ന് സമാനമായ സാഹചര്യങ്ങളിൽ ക്ലേശിക്കുന്ന കുടുംബങ്ങൾക്കുവേണ്ടി ലാഭേച്ഛയില്ലാതെ സാന്ത്വനപരിചരണം നൽകുക എന്ന ലക്ഷ്യത്തോടെ ‘പെരിനാറ്റൽ ഹോസ്പിസ് – ഇംപ്രിന്റ് ഓഫ് ലൈഫ്’ ആരംഭിച്ചു.




