
നൂറ്റാണ്ടുകൾക്കു മുൻപ് എഴുതപ്പെട്ട പ്രശസ്തമായ ഒരു കത്തോലിക്കാ ഗ്രന്ഥത്തിന്റെ അടർന്നുപോയ താളുകൾ വർഷങ്ങൾ നീണ്ട ചരിത്ര ഗവേഷണങ്ങൾക്കൊടുവിൽ വീണ്ടും കൂട്ടിയോജിപ്പിച്ച് ഇംഗ്ലീഷ് ചരിത്രകാരന്മാർ. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിക്കോളാസ് ലവ് (Nicholas Love) എന്ന സന്ന്യാസി പരിഭാഷപ്പെടുത്തിയ ‘ദി മിറർ ഓഫ് ദി ബ്ലെസ്ഡ് ലൈഫ് ഓഫ് ജീസസ് ക്രൈസ്റ്റ്’ എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ നഷ്ടപ്പെട്ട ആറ് താളുകളാണ് ഗവേഷകർ വീണ്ടെടുത്തത്.
യുകെയിലെ സസെക്സ് സർവകലാശാലയിലെ ഡോ. കാറ്റി വാൾട്ടറും കേംബ്രിഡ്ജ് സർവകലാശാലയിലെ ഡോ. ജെയിംസ് വേഡും നടത്തിയ സംയുക്ത പഠനത്തിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ഈ ഗ്രന്ഥത്തിന്റെ അപൂർണ്ണമായ ഒരു അപൂർവ പകർപ്പ് അമേരിക്കയിലെ യേൽ സർവകലാശാലയിൽ (Yale University) സൂക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇതിന്റെ കാണാതായ ആറ് താളുകൾ യുകെയിലെ ഈസ്റ്റ് സസെക്സ് പബ്ലിക് റെക്കോർഡ് ഓഫീസിൽ (‘ദി കീപ്പ്’ ആർക്കൈവ്) നിന്നുമാണ് ഗവേഷകർ കണ്ടെത്തിയത്.
പതിനഞ്ചാം നൂറ്റാണ്ടിൽ സാധാരണക്കാർക്ക് യേശുക്രിസ്തുവിന്റെ ജീവിതത്തെയും സുവിശേഷങ്ങളെയും പറ്റി ലളിതമായി മനസ്സിലാക്കാൻ രൂപകൽപ്പന ചെയ്തതായിരുന്നു ഈ കത്തോലിക്കാ ഗ്രന്ഥം. ഇംഗ്ലണ്ടിലെ പ്രോട്ടസ്റ്റന്റ് നവീകരണ (Reformation) കാലഘട്ടത്തിൽ കത്തോലിക്കാ പുസ്തകങ്ങൾ നിരോധിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്ന സമയത്താണ് ഈ താളുകൾ ഗ്രന്ഥത്തിൽ നിന്ന് വേർപെട്ടുപോയത്. നവീകരണ കാലത്തെ ഭരണകൂട നിരോധനം ലംഘിച്ചുകൊണ്ട് സർ ജോൺ ഗേജ് എന്ന കത്തോലിക്കാ പ്രഭു ഈ വിശുദ്ധ താളുകൾ ആരുമറിയാതെ രഹസ്യമായി സംരക്ഷിച്ചുപോന്നതാണെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.
ഇംഗ്ലണ്ടിലെ കത്തോലിക്കാ ആത്മീയ പാരമ്പര്യത്തിന്റെയും പുസ്തക ചരിത്രത്തിന്റെയും വേരുകൾ കണ്ടെത്തുന്നതിൽ ഈ കണ്ടെത്തൽ വലിയൊരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.




