
സമാധാനത്തോടുള്ള വിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധത ആവർത്തിച്ചു പറഞ്ഞുകൊണ്ട് ലോകത്തു നടക്കുന്ന യുദ്ധങ്ങളും സായുധപോരാട്ടങ്ങളും അവസാനിപ്പിക്കാൻ ഓർമ്മപ്പെടുത്തി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ. ഉക്രൈനിലെ ഇസ്താംബുൾ ഉച്ചകോടിക്കുശേഷം, കർദിനാൾ പരോളിൻ തുടർച്ചയായ അക്രമത്തിലും പോരാട്ടങ്ങളിലും ആശങ്ക പ്രകടിപ്പിച്ചു. മാത്രമല്ല, സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടരാനുള്ള ദൃഢനിശ്ചയവും പ്രകടിപ്പിച്ചു. ആഴമേറിയതും മാന്യവും ഗൗരവമേറിയതുമായ സംഭാഷണങ്ങളിൽ നിന്നാണ് യഥാർഥ സമാധാനം ഉടലെടുക്കുന്നത്. ആയുധങ്ങളാൽ പരിപാലിക്കപ്പെടുന്ന ദുർബലമായ സന്തുലിതാവസ്ഥയ്ക്കു പകരം അന്താരാഷ്ട്ര നിയമം, നീതി, സ്വാതന്ത്ര്യം എന്നിവയുടെ ഉറച്ച തത്വങ്ങളിൽ സമാധാനം സ്ഥാപിക്കപ്പെടണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
യൂറോപ്പിന്റെ വർധിച്ചുവരുന്ന സൈനിക ചെലവുകളെ അഭിസംബോധന ചെയ്തുകൊണ്ട് കർദിനാൾ പരോളിൻ മുന്നറിയിപ്പ് നൽകി. അമിതമായ ആയുധശേഖരണം ആയുധമത്സരത്തിന് ആക്കം കൂട്ടുകയും ഭയം വളർത്തുകയും ചെയ്യും. സ്വയം പ്രതിരോധത്തിനുള്ള അവകാശം കേവലമല്ലെന്നും സംഘർഷത്തിന്റെ മൂലകാരണങ്ങൾ കുറയ്ക്കാനും ഇല്ലാതാക്കാനുമുള്ള കടമയും അതോടൊപ്പം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തിനായുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രതിബദ്ധത ഉദ്ധരിച്ചുകൊണ്ട്, സമാധാനചർച്ചകൾക്ക് ഇരിക്കാനും പ്രത്യാശ പുനഃസ്ഥാപിക്കാനും കർദിനാൾ പരോളിൻ ആഹ്വാനം ചെയ്തു.




