
ജൂൺ മാസത്തിൽ തെക്കൻ ടെക്സസിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥർ തടഞ്ഞുവച്ച കത്തോലിക്കാ സന്ന്യാസിനിയും നഴ്സുമായ സിസ്റ്റർ ലെത്തീസ്യ ഉഗ്ബോഅജ, തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതികരിച്ചു. ജൂലൈ 23 ന് നടന്ന വാർത്താസമ്മേളനത്തിൽ, തനിക്ക് ഇനി എന്താണ് സംഭവിക്കുകയെന്ന ഭയം ഇപ്പോഴുമുണ്ടെന്നും എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നുവെന്നും അവർ പറഞ്ഞു.
ജൂൺ 28 ന് ടെക്സസിലെ മക്കല്ലനിലുള്ള ‘ഔർ ലേഡി ഓഫ് സോറോസ്’ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കായി പോകുന്നതിനിടെ ഐസിഇ (ICE) ഉദ്യോഗസ്ഥർ തടഞ്ഞുവച്ച സംഭവം ഓർത്തെടുത്തുകൊണ്ട് അവർ പറഞ്ഞു: “ഞാൻ ഇത് തീരെ പ്രതീക്ഷിച്ചതല്ല. തികച്ചും സാധാരണമായ ഒരു ഞായറാഴ്ചയുടെ പ്രഭാതത്തിൽ, ആളുകൾ കർത്താവിനെ ആരാധിക്കാൻ കുർബാനയ്ക്ക് പോകാൻ തയ്യാറെടുക്കേണ്ട സമയത്ത്, ഞാൻ എണ്ണമറ്റ തവണ നടന്നുപോയിട്ടുള്ള അതേ തെരുവിൽ, സ്കൂളിന് തൊട്ടുമുന്നിൽ വച്ചാണ് ഇതെല്ലാം സംഭവിച്ചത്. അത് ഇന്നും എന്നെ വേദനിപ്പിക്കുന്നു. ആയുധധാരികളായ രണ്ട് ഉദ്യോഗസ്ഥരായിരുന്നു അവർ. എന്നാൽ, ഞാൻ നിരായുധയായ ഒരു സന്ന്യാസിനി ആയിരുന്നു. എന്റെ കൈയിൽ ജപമാലയും താക്കോലും ഫോണും മാത്രമാണ് ഉണ്ടായിരുന്നത്.”
ഭയവും വേദനയും തോന്നിയിട്ടും, താൻ ദൈവത്തിൽ ആശ്രയിക്കുന്നുവെന്ന് അവർ വെളിപ്പെടുത്തി. ‘ഡോട്ടേഴ്സ് ഓഫ് മേരി മദർ ഓഫ് മേഴ്സി’ സഭയിലെ അംഗവും സൗത്ത് ടെക്സസ് ഹെൽത്ത് സിസ്റ്റത്തിലെ രജിസ്റ്റർഡ് നഴ്സുമായ സി. ഉഗ്ബോഅജ, തനിക്ക് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും അനുവാദം തരുമോ എന്ന് ചോദിച്ചപ്പോൾ ഐസ് (ICE) ഉദ്യോഗസ്ഥർ “ഇല്ല” എന്നാണ് മറുപടി നൽകിയത് എന്ന് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ, അവരുടെ അഭിഭാഷകനായ കാര്‍ലോസ് ഗാർസിയ സി. ഉഗ്ബോഅജയുടെ ഇമിഗ്രേഷൻ പദവിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവച്ചു. 2019 ൽ ഒരു ഇമിഗ്രേഷൻ ജഡ്ജ് അവരുടെ അഭയാർഥി അപേക്ഷ തള്ളിക്കളഞ്ഞിരുന്നെങ്കിലും, നൈജീരിയയിലേക്ക് മടങ്ങിയാൽ പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി, ഐക്യരാഷ്ട്രസഭയുടെ ‘ടോർച്ചറിനെതിരെയുള്ള കൺവെൻഷൻ’ പ്രകാരം നാടുകടത്തലിൽ നിന്ന് സംരക്ഷണം നൽകിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഈ സംരക്ഷണം മൂലം അമേരിക്കൻ സർക്കാരിന് നിയമപരമായി അവരെ നൈജീരിയയിലേക്ക് നാടുകടത്താൻ കഴിയില്ലെങ്കിലും, ‘സാങ്കേതികമായി’ അവർ ഇപ്പോഴും ഒരു അന്തിമ നാടുകടത്തൽ ഉത്തരവിന് കീഴിലാണെന്നും ഗാർസിയ പറഞ്ഞു.
എന്നിരുന്നാലും, പത്തു വർഷത്തിലധികമായി തെക്കൻ ടെക്സസിൽ സേവനമനുഷ്ഠിക്കുന്ന ഈ സന്ന്യാസിനിക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ നിയമപരമായ അനുമതിയുണ്ടെന്നും ഇമിഗ്രേഷൻ അധികൃതരുമായുള്ള ഒരു അപ്പോയിന്റ്മെന്റും അവർ ഇതുവരെ മുടക്കിയിട്ടില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.




