മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിരോധന നിയമത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി കത്തോലിക്കാ സഭ

മഹാരാഷ്ട്രയിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യസർക്കാർ പ്രാബല്യത്തിലാക്കിയ പുതിയ മതപരിവർത്തന നിരോധന നിയമത്തിനെതിരെ (മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്) കോടതിയെ സമീപിക്കാൻ കത്തോലിക്കാ സഭയും വിവിധ മനുഷ്യാവകാശ സംഘടനകളും ഒരുങ്ങുന്നു. ഓഗസ്റ്റ് 28-നാണ് സംസ്ഥാനത്ത് വിവാദപരമായ ഈ നിയമം പ്രാബല്യത്തിൽ വന്നത്.

ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് പുതിയ നിയമമെന്ന് ചൂണ്ടിക്കാട്ടിയാണ് സഭയും സിവിൽ സൊസൈറ്റി സംഘടനകളും നിയമനടപടികൾക്ക് തയ്യാറെടുക്കുന്നത്. നിയമം പ്രാബല്യത്തിലായതോടെ, പ്രാർഥനയിലൂടെയും നിയമവഴിയിലൂടെയും ഇതിനെ പ്രതിരോധിക്കാനാണ് സഭയുടെ തീരുമാനം. നാഗ്പൂർ ആർച്ച് ബിഷപ്പ് ഏലിയാസ് ഗോൺസാൽവസ് തന്റെ അതിരൂപതയിൽ ഉള്ള എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രത്യേക പ്രാർഥന ചൊല്ലാൻ നിർദേശം നൽകിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയിൽ പ്രതീക്ഷയുണ്ടെന്നും അടുത്ത നടപടി കോടതിയെ സമീപിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനയുടെ 19, 21, 25 എന്നീ വകുപ്പുകൾ നൽകുന്ന മതസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും നിയമം ഹനിക്കുന്നുവെന്ന് വെസ്റ്റേൺ റീജിയൻ ബിഷപ്പ്സ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. വ്യക്തിഗത വിശ്വാസം, വിവാഹം, വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ എന്നിവയിൽ സർക്കാരിന്റെ അനാവശ്യ നിരീക്ഷണത്തിന് നിയമം വഴിതുറക്കുന്നുവെന്ന് ബോംബെയിലെ കത്തോലിക്കാ സമൂഹവും ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.