നേപ്പാളിൽ നിന്നൊരു കണ്ണീർകാഴ്ച: മകനെ തേടി രണ്ടായിരം രൂപയുമായി ഒരു പിതാവ്

മകന്റെ ജീവനറ്റ ശരീരമെങ്കിലും ഒന്നു കാണാൻ കൈയിൽ വെറും 13 ഡോളറുമായി ദിവസങ്ങളോളം മലനിരകൾ താണ്ടിയ ഒരു അച്ഛന്റെ യാത്ര ലോകത്തിന്റെ നൊമ്പരമാവുകയാണ്. നേപ്പാളിൽ അടുത്തിടെയുണ്ടായ പ്രളയത്തിൽ കാണാതായ 19 കാരനായ മകൻ വിനോദിനെ തേടി സപ്താരിയിൽ നിന്നും കാൽനടയായി യാത്ര തിരിച്ച താള സദ എന്ന പിതാവിന്റെ ജീവിതം നേപ്പാൾ ദുരന്തത്തിന്റെ കണ്ണീരോർമ്മയായി അവശേഷിക്കുകയാണ്.

നേപ്പാളിലെ തെക്കൻ സമതല പ്രദേശമായ സപ്താരിയിൽ നിന്നുള്ള മധേഷി സമൂഹത്തിൽപെട്ടയാളാണ് താള സദ. ദിവസക്കൂലിക്ക് പണിയെടുക്കുന്ന വിനോദ്, പ്രളയത്തിന് ഒരു മാസം മുമ്പാണ് വടക്കൻ നേപ്പാളിലെ റസുവ ജില്ലയിലുള്ള ഒരു ജലവൈദ്യുതപദ്ധതിയിൽ ജോലിക്കായി എത്തിയത്. എന്നാൽ ഓഗസ്റ്റ് 26 ന് ഭോടെ കോശി നദിയിലുണ്ടായ മിന്നൽപ്രളയത്തിൽ പെട്ട് വിനോദിനെയും ഒപ്പം ജോലി ചെയ്തിരുന്ന മറ്റ് നാല് യുവാക്കളെയും കാണാതാവുകയായിരുന്നു.

കടം വാങ്ങിയ പണവുമായി ഒരു ദുരിതയാത്ര

തളർന്ന കാലുകളും ആഴത്തിലുള്ള ചുളിവുകൾ വീണ മുഖവുമായി സദ നടക്കുന്നത് തന്റെ ജീവനായ മകനെ കണ്ടെത്താനാണ്. കീറിയ വെള്ളക്കുപ്പായവും കറുത്ത പാന്റും ധരിച്ച അദ്ദേഹം മഴ നനയാതിരിക്കാൻ ഒരു ഓറഞ്ച് പ്ലാസ്റ്റിക് കവർ മഴക്കോട്ട് പോലെ ശരീരത്തിട്ടിരിക്കുന്നു; കൂടെ അദ്ദേഹത്തിന്റെ സഹോദരനുമുണ്ട്.

മകനെ കണ്ടെത്താനായുള്ള നെട്ടോട്ടങ്ങൾക്കിടയിൽ കീറിയ തൂവാലയിൽ പൊതിഞ്ഞ് അദ്ദേഹം സൂക്ഷിച്ചിരിക്കുന്നത് രണ്ടായിരത്തിടുത്ത് തുകയാണ്. “ഈ പണം പോലും ഞാൻ കടം വാങ്ങിയതാണ്. നൂറു രൂപയ്ക്ക് ഇരുപത് രൂപ പലിശ നൽകണം,” സദ കണ്ണീരോടെ പറയുന്നു. കടം വാങ്ങിയ ഈ പണവുമായിട്ടാണ് അവർ സപ്താരിയിൽ നിന്നും തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് ഒൻപതു മണിക്കൂർ നീണ്ട ബസ് യാത്ര നടത്തിയത്.

കാഠ്മണ്ഡുവിൽ എത്തിയ ശേഷം ആശുപത്രികൾ തോറും കയറിയിറങ്ങി അവർ മകനെ അന്വേഷിച്ചു. ജീവിച്ചിരിപ്പുള്ളവരുടെ പട്ടികയിലും മരിച്ചവരുടെ ചിത്രങ്ങൾക്കിടയിലും അവർ മകനെ പരതി. മോർച്ചറികൾക്കു മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലായിരുന്നു. എങ്കിലും എവിടെയും വിനോദിന്റെ ഫോട്ടോയോ, വിവരങ്ങളോ ഉണ്ടായിരുന്നില്ല. തുടർന്ന് ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്ന നുവാകോട്ടിലേക്ക് അവർ കാൽനടയായി യാത്ര തുടർന്നു. പണം തീർന്നുപോകുമെന്ന ഭയത്തിനിടയിലും ഒരു നിമിഷം പോലും വിശ്രമിക്കാതെ അവർ മുന്നോട്ടുപോയി.

അവഗണനയുടെയും ജാതീയതയുടെയും വേദന

തങ്ങളെപ്പോലെയുള്ള പാവപ്പെട്ട മധേഷി ജനങ്ങളെ അധികാരികൾ അവഗണിക്കുകയാണെന്ന് സദ ആരോപിക്കുന്നു. നേപ്പാളി ഭാഷ നന്നായി സംസാരിക്കാൻ അറിയാത്തതുകൊണ്ടും, മുഷാർ എന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽപെട്ടതായതുകൊണ്ടുമാണ് ഉദ്യോഗസ്ഥർ തങ്ങളെ അകറ്റിനിർത്തുന്നതെന്ന് അദ്ദേഹം സങ്കടത്തോടെ പറയുന്നു. “ഞങ്ങൾ പാവങ്ങളാണ്. അവർ ഞങ്ങളെ മധേഷികളായും ബിഹാരികളായും കാണുന്നു. ഒരു മൃതദേഹമാണെങ്കിൽ പോലും അത് കാണാൻ ഞങ്ങൾക്ക് അവകാശമില്ലേ?” സദ തേങ്ങിക്കരയുന്നു.

മകൻ ഇപ്പോഴും ജീവനോടെയുണ്ടാകുമെന്ന നേരിയ പ്രതീക്ഷയും, മരിച്ചെങ്കിൽ ഒരു നോക്ക് കാണണമെന്ന വാശിയുമാണ് ഈ പിതാവിനെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ മറുഭാഗത്ത്, ഭാര്യയുടെ നിലവിളിയും കുടുംബത്തിന്റെ ദു:ഖവും അദ്ദേഹത്തിന്റെ മനസ്സിനെ കൂടുതൽ തകർക്കുന്നു. “എന്റെ മകൻ ചെറുപ്പമാണ്, ചുറുചുറുക്കുള്ളവനാണ്, അവൻ എവിടെയെങ്കിലും നടന്നുപോയിട്ടുണ്ടാകും…” എന്ന് ഒരു നിമിഷം പ്രതീക്ഷയോടെ പറയുന്ന ആ പിതാവ്, അടുത്ത നിമിഷം കടുത്ത നിസ്സഹായതയോടെ തലതാഴ്ത്തുന്നു.

ആരും സഹായിച്ചില്ലെങ്കിൽ തങ്ങൾ ഈ പൊലീസ് സ്റ്റേഷന് തീയിടുമെന്ന് രോഷത്തോടെ പറയുമ്പോഴും, മകനെ കണ്ടെത്താനുള്ള അവസാനത്തെ പിടിവള്ളിയും തേടി ആ പിതാവ് വീണ്ടും നടന്നുതുടങ്ങുകയാണ്; നെഞ്ചിൽ തീക്കനലുകൾ എരിഞ്ഞടങ്ങാത്ത വേദനയുമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.