കൊല്ലപ്പെട്ട കത്തോലിക്കാ വൈദികനെ ദേശീയ നായക പുരസ്കാരത്തിന് നാമനിർദേശം ചെയ്ത് കെനിയ

കെനിയയിൽ കൊല്ലപ്പെട്ട കത്തോലിക്കാ വൈദികൻ ഫാ. അലോയിസ് ചെറുയോട്ട് ബെറ്റിനെ രാജ്യത്തെ പരമോന്നത ദേശീയ നായക പദവിയിലേക്ക് (National Heroes Status) നാമനിർദേശം ചെയ്തു. ഒക്ടോബർ 20-ന് ആഘോഷിക്കുന്ന കെനിയയുടെ ദേശീയ നായക ദിനമായ ‘മഷുജാ ദിന’ത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തെ ആദരിക്കുന്നത്.

എൽഡോറെറ്റ് രൂപതയിലെ ടോട്ട് ഇടവക വികാരിയായിരുന്ന ഫാദർ അലോയിസ്, വടക്കുപടിഞ്ഞാറൻ കെനിയയിലെ കെരിയോ വാലിയിൽ വിശുദ്ധ കുർബാനയും പ്രാർഥനകളും കഴിഞ്ഞ് മടങ്ങവെ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. സംഘർഷഭരിതമായ ഈ പ്രദേശത്ത് സമാധാനത്തിനും സൗഹാർദത്തിനുമായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മൂലമാണ് ആക്രമികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അദ്ദേഹത്തിൻറെ ഈ നിസ്വാർഥസേവനങ്ങളാണ് ഈ ആദരവിന് അർഹനാക്കിയത്.

മേഖലയിൽ ഇടയന്മാർ തമ്മിലുള്ള തർക്കങ്ങളും മോഷണങ്ങളും കാരണം അക്രമങ്ങൾ പതിവായിരുന്ന സമയത്തും, ജനങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാനും ആത്മീയ പിന്തുണ നൽകാനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. സുവിശേഷ പ്രചാരണത്തിനും സാമൂഹിക സേവനത്തിനും പുറമെ സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ രാജ്യം അർഹിക്കുന്ന രീതിയിൽ ആദരിക്കുകയാണ് ഈ നാമനിർദേശത്തിലൂടെ.

കെനിയൻ ഭരണഘടന അനുസരിച്ച്, സ്വാതന്ത്ര്യസമര സേനാനികൾക്ക് പുറമെ രാജ്യത്തിന്റെ വളർച്ചയ്ക്കും സമാധാനത്തിനും അസാധാരണമായ സംഭാവനകൾ നൽകിയ വ്യക്തികളെയാണ് ‘മഷുജാ ദിന’ത്തിൽ ദേശീയ നായകന്മാരായി പ്രഖ്യാപിക്കുന്നത്. ഫാദർ അലോയിസിന് നൽകുന്ന ഈ ആദരം കെനിയയിലെ കത്തോലിക്കാ സഭയ്ക്കും പ്രാദേശിക സമൂഹത്തിനും വലിയ അഭിമാനവും ആശ്വാസവുമാണ് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.