
ലെയോ പതിനാലാമൻ മാർപാപ്പയുടെ അർജന്റീന സന്ദർശനത്തോടനുബന്ധിച്ച് വോളന്റിയർമാരാകാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രീ-രജിസ്ട്രേഷൻ നടപടികൾ സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച മുതൽ ആരംഭിച്ചു. നവംബർ എട്ട് മുതൽ 11 വരെ നടക്കുന്ന ചരിത്രപരമായ ഈ സന്ദർശനത്തിൽ ബ്യൂണസ് ഐറസ്, കോർഡോബ, ലുജാൻ എന്നീ നഗരങ്ങൾ പാപ്പ സന്ദർശിക്കും.
ലെയോ പതിനാലാമൻ മാർപാപ്പയുടെ ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ (Magnifica humanitas) എന്ന ചാക്രികലേഖനത്തിലെ വരികളിൽ നിന്നാണ് ഈ വോളന്റിയർ ആഹ്വാനം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത് – “പൊതുനന്മയ്ക്കായി സ്വയം സമർപ്പിക്കാൻ നാം ഭയപ്പെടരുത്; ദൈവത്തെ നമ്മുടെ ലക്ഷ്യമാക്കിയും ഓരോ വ്യക്തിയെയും നമ്മുടെ തീരുമാനങ്ങളുടെ കേന്ദ്രബിന്ദുവാക്കിയും മുന്നേറാം.” അർജന്റീനിയൻ പൗരന്മാർക്കോ, അർജന്റീനയിൽ സ്ഥിരതാമസ അനുമതിയുള്ളവർക്കോ മാത്രമാണ് വോളന്റിയർ ആകാൻ അവസരമുള്ളത്.
അപേക്ഷകർ 2026 ഒക്ടോബർ എട്ടോടെ 18 നും 65 നുമിടയിൽ പ്രായമുള്ളവരായിരിക്കണം. 2026 ഒക്ടോബർ എട്ടാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പ്രീ-രജിസ്ട്രേഷൻ നടത്തുന്നതുകൊണ്ടു മാത്രം ഒരാൾക്ക് സേവനചുമതല നേരിട്ട് ലഭിക്കില്ല. സംഘാടകരുടെ ആവശ്യകത, അപേക്ഷകന്റെ വ്യക്തിഗത വിവരം, ലഭ്യത എന്നിവ കണക്കിലെടുത്തായിരിക്കും ഓരോ വിഭാഗത്തിലേക്കും ആളുകളെ നിയോഗിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലന ക്ലാസുകളിൽ നിർബന്ധമായും പങ്കെടുത്തിരിക്കണം. ചില പ്രത്യേക സേവനങ്ങൾക്കായി പ്രധാന പരിപാടിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ലഭ്യമാകേണ്ടിവരും.




