സംഗീതം ദൈവത്തിലേക്കുള്ള വഴി: ‘ബോർഗോ ലൗദാത്തോ സീ’ ഉദ്യാനത്തിലെ സംഗീതസംഗമത്തിൽ മാർപാപ്പ

​അരുവിയിലൂടെ യാത്ര ചെയ്താൽ അതിന്റെ ഉറവയിലെത്തുന്നതു പോലെ, സംഗീതത്തിന്റെ സൗന്ദര്യം നമ്മെ ദൈവത്തിലേക്ക് നയിക്കുമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. കാസിൽ ഗാൻഡോൾഫോയിലെ ‘ബോർഗോ ലൗദാത്തോ സി’ ഉദ്യാനത്തിൽ സംഘടിപ്പിച്ച ‘സമാധാനത്തിന്റെ ഗീതം’ (Canticle of Peace) എന്ന പ്രാർഥനാസംഗമത്തിൽ സംസാരിക്കുകയായിരുന്നു പാപ്പ.

പ്രശസ്ത ഗായകൻ അന്ത്രെയാ ബൊച്ചേല്ലി, വിശുദ്ധനാട്, ഉഗാണ്ട, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഗായകസംഘമായ ‘ABF വോയ്‌സസ്’ എന്നിവർക്കൊപ്പമാണ് മാർപാപ്പ പ്രാർഥനാസംഗമത്തിൽ പങ്കുചേർന്നത്. “ഈ ലോകത്തിന് തരാൻ കഴിയാത്ത അർഥത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ദാഹം ശമിപ്പിച്ച് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കാൻ സംഗീതത്തിന് കഴിയും” – ‘മെത്തുസെല’ എന്ന പുരാതന വൃക്ഷത്തണലിൽ നടന്ന ചടങ്ങിൽ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

വിശുദ്ധഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന മാലാഖമാരുടെയും വിശുദ്ധരുടെയും ഗായകസംഘത്തെ അനുസ്മരിച്ച പാപ്പ, അവർ എപ്പോഴും പാട്ടുപാടുകയല്ല ചെയ്യുന്നതെന്നും, മറിച്ച് ദൈവത്തെക്കുറിച്ചുള്ള അവരുടെ ചിന്തകളിൽ നിന്നാണ് സ്വർഗീയ ഐക്യം ഉണ്ടാകുന്നതെന്നും വ്യക്തമാക്കി.

യുദ്ധവും ദാരിദ്ര്യവും ദുരിതങ്ങളും നിറഞ്ഞ സാഹചര്യങ്ങളിൽ നിന്നു വന്ന്, സംഗീതത്താൽ ഒന്നിച്ച 164 കുട്ടികളും യുവാക്കളുമാണ് ഗായകസംഘത്തിൽ ഉണ്ടായിരുന്നത്. വ്യത്യസ്ത ശബ്ദങ്ങളെ ഒരൊറ്റ ഐക്യത്തിലേക്ക് കൊണ്ടുവരാൻ സംഗീതത്തിന് കഴിയുമെന്ന് അവരുടെ ആലപനവും വിവിധ ഭാഷകളിലുള്ള പ്രാർഥനയും തെളിയിച്ചതായി മാർപാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.