
സംഗീതം ജനങ്ങളുടെ സഹവർത്തിത്വത്തിന് സഹായകരമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഫെബ്രുവരി 11 ന് പ്രതിവർഷം കൊണ്ടാടുന്ന ഇറ്റാലിയൻ സംഗീതോത്സവമായ സാൻറെമോ ഫെസ്റ്റിവലിൽ റെക്കോർഡ് ചെയ്ത സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം ഓർമ്മപ്പെടുത്തിയത്.
“എല്ലാ ജനങ്ങളും വ്യത്യസ്ത രീതിയിൽ സംസാരിക്കുന്ന ഒരു ഭാഷയാണ് സംഗീതം. അത് എല്ലാവരുടെയും ഹൃദയത്തിൽ എത്തിച്ചേരുന്നു. അത് ജനങ്ങളുടെ സഹവർത്തിത്വത്തിന് സഹായകരമാണ്” -മാർപാപ്പ ഉദ്ബോധിപ്പിച്ചു. മാർപാപ്പയുടെ സന്ദേശത്തെ തുടർന്ന് വിവിധ ഭാഷകളിൽ വ്യത്യസ്ത രാഗങ്ങളിലും വേദിയിൽ പാട്ടുകൾ പാടി.
ലോകമെമ്പാടും നടമാടുന്ന സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ഇരകളാകുന്ന കുട്ടികൾക്ക് ഇനി ജീവിതത്തെക്കുറിച്ച് പാടാനാകില്ലെന്ന് അനുസ്മരിപ്പിച്ചുകൊണ്ട് നീതിയുക്തവും സാഹോദര്യപരവുമായ ഒരു ലോകത്തിനായി പ്രതിജ്ഞാബദ്ധരാകാനും മാർപാപ്പ ഓർമ്മപ്പെടുത്തി.




