
ലെയോ പതിനാലാമൻ പാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി മൊസാംബിക് ബിഷപ്പുമാർ. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, ബിഷപ്പ് ഒസോറിയോ അഫോൻസോയുടെ കൊലപാതകം സഭയ്ക്കും രാജ്യത്തിനും സത്യത്തിന്റെയും അനുരഞ്ജനത്തിന്റെയും നവീകരണത്തിന്റെയും പാതയായി മാറണമെന്ന് ബിഷപ്പുമാർ പറഞ്ഞു. “ഞങ്ങളുടെ കൂടിക്കാഴ്ചയിൽ, മൊസാംബിക്കിൽ ഞങ്ങൾ ജീവിക്കുന്ന യാഥാർഥ്യത്തെക്കുറിച്ച് പാപ്പ എത്രമാത്രം വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമായി” – ബിഷപ്പുമാർ വ്യക്തമാക്കി.
ജൂൺ ആറിന് രാവിലെ ബിഷപ്പ് ഒസോറിയോ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതു മുതൽ മൊസാംബിക്കിലെ സഭ വലിയ ദുഃഖത്തിലും ആശങ്കയിലുമാണ് ജീവിക്കുന്നത്. ക്വിലിമാനെ (Quelimane) രൂപതയിലെ സാഹചര്യം നിരീക്ഷിക്കുന്നതിനായി എപ്പിസ്കോപ്പൽ കോൺഫറൻസ്, ആൾട്ടോ മോളോക്യൂവിലെ (Alto Molócuè) ബിഷപ്പ് എസ്തേവാവോ ആഞ്ചലോ ഫെർണാണ്ടോയെ തങ്ങളുടെ പ്രതിനിധിയായി നിയമിച്ചു.
ബിഷപ്പിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായി ഇപ്പോഴും വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ അറിയാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് ഇനാസിയോ സൗറെ പറഞ്ഞു. “ബിഷപ്പിനു നേരെ സാധാരണ കൈത്തോക്കല്ല, മറിച്ച് യുദ്ധങ്ങളിൽ ഉപയോഗിക്കുന്ന വലിയ തോക്കാണ് ഉപയോഗിച്ചതെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്” – അദ്ദേഹം പറഞ്ഞു.




