
ലോകം വിജയം അളക്കുന്നത് സമ്പത്തിലും പ്രശസ്തിയിലും അധികാരത്തിലും നേടിയെടുക്കുന്ന നേട്ടങ്ങളിലുമാണ്. എന്നാൽ, ഡൊമിനോസ് പിസ്സയുടെ സ്ഥാപകനായ ടോം മൊണാഗന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു, യഥാർഥ വിജയം എത്ര സമ്പാദിച്ചു എന്നതിലല്ല, മറിച്ച് ആരെ ആരാധിക്കുന്നു എന്നതിലാണ് കുടികൊള്ളുന്നതെന്ന്.
വിപുലമായ സാമ്പത്തിക വിജയം കൈവരിച്ചതിനു ശേഷം, ടോം മൊണാഗൻ തന്റെ ജീവിതത്തിൽ നിർണായകമായ ഒരു തീരുമാനമെടുത്തു. കൂടുതൽ സമ്പത്ത് സമ്പാദിക്കുന്നതിനു പകരം അദ്ദേഹം ക്രിസ്തുവിനെ തന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി. അദ്ദേഹത്തിന്റെ ഹൃദയവിശ്വാസം ഇപ്രകാരമായിരുന്നു: “എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് പരിശുദ്ധ കുർബാനയാണ്; മറ്റെല്ലാം അതിനു ശേഷം മാത്രമേ വരുന്നുള്ളൂ.” ഇതാണ് സുവിശേഷത്തിന്റെ ജ്ഞാനം.
ഈശോ പറയുന്നു: “ആദ്യം ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിൻ; അപ്പോൾ ഇവയെല്ലാം നിങ്ങൾക്ക് കൂടെ ലഭിക്കും” (മത്തായി 6:33). പരിശുദ്ധ കുർബാന ക്രൈസ്തവജീവിതത്തിലെ വെറുമൊരു ഭക്താനുഷ്ഠാനമല്ല; അത് നമ്മുടെ വിശ്വാസജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയുമാണ്. ഓരോ വിശുദ്ധ കുർബാനയിലും നമ്മുടെ യഥാർഥ നിധി ഭൂമിയിലെ സമ്പത്തല്ല, ജീവിക്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യമാണെന്ന് നാം തിരിച്ചറിയുന്നു.
ഓരോ വിശുദ്ധ കുർബാനയിലും ഈശോ തന്റെ ശരീരവും രക്തവും നമുക്കായി പൂർണ്ണമായി സമർപ്പിക്കുന്നു. അവിടുന്ന് നമുക്കു നൽകുന്നത് സമ്പത്തോ, പ്രശസ്തിയോ, സൗകര്യങ്ങളോ അല്ല; അവിടുത്തെ ജീവിതം തന്നെയാണ്. വിശ്വാസത്തോടെ അവിടുത്തെ സ്വീകരിക്കുന്നവർക്ക് ലോകസമ്പത്തിന് നൽകാനാവാത്ത സന്തോഷവും ലോകവിജയങ്ങൾക്ക് നൽകാനാവാത്ത സമാധാനവും ലഭിക്കുന്നു.
നമ്മുടെ ജീവിതത്തിലെ ദൈവദാനങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നു കൂടി പരിശുദ്ധ കുർബാന നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ കഴിവുകളും സമ്പത്തും തൊഴിലും സമയവും ദൈവമഹത്വത്തിനായി സമർപ്പിക്കപ്പെടുമ്പോൾ, അവ അനുഗ്രഹത്തിന്റെ ഉപകരണങ്ങളായി രൂപാന്തരപ്പെടുന്നു. അൾത്താരയിൽ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി രൂപാന്തരപ്പെടുന്നതു പോലെ, നമ്മുടെ ജീവിതവും കുർബാനയോടു ചേർന്ന് ദൈവരാജ്യത്തിന്റെ ശുശ്രൂഷയായി രൂപാന്തരപ്പെടുന്നു.
ടോം മൊണാഗന്റെ ജീവിതസാക്ഷ്യം നമ്മോടും ഒരു ചോദ്യം ഉന്നയിക്കുന്നു: എന്റെ ഹൃദയത്തിൽ ഒന്നാം സ്ഥാനം ആർക്കാണ്? പരിശുദ്ധ കുർബാനയാണോ എന്റെ ജീവിതത്തിന്റെ കേന്ദ്രം? അതോ അത് ഇടയ്ക്കിടെയുള്ള ഒരു ഭക്താനുഷ്ഠാനം മാത്രമായി അത് ചുരുങ്ങിയോ?
വിശുദ്ധി ആരംഭിക്കുന്നത് അൾത്താരയുടെ മുന്നിൽ നിന്നാണെന്നും, അത് കുടുംബത്തിലും തൊഴിലിടത്തിലും സമൂഹത്തിലും ജീവിതത്തിന്റെ സകല മേഖലകളിലും ജീവിക്കപ്പെടേണ്ടതാണെന്നും വിശുദ്ധന്മാർ നമ്മെ പഠിപ്പിക്കുന്നു. കുർബാനയിൽ നിന്ന് ശക്തിപ്രാപിക്കുന്ന ജീവിതം സ്നേഹത്തിന്റെയും സേവനത്തിന്റെയും സാക്ഷ്യത്തിന്റെയും ജീവിതമായി മാറുന്നു.
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം പരിശുദ്ധ കുർബാനയാകട്ടെ. ക്രിസ്തുവിനെ നമ്മുടെ ഏറ്റവും വലിയ നിധിയാക്കുമ്പോൾ, നിത്യജീവിതത്തിലേക്കു നയിക്കുന്ന ദൈവരാജ്യത്തിന്റെ സമ്പത്ത് നാം സ്വന്തമാക്കുന്നു.
ഫാ. ജയ്സൻ കുന്നേൽ MCBS




