
ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ വൈദികരേ, പ്രിയപ്പെട്ട സഹോദരങ്ങളേ,
സഭയുടെ ‘വളര്‍ച്ചയുടെ കാലം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൈത്താക്കാലത്തിലെ ആദ്യവാരത്തിലേക്ക് നാം ഇന്ന് പ്രവേശിച്ചിരിക്കുകയാണ്. ഏറെ പ്രത്യേകമായി ഈശോയുടെ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ തിരുനാള്‍, അഥവാ നൂസാര്‍ദേല്‍ തിരുനാള്‍ ആഘോഷിക്കുന്ന ഈ സുദിനത്തില്‍ തിരുനാളിന്റെ എല്ലാ മംഗളങ്ങളും സ്‌നേഹപൂര്‍വം നേരുന്നു.
കൈത്ത എന്ന സുറിയാനി വാക്കിന്റെ അര്‍ഥം ‘വേനല്‍’ എന്നാണ്. സഭയുടെ വിളവെടുപ്പുകാലമെന്നും ഇത് അറിയപ്പെടുന്നു. കൂദാശകളിലൂടെയും നമ്മള്‍ നടത്തുന്ന ഭക്താനുഷ്ടാനങ്ങളിലൂടെയും ആര്‍ജിച്ച സുകൃതങ്ങള്‍ ഫലമണിയേണ്ട സമയമാണിത്. അപ്പസ്‌തോലന്മാരിലൂടെയും രക്തസാക്ഷികളിലൂടെയും മിഷനറിമാരിലൂടെയും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു വ്യാപിച്ച സഭ, വിശുദ്ധിയുടെയും രക്തസാക്ഷിത്വത്തിന്റെയും ഫലങ്ങള്‍ കൊയ്തുതുടങ്ങിയതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ കാലഘട്ടം. കൂടാതെ, സഭയുടെ പ്രവര്‍ത്തനങ്ങളെയും രക്ഷകന്റെ രണ്ടാം വരവിനായി ഒരുങ്ങിക്കൊണ്ടിരിക്കേണ്ടതിന്റെ ആവശ്യകതയെയും ഈ കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കൈത്താക്കാലത്തിലെ വെള്ളിയാഴ്ചകളില്‍ സഭയെ സ്വന്തം രക്തത്താല്‍ നനച്ചുവളര്‍ത്തുകയും ധീരമായി ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയും ചെയ്ത വിശുദ്ധരെയും രക്തസാക്ഷികളെയും അനുസ്മരിക്കുന്നു. സഭയാകുന്ന തന്റെ കൃഷിസ്ഥലത്ത് നാമാകുന്ന തരുവില്‍ നിന്ന് ഈശോ ഫലങ്ങള്‍ അന്വേഷിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു: ”പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ദൈവത്തിന്റെ മക്കള്‍ സമൃദ്ധമായ ഫലം പുറപ്പെടുവിക്കാന്‍ കഴിവുള്ളവരാകുന്നു.” അലസതയകറ്റി ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സത്ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാകാന്‍ കൈത്താക്കാലം നമ്മെ ക്ഷണിക്കുന്നു.
ഇന്ന് സഭാമാതാവ് നമുക്ക് വിചിന്തനത്തിനായി നല്‍കുന്നത് വി. മത്തായിയുടെ സുവിശേഷം പത്താം അധ്യായം ഒന്ന് മുതല്‍ 15 വരെയുള്ള ഭാഗങ്ങളാണ്. ഈശോ തന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരെ സുവിശേഷപ്രഘോഷണത്തിനായി അയയ്ക്കുന്നു. ഈ തിരഞ്ഞെടുപ്പ് പഴനിയമത്തിന്റെ പൂര്‍ത്തീകരണവും പുതിയ ഇസ്രായേലിന്റെ ആരംഭവുമാണ്. ഇവിടെ 12 എന്ന സംഖ്യ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. ഉല്‍പത്തി പുസത്കം 35-ാം അധ്യായം 23 മുതല്‍ 29 വരെയുള്ള വാക്യങ്ങളില്‍, ദൈവം താന്‍ തിരഞ്ഞെടുത്ത യാക്കോബിന് പന്ത്രണ്ട് മക്കളെ നല്‍കി, അവരിലൂടെ ഇസ്രായേല്‍ ജനത്തെ വാര്‍ത്തെടുക്കുന്നതായി നാം കാണുന്നു. ഇവരിലൂടെ ദൈവത്തിന്റെ രക്ഷാപദ്ധതി ചരിത്രത്തില്‍ മുന്നേറുകയും അതിന്റെ പൂര്‍ണ്ണത ക്രിസ്തുവില്‍ കൈവരുകയും ചെയുന്നു. ഇതുപോലെ പൂതിയനിയമത്തിലും തന്റെ ഏകജാതന്‍ തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിലൂടെ ദൈവം പുതിയ ഇസ്രായേലായ സഭയെ പടുത്തുയര്‍ത്തി. അപ്പസ്‌തോലന്മാരും വിശുദ്ധരും തങ്ങളുടെ ജീവന്‍ ക്രിസ്തുവിനായി നല്‍കിയതിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന തിരുസഭ.
കൈത്താക്കാലത്തിന്റെ ചൈതന്യത്തോട് ചേര്‍ത്തുവായിക്കുമ്പോള്‍ ഇന്നത്തെ സുവിശേഷം അടിവരയിടുന്ന യാഥാര്‍ഥ്യമിതാണ്. വിളിച്ചവന്‍ അയയ്ക്കുകയും അയച്ചവന്‍ ഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ശ്ലീഹന്മാരെ വിളിച്ചതുപോലെ ഈശോ ഇന്നും തന്റെ സഭയിലെ മാമ്മോദീസ സ്വീകരിച്ച ഓരോരുത്തരെയും വിളിക്കുന്നു. അവരെപ്പോലെ തന്നെ നാമും ക്രിസ്തുവിന്റെ സാക്ഷികളാകണം. സുവിശേഷത്തിനനുസൃതമായ ജീവിതം നയിക്കണം.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ Lumen Gentium 17 നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ”അപ്പസ്‌തോലന്മാരെ അയച്ചതുപോലെ ക്രിസ്തു സഭയെയും എല്ലാ ജനതകളിലേക്കും അയയ്ക്കുന്നു.” ദൈവിക കല്‍പനകളനുസരിച്ച് ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതം തന്നെ ക്രിസ്തുവിനുള്ള സാക്ഷ്യമായി മാറുന്നു. അപ്പോഴാണ് നമുക്ക് ജീവിതം കൊണ്ട് അവിടുന്ന് ആഗ്രഹിക്കുന്ന ഫലം പുറപ്പെടുവിക്കാന്‍ കഴിയുന്നത്.
എന്തുകൊണ്ട് നാം ഫലം പുറപ്പെടുവിക്കുന്നവരാകണം? എന്തെന്നാല്‍ നമ്മള്‍ എല്ലാം ദാനമായി സ്വീകരിച്ചവരാണ്. നമ്മുടെ വിശ്വാസം, വിളി, കൂദാശകള്‍, തിരുസഭ, ആത്മീയജീവിതം ഇതെല്ലാം ദൈവം നമുക്ക് ദാനമായി നല്‍കിയവയാണ്. അതിനാല്‍ ദൈവദാനങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കാനും അവയുടെ ഫലം ജീവിതത്തില്‍ പ്രകടമാക്കാനും നാം കടപ്പെട്ടവരാണ്.
ഇവിടെയാണ് ഇന്നത്തെ രണ്ടാം വായനയായ ജോഷ്വായുടെ പുസ്തകം നാലാം അധ്യായം ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള വചനഭാഗം നമ്മെ സ്പര്‍ശിക്കേണ്ടത്. ദൈവത്തിന്റെ കല്‍പനപ്രകാരം ജോഷ്വാ യോര്‍ദാന്‍ കടന്നതിന്റെ സ്മരണയായി പന്ത്രണ്ട് കല്ലുകള്‍ കൊണ്ട് ഒരു സ്മാരകം സ്ഥാപിക്കുന്നു. അതൊരു ഓര്‍മ്മക്കല്ലാണ്. ദൈവം തന്റെ ജനത്തിനു വേണ്ടി ചെയ്ത മഹത്തായ കാര്യങ്ങളുടെ അടയാളം. നമ്മുടെ ജീവിതത്തിലും ഇത്തരത്തിലുള്ള ഓര്‍മ്മക്കല്ലുകള്‍ വേണം. ദൈവം നമ്മെ എവിടെയൊക്കെ കാത്തു, എങ്ങനെ നയിച്ചു, എത്ര തവണ താങ്ങിപ്പിടിച്ചു… ഈ അനുഗ്രഹങ്ങള്‍ മറക്കാതെ ജീവിക്കണം. വി. ജോണ്‍ ക്രിസോസ്റ്റം പറയുന്നു: ”ദൈവം നമുക്ക് ചെയ്ത നന്മകളെ മറക്കാതിരിക്കുക എന്നത് എല്ലാ നന്ദിയുടെയും അടിത്തറയാണ്.”
ഇസ്രായേല്‍ക്കാര്‍ അടിമത്തത്തില്‍ നിന്ന് വാഗ്ദത്തനാട്ടിലേക്ക് യാത്ര ചെയ്തതുപോലെ, നാമും ഈ ലോകത്തില്‍ നിന്ന് സ്വര്‍ഗരാജ്യത്തിലേക്കു സഞ്ചരിക്കുന്ന സഭാമക്കളാണ്. അവര്‍ യോര്‍ദാന്‍ കടന്നതുപോലെ നാം മാമ്മോദീസയിലൂടെയും ക്രിസ്തുവിന്റെ പെസഹായിലൂടെയും രക്ഷയുടെ വഴിയിലേക്കു കടന്നവരാണ്. ജോഷ്വാ പന്ത്രണ്ട് കല്ലുകള്‍ കൊണ്ട് സ്മാരകം പണിതതുപോലെ, പുതിയനിയമത്തില്‍ ക്രിസ്തു നമുക്കായി ചെയ്ത രക്ഷയുടെ സ്മാരകമായി പന്ത്രണ്ട് ശ്ലീഹന്മാരാല്‍ പണിയപ്പെട്ട തിരുസഭ നമുക്ക് ലഭിച്ചിരിക്കുന്നു.
ഈ യാത്രയുടെ അന്തിമലക്ഷ്യം എന്താണ്? അതിന് ഉത്തരം നല്‍കുന്നത് ഇന്നത്തെ മൂന്നാം വായനയായ വെളിപാട് 21: 9-21 ആണ്. അവിടെ വി. യോഹന്നാന്‍ നമ്മെ കാണിക്കുന്നത് സ്വര്‍ഗീയ ജെറുസലേമാണ്. ദൈവത്തോടൊപ്പമുള്ള നിത്യവാസഗേഹം. അതിന്റെ കവാടങ്ങളില്‍ ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെയും അടിസ്ഥാനങ്ങളില്‍ അപ്പസ്‌തോലന്മാരുടെയും പേരുകളുണ്ട്. ഇത് അദ്ഭുതകരമായ ഒരു ദൃശ്യമാണ്. പഴയനിയമത്തിലെ ദൈവജനവും പുതിയനിയമത്തിലെ ദൈവജനവും അവിടെ ഒന്നി ക്കുന്നു. അപ്പോള്‍ കൈത്താക്കാലം നമ്മോടു പറയുന്നത് വളരെ വ്യക്തമാണ്. ഫലം പുറപ്പെടുവിക്കുന്നവരുടെ ജീവിതം സ്വര്‍ഗീയ ജെറുസലേമിലേക്കാണ് നയിക്കുന്നത്. ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന ജീവിതം നയിച്ചവര്‍ക്കുള്ള പ്രതിഫലമാണ് നിത്യജീവന്‍.
മിശിഹായില്‍ പ്രിയപ്പെട്ടവരേ, കൈത്താക്കാലത്തിന്റെ തുടക്കത്തില്‍ തിരുസഭ നമ്മെ ഉണര്‍ത്തുകയാണ്. ശ്ലീഹന്മാരെപ്പോലെ സാക്ഷ്യം വഹിക്കാന്‍, ജോഷ്വായെപ്പോലെ ദൈവത്തിന്റെ പ്രവര്‍ത്തികളെ സ്മരിക്കാന്‍, സ്വര്‍ഗീയ ജെറുസലേമിനെ ലക്ഷ്യമാക്കി ജീവിക്കാന്‍ സഭ നമ്മെ ക്ഷണിക്കുന്നു. വൃക്ഷങ്ങളുടെ വേരിന് കോടാലി വയ്ക്കപ്പെട്ടുകഴിഞ്ഞു; നല്ല ഫലം നല്‍കാത്ത വൃക്ഷങ്ങള്‍ വെട്ടി തീയില്‍ എറിയപ്പെടും എന്ന വചനം നമ്മുടെ മനസ്സില്‍ നിലനില്‍ക്കട്ടെ. അതിനാല്‍, ഈ കൈത്താക്കാലത്തില്‍ നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ക്രിസ്തുവില്‍ നട്ടുവളര്‍ത്തപ്പെട്ട ഞാന്‍, അവിടുത്തേക്കായി എന്തു ഫലമാണ് പുറപ്പെടുവിക്കുന്നത്? അന്ത്യോഖ്യായിലെ വി. ഇഗ്‌നേഷ്യസ് പറയുന്നു: ”ക്രിസ്ത്യാനി എന്ന് വിളിക്കപ്പെടുന്നതിനേക്കാള്‍ ക്രിസ്ത്യാനിയായി ജീവിക്കുന്നതാണ് മഹത്തരം.” അതുകൊണ്ട് ശ്ലീഹന്മാരുടെ സാക്ഷ്യവും വിശുദ്ധരുടെ മാധ്യസ്ഥ്യവും നമ്മുടെ ജീവിതത്തെ പുതുക്കട്ടെ. സഭയാകുന്ന നൗകയെ ശരിയായ ദിശയിലേക്കു നയിക്കുന്ന പരിശുദ്ധാത്മാവ് നമ്മില്‍ നിറയ്ക്കട്ടെ. ക്രിസ്തുവില്‍ ചേര്‍ന്നുനില്‍ക്കുകയും സുവിശേഷത്തിനനുസൃതമായ ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ഒരുനാള്‍ സ്വര്‍ഗീയ ജെറുസലേമില്‍ പ്രവേശിക്കാന്‍ യോഗ്യരാകുകയും ചെയ്യുന്നതിനായി ഈ ബലിയില്‍ നമുക്ക് പ്രാര്‍ഥിക്കാം. മിശിഹാ നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.
ബ്രദര്‍ നിഖില്‍ മാത്യു OSB




