ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂലൈ 11

1973 ൽ വിക്ഷേപിച്ച നാസയുടെ സ്കൈലാബ് സ്പേസ് സ്റ്റേഷൻ തിരികെ ഭൂമിയിൽ പതിച്ചത് 1979 ജൂലൈ 11 നായിരുന്നു. അമേരിക്കയുടെ ആദ്യ ക്ര്യൂഡ് ഓർബിറ്റൽ ഔട്ട്പോസ്റ്റായിരുന്നു (Crewed Ortibal Outpost) സ്‌കൈലാബ്. 1978 ആയപ്പോഴേക്കും സ്കൈലാബിന്റെ ഭ്രമണപഥം പതിയെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് നാസ ശാസ്ത്രജ്ഞർ കണ്ടെത്തി. ഏതുനിമിഷവും ഭൂമിയിലെവിടെയും അത് പതിക്കാമെന്ന വാർത്തകൾ ലോകത്തെ പരിഭ്രാന്തിയിലാക്കി. സ്കൈലാബ് വീണുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അമേരിക്ക വൻതുക നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച അപകടങ്ങളൊന്നുമുണ്ടാക്കാതെ സ്പേസ് സ്റ്റേഷൻ സമുദ്രത്തിലാണ് പതിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ വടക്കുകിഴക്കൻ ഓസ്ട്രേലിയയോടു ചേർന്ന ഭാഗത്തായിരുന്നു അത്. ഇന്നും ഓസ്ട്രേലിയൻ മ്യൂസിയങ്ങളിൽ സ്കൈലാബിന്റെ അവശേഷിപ്പുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

മുംബൈ റെയിൽവേ നെറ്റ്വർക്കിൽ 189 ആളുകളുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനങ്ങൾ നടന്നത് 2006 ജൂലൈ 11 നായിരുന്നു. വൈകുന്നേരം 06.20 നായിരുന്നു ആദ്യസ്ഫോടനം. ചർച്ച് ഗേറ്റിൽ നിന്ന് ബോറിവാലിയിലേക്കു പോകുകയായിരുന്ന ട്രെയിനിലായിരുന്നു അത്. തുടർന്ന് 10 മിനിറ്റിനുള്ളിൽ വിവിധ ലോക്കൽ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിലായി ആറു സ്ഫോടനങ്ങൾകൂടി നടന്നു. 147 പേർ സംഭവസ്ഥലങ്ങളിൽ തന്നെ മരിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ അഞ്ചുപേർക്ക് വധശിക്ഷയും ഏഴുപേർക്ക് ജീവപര്യന്തവും കോടതി വിധിച്ചു.

പ്രശസ്ത ഫുട്ബോൾ താരമായ ലയണൽ മെസി ആദ്യമായി രാജ്യാന്തര കിരീടം സ്വന്തമാക്കുന്നത് 2021 ജൂലൈ 11 നായിരുന്നു. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന വിജയിച്ചപ്പോഴായിരുന്നു അത്. മെസിയുടെ അഞ്ചാം രാജ്യാന്തര ഫൈനലായിരുന്നു 2021 ലേത്. ആറുതവണ ലോക ഫുട്ബോളർക്കുള്ള ബാലൻ ദി ഓറും, സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗും, ഫിഫ ലോകകപ്പും അടക്കം 34 കിരീടങ്ങൾ നേടിയ ലയണൽ മെസിക്ക് സീനിയർതലത്തിൽ ഒരു രാജ്യാന്തര കിരീടം നേടാൻ സാധിച്ചിരുന്നില്ല. മെസിക്കെതിരെ അതുവരെയുണ്ടായിരുന്ന പ്രധാന വിമർശനവും അതുതന്നെയായിരുന്നു. 2007, 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിലും, 2014 ഫിഫ ലോകകപ്പ് ഫൈനലിലും പരാജയപ്പെട്ട ശേഷമായിരുന്നു 2021ലെ ഉജ്വലവിജയം.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.