‘ഡോൺ ബൈക്കർ’: ഇരുചക്ര വാഹനത്തിൽ സുവിശേഷവുമായി ഒരു വൈദികൻ

എൻജിന്റെ ഇരമ്പലും ഹെൽമറ്റുകളുടെ നിരയും കണ്ടാൽ അതൊരു സാധാരണ ബൈക്കേഴ്സ് ക്ലബ്ബിന്റെ കൂട്ടായ്മയാണെന്നേ തോന്നൂ. എന്നാൽ ആ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് ഒരു കത്തോലിക്കാ വൈദികനാണ്. ഫാ. തദേവൂസ് റോസ്മൂസ്. ബൈക്ക് പ്രേമികൾക്കിടയിൽ അദ്ദേഹം അറിയപ്പെടുന്നത് ‘ഡോൺ ബൈക്കർ’ എന്നാണ്. ഇറ്റലിയിലെ കാസിൽ ഗാൻഡോൾഫോയിലെ ഇടവക വികാരിയായ ഈ 69-കാരൻ സുവിശേഷപ്രഘോഷണത്തിനായി തിരഞ്ഞെടുത്തത് പള്ളിയുടെ നാല് ചുവരുകൾ മാത്രമല്ല, തന്റെ പ്രിയപ്പെട്ട ഇരുചക്രവാഹനത്തിന്റെ ഹാൻഡിൽബാർ കൂടിയാണ്.

മെക്കാനിക്കൽ എൻജിനീയറിൽ നിന്ന് ‘ബൈക്കർ ഫാദറിലേക്ക്’

പോളണ്ടിൽ ജനിച്ച ഫാ. തദേവൂസിന് ചെറുപ്പം മുതലേ മോട്ടോർസൈക്കിളുകളോട് വല്ലാത്തൊരു പ്രണയമായിരുന്നു. ഒരു മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരി കൂടിയായ അദ്ദേഹം ചെറുപ്പത്തിൽ സ്വന്തമായി മോട്ടോർസൈക്കിളുകൾ നിർമ്മിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. പൗരോഹിത്യം സ്വീകരിച്ച ശേഷവും തന്റെ ഈ വിനോദത്തെ അദ്ദേഹം ഉപേക്ഷിച്ചില്ല. പകരം, അതിനെ ദൈവരാജ്യ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു പാലമാക്കി മാറ്റി.

“ഞാൻ ജനിച്ചതുതന്നെ ബൈക്കുകളുടെ ലോകത്താണ്. മോട്ടോർസൈക്കിളുകൾ എനിക്ക് കേവലം ഒരു വിനോദം മാത്രമല്ല, ദൈവത്തിലേക്ക് ആളുകളെ അടുപ്പിക്കാനുള്ള മികച്ചൊരു മാർഗംകൂടിയാണ്”- ഫാ. തദേവൂസ് റോസ്മൂസ് പറയുന്നു.

ഹെൽമറ്റുകൾ വച്ച അൾത്താരയും ബൈക്കേഴ്സ് കുർബാനയും

റോമിലെയും പരിസരപ്രദേശങ്ങളിലെയും ബൈക്ക് യാത്രക്കാരെയും ക്ലബ്ബുകളെയും ഏകോപിപ്പിച്ചുകൊണ്ട് ഫാ. തദേവൂസ് ക്രമീകരിക്കുന്ന പ്രത്യേക ‘ബൈക്കേഴ്സ് വിശുദ്ധ കുർബാന’ (Bikers’ Mass) ഇന്ന് ഏറെ പ്രശസ്തമാണ്. കുർബാനയർപ്പണ വേളയിൽ പള്ളിയുടെ അൾത്താരയ്ക്കരികിൽ വികാരിയുടെ തിരുവസ്ത്രങ്ങൾക്കൊപ്പം വിശ്വാസികളായ ബൈക്ക് യാത്രക്കാരുടെ കളർഫുളായ ഹെൽമറ്റുകളും കാണാം. കുർബാനയ്ക്ക് ശേഷം എല്ലാ ബൈക്കുകളും ഹെൽമറ്റുകളും പ്രത്യേകമായി പ്രാർഥിച്ച് ആശീർവദിക്കുന്നു എന്നത് ഈ വിശുദ്ധ കുർബാനയുടെ സവിശേഷതയാണ്.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ബൈക്കറന്മാരാണ് ഈ ഒത്തുചേരലിൽ പങ്കുചേരുന്നത്. നൂറിലധികം ബൈക്കുകളുടെ അകമ്പടിയോടെ കസ്തൽ ഗാൻഡോൾഫോയിൽ നിന്ന് പാപ്പയുടെ ത്രികാലപ്രാർഥനയിൽ (Angelus) പങ്കെടുക്കാൻ ഇവർ നടത്തിയ റാലി വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

യുവജനങ്ങളിലേക്ക് അവരുടെ ട്രെൻഡുകളുമായി ഒരു സുവിശേഷ പ്രഘോഷണം

യുവജനങ്ങൾ എന്തുകൊണ്ടും വ്യത്യസ്തരാണ്. അവർക്ക് അവരുടേതായ ശരികളും തെറ്റുകളും ഉണ്ട്. ആ ലോകത്തേക്ക് കടന്നു ചെല്ലണം എങ്കിൽ നാം അവരുടേതായ ലോകത്തിന്റെ ട്രെൻഡുകൾ അംഗീകരിച്ചുകൊണ്ട് അവരുടെ ഭാഗമായി മാറണം. ഇത്തരത്തിൽ ഒരു ഭാഗമായി മാറാൻ ബൈക്കർ പ്രതിച്ഛായ’ ഒരുപാട് തന്നെ സഹായിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒപ്പം ചെറിയ ചെറിയ ആത്മീയ അനുഷ്ഠാനങ്ങളിലൂടെ പതിയെ അവരുടെ വിശ്വാസത്തെ കരുപിടിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നു.

സഭയുടെ അതിരുകൾക്കപ്പുറത്തേക്ക് കടന്നുചെന്ന് സൗഹൃദവും സാഹോദര്യവും പങ്കുവയ്ക്കുന്ന ‘ഡോൺ ബൈക്കർ’ വിശ്വാസ വഴിയിലെ വേറിട്ടൊരു കാഴ്ചയാണ്. റോഡപകടങ്ങളും അപകടസാധ്യതകളും നിറഞ്ഞ ബൈക്ക് യാത്രകളിൽ സുരക്ഷയ്‌ക്കൊപ്പം ദൈവീക സംരക്ഷണവും പ്രധാനമാണെന്ന് ഈ ഡോൺ ബൈക്കർ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ബൈക്കിന്റെ ഹാൻഡിൽബാറിൽ എപ്പോഴും ഒരു ജപമാല കോർത്തു കെട്ടിയിട്ടുണ്ടാകും. ഇത് ഒരുപാട് ചെറുപ്പക്കാർ അനുകരിക്കുന്നും ഉണ്ടെന്നു ഫാ. തദേവൂസ് റോസ്മൂസ് സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.