വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ നൊവേന: ഒൻപതാം ദിനം ഒക്ടോബർ 22

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന.

ഒൻപതാം ദിനം (ഒക്ടോബർ 22): സ്വർഗ്ഗത്തെ പ്രണയിച്ച രാജകുമാരൻ – വി. ജോൺ പോൾ രണ്ടാമൻ പാപ്പ

ജീവിതത്തിലുടനീളം ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്കു വിശുദ്ധ കുർബാനയോടു അതിരറ്റ സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. “ഓരോ തവണ വിശുദ്ധ കുർബാന അർപ്പിക്കുമ്പോഴും സ്വർഗ്ഗീയ മഹത്വത്തിന്റെ മൂന്നാസ്വാദനത്തിലാണ് നാം പങ്കു ചേരുന്നത്” എന്നു 2004ൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ ഒരു ദിവ്യബലി അവസരത്തിൽ പാപ്പ പറഞ്ഞു. വിശുദ്ധ കുർബാനയിൽ, ക്രിസ്തു പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന സ്വർഗ്ഗവുമായി ഭൂമി ഒന്നാകുന്നുവെന്നു പാപ്പായ്ക്കറിയാമായിരുന്നു. പാപ്പയുടെ ജീവിതം അതിന്റെ പ്രകാശനമായിരുന്നു. കഠിനമായ ശാരീരിക അവശതകൾക്കിടയിലും വിശുദ്ധ കുർബാന പരസ്യമായി അർപ്പിക്കാൻ പത്രോസിന്റെ ഈ പിൻഗാമി ശ്രദ്ധിച്ചിരുന്നു.

പ്രാർത്ഥന

എന്റെ രക്ഷകനായ ഈശോയെ, പാപങ്ങളെയും പാപസാചര്യങ്ങളെയും ഉപേക്ഷിക്കുവാനും ദൈവഹിതം തിരഞ്ഞെടുക്കുവാനും എന്നെ സഹായിക്കണമേ. അതുവഴി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെപ്പോലെയും സകല വിശുദ്ധരെപ്പോലെയും സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാനും സ്വർഗ്ഗീയ വിരുന്നിൽ പങ്കുചേരാനും എനിക്കു സാധിക്കട്ടെ. ഈശോയെ നിന്റെ കൃപയിലും നന്മയിലും ആശ്രയിച്ചു പാപ്പയുടെ മധ്യസ്ഥതയാൽ ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന  ഈ അനുഗ്രഹം (നിയോഗം പറയുക) എനിക്കു സാധിച്ചു തരണമേ. ആമ്മേൻ.

1 സ്വർഗ്ഗസ്ഥനായ പിതാവേ. 1 നന്മ നിറഞ്ഞ മറിയമേ. 1 ത്രിത്വ സ്തുതി.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടുള്ള ലുത്തിനിയ

കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ക്രിസ്തുവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന ദയാപൂർവ്വം കേൾക്കണമേ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ലോകരക്ഷിതാവായ പുത്രനായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങളോടു കരുണയായിരിക്കണമേ.

എളിമയുടെ നിറകുടമായ വി. ജോൺ പോൾ പാപ്പായേ,
                                       ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.
സുവിശേഷവത്കരണ ചൈതന്യമായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ അനുഗാമിയായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ ആരാധനകനായ വി. ജോൺ പോൾ പാപ്പായേ,
ദൈവഹിതം നിറവേറ്റുന്നതിനു സ്വയം സമർപ്പിച്ച വി. ജോൺ പോൾ പാപ്പായേ,
കുരിശുകൾ ക്ഷമയോടെ വഹിച്ച വി. ജോൺ പോൾ പാപ്പായേ,
സത്യത്തിന്റെ സ്നേഹിതനായ വി. ജോൺ പോൾ പാപ്പായേ,
മറിയത്തിന്റെ വിശ്വസ്ത പുത്രനായ വി. ജോൺ പോൾ പാപ്പായേ,
സ്വർഗ്ഗത്തിന്റെ പൗരനായ വി. ജോൺ പോൾ പാപ്പായേ,

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.