
രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ എന്ന ചോദ്യത്തിന് യേശു നല്‍കുന്ന മറുപടി ഇങ്ങനെയാണ്: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ പരിശ്രമിക്കുവിന്‍.” ഇടുങ്ങിയ വാതിലുകൾക്കായി തേടിനടക്കേണ്ട കാര്യമില്ല. അവ എപ്പോഴും നമ്മോടൊപ്പമുണ്ട്. അസാധാരണമായ ത്യാഗങ്ങള്‍ തേടിപ്പോകേണ്ട ആവശ്യമില്ല. കടന്നുപോകുന്ന വാതിലുകള്‍ ഇടുങ്ങിയതാകുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ അനുദിന ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. രോഗങ്ങള്‍, മരണം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, പൊരുത്തക്കേടുകള്‍ അങ്ങനെ നിരവധി കാര്യങ്ങള്‍.
പരാതി കൂടാതെ, നിരാശരാകാതെ, എല്ലാം ഇട്ടെറിഞ്ഞുപോകാതെ, സമചിത്തതയോടും ക്ഷമയോടും ആത്മനിയന്ത്രണത്തോടും കൂടി ജീവിതം തുടരുക എന്നത് വലിയ ത്യാഗം തന്നെയാണ്. ത്യാഗപൂര്‍ണ്ണമായ ജീവിതം ഇടുങ്ങിയ വാതിലിലൂടെയുള്ള സഞ്ചാരം തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ സ്വർഗത്തിലേക്കുള്ള ഇടുങ്ങിയ വാതിലിന്റെ മുൻപിലാണ് നമ്മൾ ജീവിതത്തിലെ ഓരോ നിമിഷത്തിലും.
ഫാ. ജി. കടൂപ്പാറയിൽ MCBS




