
വാഹനങ്ങൾ തിരക്കിട്ട് പായുന്ന തെരുവുകളിലേക്ക് ഇനി ഈശോ ദിവ്യകാരുണ്യ രൂപത്തിൽ നേരിട്ടെത്തുന്നു. മെക്സിക്കോയിലെ മോണ്ടറെയ് രൂപതയിൽ, ഒരു പിക്ക്അപ്പ് വാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത് മനോഹരമായ ഒരു ‘മൊബൈൽ ചാപ്പൽ’ (Mobile Chapel) ആക്കി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം കത്തോലിക്കാ വിശ്വാസികൾ. ദൈവാലയങ്ങളിൽ വരാൻ സാധിക്കാത്ത രോഗികൾ, വയോധികർ, ജോലിത്തിരക്കുകളുള്ളവർ എന്നിവർക്ക് ദിവ്യകാരുണ്യ നാഥന്റെ സന്നിധിയിൽ പ്രാർഥിക്കാനുള്ള അവസരമൊരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
വാനിന്റെ പിൻഭാഗം കണ്ണാടികളാൽ ചുറ്റപ്പെട്ട ഒരു ചെറിയ പ്രാർഥനാ മുറിയായി പുനർനിർമ്മിച്ചിരിക്കുകയാണ്. ഇതിനുള്ളിൽ പരിശുദ്ധ ദിവ്യകാരുണ്യം (Eucharist) പരസ്യമായി എഴുന്നള്ളിച്ചു വച്ചിരിക്കുന്നു. നഗരത്തിലെ പ്രധാന തെരുവുകൾ, ആശുപത്രി പരിസരങ്ങൾ, ചേരിപ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെ ഈ വാഹനം സാവധാനം സഞ്ചരിക്കും. പ്രധാനമായും ദൈവീകമായ സാന്നിധ്യത്തിൽ ആയിരുന്നു കൊണ്ട് പ്രാർഥിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കൂട്ടം വിശ്വാസികൾ ഈ വേറിട്ട ആശയവുമായി രംഗത്തെത്തിയത്.
“ദൈവാലയത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങാതെ, വിശ്വാസവുമായി തെരുവുകളിലേക്ക് ഇറങ്ങുക” എന്ന സഭയുടെ ആഹ്വാനത്തിൽ നിന്നാണ് ഈ ആശയത്തിന്റെ തുടക്കം. തിരക്കുകൾക്കിടയിലും, തെരുവിൽ വാൻ കാണുമ്പോൾ ആളുകൾ പ്രാർഥനയ്ക്കായി നിമിഷനേരം നിൽക്കുന്നതും വണങ്ങുന്നതും ഈ പ്രദേശത്ത് വലിയൊരു ആത്മീയ ഉണർവാണ് സൃഷ്ടിക്കുന്നത്.




