
കത്തോലിക്കാ സഭയുടെ ഔദ്യോഗിക വാർത്താവിനിമയ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് പുതിയ പെരുമാറ്റച്ചട്ടങ്ങളും നിബന്ധനകളും പുറപ്പെടുവിച്ച് ബ്രസീലിലെ ആർച്ച്ബിഷപ്പ്. സാൽവഡോർ ഡാ ബഹിയ അതിരൂപതാ മെത്രാപ്പോലീത്തയും ബ്രസീലിയൻ ബിഷപ്സ് കോൺഫറൻസിന്റെ മുൻ വൈസ് പ്രസിഡന്റുമായ കർദിനാൾ സെർജിയോ ഡ റോച്ചയാണ് പുതിയ മാർഗനിർദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്.
സഭാ സ്ഥാപനങ്ങൾ, ഇടവകകൾ, മാധ്യമ പ്രവർത്തകർ എന്നിവർ എഐ (AI) സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുപ്രധാന കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
എഐ ഉപകരണങ്ങൾ ഉപയോഗിച്ച് ഉള്ളടക്കങ്ങൾ നിർമ്മിക്കുമ്പോഴും, അവ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് മനുഷ്യന്റെ കൃത്യമായ മേൽനോട്ടവും സത്യസന്ധത ഉറപ്പുവരുത്തലും നിർബന്ധമായും ഉണ്ടായിരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ചിത്രങ്ങൾ, ശബ്ദങ്ങൾ, പ്രസംഗങ്ങൾ എന്നിവ എഐ ഉപയോഗിച്ച് നിർമ്മിച്ച് യഥാർഥമെന്ന രീതിയിൽ പ്രചരിപ്പിക്കാൻ പാടില്ല, വാർത്തകളിലോ ചിത്രങ്ങളിലോ വീഡിയോകളിലോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അത് കാണികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വ്യക്തമാക്കണം, എഐ നിർമ്മിത ഉള്ളടക്കങ്ങൾ കത്തോലിക്കാ സഭയുടെ ആത്മീയ-സാമൂഹിക ബോധ്യങ്ങൾക്കും ധാർമ്മിക തത്വങ്ങൾക്കും അനുസൃതമായിരിക്കണം തുടങ്ങിയ നിർദേശങ്ങളും മാർഗരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൃത്രിമബുദ്ധി മനുഷ്യന്റെ സർഗാത്മകതയെ സഹായിക്കാനുള്ള ഒരു ഉപകരണം മാത്രമാണെന്നും, മാധ്യമപ്രവർത്തനത്തിലും സുവിശേഷപ്രഘോഷണത്തിലും സത്യസന്ധതയും ധാർമ്മികതയുമാണ് ഏറ്റവും പ്രധാനമെന്നും വത്തിക്കാന്റെ മുൻ പ്രസ്താവനകളെ ഉദ്ധരിച്ച് ആർച്ച്ബിഷപ്പ് ഓർമ്മിപ്പിച്ചു.




