സ്നേഹത്തിന്റെ രക്തസാക്ഷി: യുദ്ധത്തിൽ തകർന്ന സിറിയയിൽ ജീവൻ ത്യജിച്ച മഹാ മിഷനറി

ഡച്ച് മിഷനറിയായ ഫാ. ഫ്രാൻസ് വാൻ ഡെർ ലഗ്റ്റ് യുദ്ധത്തിൽ തകർന്ന സിറിയയിൽ തന്റെ ജീവൻ പോലും പണയം വച്ചുകൊണ്ട് നിലയുറപ്പിച്ച വൈദികനാണ്. യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ ക്രൈസ്തവരെ ഉപേക്ഷിച്ചു പോകാതെ അവർക്കുവേണ്ടി ഈ വൈദികൻ  നിലകൊണ്ടു. അവസാനം സായുധസംഘങ്ങൾ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തി.

1993-ൽ സിറിയയിലെ ബുസ്താൻ അൽ-ദിവാൻ പരിസരത്തുള്ള ജെസ്യൂട്ട് ആശ്രമത്തിൽ ഉണ്ടായിരുന്ന ഫാ. ഫ്രാൻസ് തന്റെ വിശ്വാസത്തിനും സമൂഹത്തിനും വേണ്ടി സ്വയം സമർപ്പിച്ച വ്യക്തിയാണ്. വളരെ ലളിതമായ ജീവിതസാഹചര്യങ്ങളിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. അദ്ദേഹം തന്റെ ആശ്രമത്തെ ദൈവവചനം കേൾക്കാനും അത് എങ്ങനെ ജീവിക്കണമെന്ന് പഠിക്കാനും ഉതകുന്ന ഒരു സ്ഥലമാക്കി മാറ്റി.

2011 മാർച്ചിൽ സായുധ സംഘങ്ങൾ ഹോംസ് നഗരത്തിൽ പ്രവേശിച്ചപ്പോൾ, നഗരത്തിലെ ക്രിസ്ത്യാനികളെ ഒഴിപ്പിച്ചു. എന്നാൽ, ഫാദർ ഫ്രാൻസ് അവിടെ തന്നെ ഉറച്ചുനിന്നു. ആ നഗരം വിട്ടുപോകാൻ കഴിയാത്ത 66 ക്രിസ്ത്യാനികളെ ഉപേക്ഷിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഉപരോധത്തിന്റെ അനന്തരഫലങ്ങൾ ആയ ഭീകരത, പട്ടിണി, രോഗങ്ങൾ എന്നിവമൂലം വലഞ്ഞ തന്റെ ജനത്തോടൊപ്പം അദ്ദേഹവും നിലകൊണ്ടു. തന്റെ മാതൃരാജ്യത്തിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാനുള്ള അവസരം അദ്ദേഹം നിരസിച്ചു. “ഞാൻ ഇവിടെയുള്ള ക്രൈസ്തവരെ എങ്ങനെ ഉപേക്ഷിക്കും. ഞാൻ സിറിയൻ ജനതയെ സ്നേഹിക്കുന്നു. അവരുടെ സമൃദ്ധിയുടെ കാലത്ത് അവരോടൊപ്പം ജീവിച്ചിട്ടുണ്ട്. സിറിയൻ ജനത ഇപ്പോൾ കഷ്ടപ്പെടുന്നുണ്ടെങ്കിൽ, അവരുടെ വേദനയിലും ദുരിതത്തിലും ഞാൻ അവരോടൊപ്പം ജീവിക്കുവാൻ ആഗ്രഹിക്കുന്നു” – ഫാ. ഫ്രാൻസ് വെളിപ്പെടുത്തുന്നു.

സിറിയൻ ജനതയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന് അതിരുകളില്ലായിരുന്നു. തന്റെ സഹസിറിയക്കാരുടെ കഷ്ടപ്പാടുകളിൽ അദ്ദേഹം പങ്കുചേർന്നു. ഭക്ഷണത്തിന്റെ ദൗർലഭ്യം മുതൽ കുട്ടികളെ പോറ്റാൻ കഴിയാത്ത മാതാപിതാക്കളുടെ വേദനയും കഷ്ടപ്പാടും അദ്ദേഹത്തിന്റെ മനസിനെ വേദനിപ്പിച്ചു. ഫാ. ഫ്രാൻസിന്റെ പ്രതിബദ്ധത അദ്ദേഹത്തെ എല്ലാവർക്കും പ്രിയപ്പെട്ട ഒരു പിതാവാക്കി മാറ്റി.

ആ നല്ല പിതാവിന്റെ നിസ്വാർത്ഥത അവന്റെ ജീവൻ നഷ്ടപ്പെടുത്തി. 2014 ഏപ്രിൽ 7-ന് സായുധ സംഘങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. തലയിൽ രണ്ടുതവണ വെടിവച്ചു ആ നല്ല മിഷനറിയെ അവർ കൊലപ്പെടുത്തി. 35 വർഷത്തിലേറെയായി സിറിയയിൽ ജീവിച്ച ഫാ. ഫ്രാൻസ് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മഹാ മിഷനറിയായിരുന്നു. മറ്റുള്ളവരോടുള്ള അചഞ്ചലമായ അനുകമ്പയും അർപ്പണബോധവും വഴി നയിക്കപ്പെടുമ്പോൾ ഒരു വ്യക്തിക്ക് ചെലുത്താൻ കഴിയുന്ന അഗാധമായ സ്വാധീനത്തിന്റെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ  ജീവത്യാഗം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.