പ്രതിസന്ധിയിലായ വൈദികർക്കു പോലും ആത്മീയ വഴികാട്ടിയായ വിശുദ്ധ ജീവിതം

ഇറ്റലി സ്വദേശിനി മരിയ കൊസ്താൻസ പാനസ് ഇന്നലെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു. വിശുദ്ധിയിലേക്കുള്ള വഴിത്താരയിൽ മുന്നോട്ട് സഞ്ചരിക്കുന്ന കൊസ്താൻസ പാനസിന്റെ വാഴ്ത്തപ്പെട്ടപദവി പ്രഖ്യാപനം റോമിൽ നിന്ന് 220 കിലോമീറ്ററിലേറെ വടക്കുകിഴക്കു മാറി സ്ഥിതിചെയ്യുന്ന ഫബ്രിയാനൊയിൽ വച്ചായിരിക്കും നടക്കുക.

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ  അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ഫ്രാൻസിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും.

ഇറ്റലിയിലെ ബെല്ലൂണൊ പ്രവിശ്യയിൽ പാദൊവ രൂപതയിൽപ്പെട്ട അലാനൊ ദി പ്യാവെയിൽ 1896 ജനുവരി 5-നായിരുന്നു അഞ്ഞേസെ പച്ചീഫിക്ക എന്ന് വിളിക്കപ്പെട്ടിരുന്ന മരിയ കൊസ്താൻസ പാനസിന്റെ ജനനം. മാതാപിതാക്കൾ അമേരിക്കയിലേക്കു കുടിയേറിയതിനെ തുടർന്ന് അമ്മാവനായിരുന്ന ഒരു വൈദികന്റെയും ഒരു ആയയുടെയും സംരക്ഷണയിൽ വളർന്ന അവൾ ഒരു അദ്ധ്യാപികയായി. എന്നിരുന്നാലും ഒരു ശൂന്യതാബോധം അവളെ പിടികൂടിയിരുന്നു. അങ്ങനെയിരിക്കെ, വൈദികൻ ലൂയിജി ഫ്രിറ്റ്സുമായുള്ള കുടിക്കാഴ്ച അവളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി.

സാധാരണ പ്രസിദ്ധീകരണങ്ങൾക്കായി എഴുതിയിരുന്ന അവളുടെ തൂലിക പിന്നീട് ആദ്ധ്യാത്മിക രചനകൾക്കായി ചലിച്ചു. ഫബ്രിയാനൊയിലെ കപ്പൂച്ചിൻ ക്ലാരസമൂഹത്തിൽ ചേർന്നപ്പോഴും ആദ്ധ്യാത്മിക രചന അവൾ തുടർന്നു. 1918 ഏപ്രിൽ 18-ന് സഭാവസ്ത്രം സ്വീകരിച്ച അഞ്ഞേസെ പച്ചീഫിക്ക, മരിയ കൊസ്താൻസ പാനസ് എന്ന നാമം സ്വീകരിച്ചു. ആദ്ധ്യാത്മികതയിൽ അനുദിനം വളർന്നുകൊണ്ടിരുന്ന അവൾ, പ്രതിസന്ധിയിലായ വൈദികർക്കു പോലും ആത്മീയ വഴികാട്ടിയായി. ഏതാണ്ട് അമ്പത് വയസായപ്പോൾ മരിയ കൊസ്താൻസയുടെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം അവൾ ശയ്യാവലംബിയായി. 1963 മെയ് 28-ന് മരിയ കൊസ്താൻസ സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.