
വളരെ നാളുകൾക്കു മുൻപുതന്നെ തിരുസഭയിൽ ആഘോഷിച്ചുവരുന്ന ഒന്നാണ് ക്രിസ്തുരാജന്റെ തിരുനാൾ. സാധാരണയായി മംഗളവാർത്താക്കാലം തുടങ്ങുന്ന ഞായറാഴ്ചയ്ക്കു മുൻപുള്ള ഞായറാഴ്ചയാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്. അതായത്, പള്ളിക്കൂദാശാക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണ് ക്രിസ്തുരാജന്റെ തിരുനാൾദിനം.
ക്രിസ്തുവിനെ രാജാവും കർത്താവുമായി ജീവിതത്തിലും ഈ ലോകത്തിലും ഏറ്റുപറയുക. നിരവധി രക്തസാക്ഷികൾ ക്രിസ്തുവിനുവേണ്ടി മരിക്കാൻപോലും സന്നദ്ധരായി ഏറ്റുപറഞ്ഞ നാമമാണ് ക്രിസ്തുനാമം.
ലയോളയിലെ വി. ഇഗ്നേഷ്യസ് തന്റെ ആത്മീയാഭ്യാസങ്ങളിൽ, ‘നിത്യമായ രാജാവും ഭൗമികരാജാവും’ തമ്മിലുള്ള വ്യത്യാസം പറയുന്നുണ്ട്. ഭൂമിയിലെ രാജാവ്, നിങ്ങൾക്ക് വിജയങ്ങൾ, കരഘോഷം, ആനന്ദങ്ങൾ, അധികാരം, സമ്പത്ത് എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാൽ അവയെല്ലാം പെട്ടെന്ന് അവസാനിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അവ നമ്മുടെ നിത്യരക്ഷയെപോലും അപകടത്തിലാക്കുന്നു. നേരെ മറിച്ച്, നിത്യമായ രാജാവായ യേശുക്രിസ്തു വാഗ്ദാനം ചെയ്യുന്നത് കുരിശുകളും സഹനങ്ങളുമാണ്. എന്നാൽ, ആ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം ശാശ്വതമാണ്.
രാജാവ് എന്ന പദവി നാം യേശുവിന് നൽകിയതല്ല, മറിച്ച് യേശു തന്റെ വിചാരണയുടെയും കുരിശുമരണത്തിന്റെയും പരമോന്നത നിമിഷത്തിൽ സ്വയം പ്രഖ്യാപിക്കുന്നതാണ്. അതിനാൽ, ഈ ലോകത്തിന്റെ മുഴുവൻ രാജാവായ ക്രിസ്തുവിന്റെ കരങ്ങളിലേക്ക് മനുഷ്യവംശം മുഴുവനെയും സമർപ്പിച്ച് നമുക്കു പ്രാർഥിക്കാം.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




