
അയൽക്കാരനോടുള്ള യഥാർഥ സ്നേഹം ആരംഭിക്കുന്നത് ദൈവവുമായുള്ള വ്യക്തിപരവും ആഴമേറിയതുമായ ബന്ധത്തിലൂടെയാണെന്ന് ലെയോ പതിനാലാമൻ പാപ്പ ഓർമ്മിപ്പിച്ചു. ഒക്ടോബർ 25 ന് ആഞ്ചലൂസ് പ്രാർഥനയ്ക്കായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
ദൈവത്തിന് സർവശക്തിയുണ്ടെന്നും അവിടുന്ന് മാത്രമാണ് ദൈവമെന്ന് കേവലം അംഗീകരിക്കുകയല്ല വേണ്ടതെന്നും, മറിച്ച് ദൈവം നമ്മളുമായി വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും മാർപാപ്പ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. “അവിടുത്തെ കണ്ടുമുട്ടുമ്പോൾ, സ്നേഹത്തിന്റെ കൽപന ഒരു കടമയോ, അടിച്ചേൽപിക്കലോ അല്ല എന്നും പാപ്പ കൂട്ടിച്ചേർത്തു.
“ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ ഹൃദയവും ആത്മാവും മനസ്സും ഒരുപോലെ പങ്കുചേരണം. എങ്കിൽ മാത്രമേ നമ്മെത്തന്നെയും നമ്മുടെ അയൽക്കാരെയും ക്രിസ്തുവിന്റെ കണ്ണുകളിലൂടെ, അവിടുത്തെ കാഴ്ചപ്പാടിലൂടെ കാണാൻ നമ്മൾ പ്രാപ്തരാകൂ. ഇതിലൂടെ സ്വാർഥത തരണം ചെയ്യപ്പെടുകയും സ്വയം സ്നേഹിക്കുന്നതു പോലും കാരുണ്യമായി മാറുകയും ചെയ്യുന്നു. നമ്മുടെ നിലനിൽപ്പ് മറ്റുള്ളവരിലേക്ക് തിരിയുകയും ചുറ്റുമുള്ളവർക്ക് ഒരു ദാനമായി മാറുകയും ചെയ്യുന്നു,” പാപ്പ വിശ്വാസികളോട് വ്യക്തമാക്കി.
സ്നേഹമില്ലെങ്കിൽ നമ്മുടെ വിശ്വാസത്തിന്റെ സത്ത തന്നെ നഷ്ടപ്പെടുമെന്നും നമ്മുടെ നല്ല പ്രവർത്തികൾ വെറും ധാർമ്മിക പ്രസംഗങ്ങളായി അധഃപതിക്കുമെന്നും അത് നമ്മുടെ പ്രത്യാശയെ വ്യർഥമാക്കുമെന്നും പാപ്പ ചൂണ്ടിക്കാട്ടി.




