2023 -ൽ കത്തോലിക്കാ സഭയിൽ നടന്ന പ്രധാനപ്പെട്ട 15 സംഭവങ്ങൾ

2023 -ൽ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മൃതസംസ്കാരം മുതൽ ചരിത്രത്തിൽ ഇടംപിടിച്ച ചില സുപ്രധാന കാര്യങ്ങളും ഈ വർഷം സംഭവിക്കുകയുണ്ടായി. ആ പ്രധാനപ്പെട്ട 15 സംഭവങ്ങളിലൂടെ കടന്നുപോകാം.

1. ജനുവരി 5: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മൃതസംസ്കാരം

തന്റെ മുൻഗാമിയുടെ മൃതസംസ്കാര കർമ്മങ്ങളിൽ പങ്കെടുക്കുന്ന ഒരു മാർപാപ്പ. 2022 ഡിസംബർ 31-ന് അന്തരിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മൃതസംസ്കാര കർമ്മങ്ങൾ ജനുവരി അഞ്ചിനായിരുന്നു. 13-ാം നൂറ്റാണ്ടിനു ശേഷമുള്ള ആദ്യത്തെ എമിരിറ്റസ് മാർപാപ്പയുടെ മൃതസംസ്കാര ചടങ്ങുകൾക്കായി സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ 50,000-ത്തോളം ആളുകൾ ഒത്തുകൂടി.

2. ജനുവരി 31-ഫെബ്രുവരി 5: സമാധാന സ്ഥാപനത്തിനായി നടന്ന ആഫ്രിക്കൻ പര്യടനം

ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ ആഫ്രിക്കയിലേക്ക് യാത്ര ചെയ്ത മാർപാപ്പ അക്രമത്താൽ വലയുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു.

3. മാർച്ച് 9 മുതൽ 11 വരെ: ജർമ്മൻ സിനഡൽ വേയുടെ അവസാന ഭാഗം

ജർമ്മൻ സിനഡൽ വേയുടെ അവസാന സെഷൻ മാർച്ച് ഒൻപത് മുതൽ 11 വരെ ഫ്രാങ്ക്ഫർട്ടിൽ നടന്നു. ഇതിൽ ജർമ്മനിയിലെ സഭയുടെ ചില നിലപാടുകളെ പാപ്പാ വിമർശിച്ചു.

4. മാർച്ച് 29, ജൂൺ 7: മാർപ്പാപ്പയെ രണ്ടുതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

2023-ൽ ഫ്രാൻസിസ് മാർപാപ്പയെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മാർച്ച് 29 ന്, ബ്രോങ്കൈറ്റിസ് ചികിത്സയ്ക്കായി പാപ്പായെ ജെമെല്ലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആൻറിബയോട്ടിക് ചികിത്സയ്ക്ക് ശേഷം, ഏപ്രിൽ ഒന്നിന് അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു. ജൂൺ 7 മുതൽ 16 വരെ, ദിവസങ്ങളിൽ പാപ്പാ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത്, പാപ്പായുടെ ആരോഗ്യനിലയെക്കുറിച്ച് ആശയവിനിമയം നടത്താൻ അദ്ദേഹത്തിന്റെ സർജനെ അനുവദിച്ചു.

5. ഏപ്രിൽ 28-30: ഹംഗറിയിലേക്കുള്ള യാത്ര

ഏപ്രിൽ അവസാനം, ഫ്രാൻസിസ് മാർപാപ്പ സ്ഥാനം ഏറ്റതിനു ശേഷം രണ്ടാം തവണ ഹംഗറിയിലെ ബുഡാപെസ്റ്റ് സന്ദർശിച്ചു.

6. ജൂലൈ 1: ആർച്ച് ബിഷപ്പ് ഫെർണാണ്ടസിന്റെ നിയമനം

2023-ലെ ഏറ്റവും പ്രധാനപ്പെട്ട നിയമനമാണിത്. വിശ്വാസ പ്രമാണത്തിനായുള്ള ഡികാസ്റ്ററിയുടെ തലവനായി അർജന്റീനിയൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസിനെ പാപ്പാ നിയമിച്ചു.

7. ഓഗസ്റ്റ് 2-6: ആഗോള യുവജന സമ്മേളനം ലിസ്ബണിൽ

റിയോ (2013), ക്രാക്കോവ് (2016), പനാമ (2019) എന്നിവിടങ്ങളിൽ നടന്ന ലോക യുവജന ദിനങ്ങളിൽ പങ്കെടുത്ത ശേഷം, ലോകമെമ്പാടുമുള്ള കത്തോലിക്കാ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്താൻ മാർപ്പാപ്പ ഓഗസ്റ്റ് 2-6 വരെ ലിസ്ബണിൽ എത്തി.

8. ഓഗസ്റ്റ് 31-സെപ്റ്റംബർ 4: മംഗോളിയൻ സന്ദർശനം

1,400 വിശ്വാസികളുള്ള മംഗോളിയയിലെ ചെറിയ കത്തോലിക്കാ സമൂഹത്തെ മാർപ്പാപ്പ സന്ദർശിച്ചു. മംഗോളിയൻ മണ്ണിൽ ആദ്യമായാണ് ഒരു മാർപാപ്പ എത്തുന്നത്.

9. സെപ്റ്റംബർ 22-23: ഫ്രാൻസിസ് പാപ്പാ മാർസെയിൽ

രണ്ടാം തവണ, ഫ്രാൻസിസ് പാപ്പാ മാർസെ സന്ദർശിച്ചത് ഈ ദിവസങ്ങളിൽ ആണ്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാർപ്പാപ്പ ഫ്രാൻസിലെത്തി. മെഡിറ്ററേനിയൻ ബിഷപ്പുമാരുടെയും യുവജനങ്ങനളുടെയും യോഗത്തിൽ പങ്കെടുക്കാനാണ് മാർസെയിൽ പാപ്പാ എത്തിയത്.

10. സെപ്റ്റംബർ 30: 21 പുതിയ കർദ്ദിനാൾമാർ

സെപ്റ്റംബർ അവസാനം 21 പുതിയ കർദ്ദിനാൾമാരെ പാപ്പാ നിയമിച്ചു.

11. ഒക്‌ടോബർ 4: പുതിയ അപ്പസ്തോലിക പ്രബോധനം ‘ലൗഡാത്തോ സി’ യുടെ രണ്ടാം ഭാഗം

എട്ട് വർഷത്തിന് ശേഷം, പരിസ്ഥിതിക്ക് വേണ്ടിയുള്ള തന്റെ ആഹ്വാനം പുതുക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാളിൽ ‘ലൗഡാത്തോ ദേയൂം’ എന്ന അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു. ‘ലൗഡാത്തോ സി’ യുടെ രണ്ടാം ഭാഗമാണിത്.

12. ഒക്ടോബർ 28: സിനഡിന്റെ സിന്തസിസ് റിപ്പോർട്ട്

ഒക്‌ടോബർ 28-ന് വൈകുന്നേരം, ഒരു മാസത്തിന് ശേഷം, 2024 ഒക്‌ടോബറിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന “സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ” 344 അംഗങ്ങൾ സിന്തസിസ് റിപ്പോർട്ട് അംഗീകരിച്ചു.

13. നവംബർ 22: വിശുദ്ധ നാട്ടിലെ സമാധാനത്തിനായി മാർപ്പാപ്പയുടെ ആഹ്വാനം

ഒക്ടോബർ 7-ന് വിശുദ്ധ നാട്ടിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, വെടിനിർത്തലിന് മാർപ്പാപ്പ എണ്ണമറ്റ ആഹ്വാനങ്ങൾ നടത്തിയിട്ടുണ്ട്. നവംബർ 22 ന് ഗാസയിൽ ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ദികളുടെ ബന്ധുക്കളെയും തുടർന്ന് സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന പാലസ്തീൻകാരുടെ ബന്ധുക്കളെയും അദ്ദേഹം സ്വീകരിച്ചു.

14. ഡിസംബർ പകുതി: പരിശുദ്ധ സിംഹാസനത്തിന്റെ സാമ്പത്തിക വ്യവസ്ഥ പരിഷകരിക്കാനുള്ള തീരുമാനങ്ങൾ

ഡിസംബർ പകുതിയോടെ വത്തിക്കാനിലെ പ്രധാന സാമ്പത്തിക വിചാരണ അവസാനിക്കുകയാണ്. പരിശുദ്ധ സിംഹാസനത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പരിഷ്കരിക്കാനുള്ള പാപ്പായുടെ സന്നദ്ധതയുടെ അടയാളമാണിത്.

15. ഡിസംബർ 7: സീറോ മലബാർ സഭയ്ക്ക് നൽകിയ വീഡിയോ സന്ദേശം

ഇന്ത്യയിലെ സീറോ മലബാർ സഭയ്ക്ക് നൽകിയ വീഡിയോ സന്ദേശത്തിലാണ് മാർപാപ്പ കൂട്ടായ്മയിൽ തുടരുവാൻ ആഹ്വാനം ചെയ്തത്. സഭാ തലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജി പാപ്പാ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.