കമ്മ്യൂണിസ്റ്റ് പീഡനങ്ങൾക്കിടയിലും സ്വജീവൻ പണയപ്പെടുത്തി കത്തോലിക്കാ വിശ്വാസം സംരക്ഷിച്ച സന്യാസിനി അന്തരിച്ചു

സ്വേച്ഛാധിപതിയായ എൻവർ ഹോക്‌ഷയുടെ ഭരണത്തിൻ കീഴിൽ ഭയപ്പാടോടെ ജീവിച്ച ക്രൈസ്തവരുടെ ഇടയിൽ ഒരു മാലാഖയെപ്പോലെ കടന്നുവന്ന സന്യാസിനിയാണ് സിസ്റ്റർ മരിജെ കലേറ്റ. രോഗികൾക്കും മരണാസന്നരായവർക്കും വിശുദ്ധ കുർബാന കൊടുക്കാൻ സ്വജീവൻ പോലും പണയപ്പെടുത്തി രഹസ്യമായി എത്തിയിരുന്നു ഈ സന്യാസിനി. 2022 ജനുവരി രണ്ടിന് തന്റെ 92-ാം വയസിൽ സി. മരിജെ ഈ ലോകത്തിൽ നിന്നും വിടവാങ്ങി.

1940-1992 കാലഘട്ടങ്ങളിൽ, അൽബേനിയയെ ഒരു നിരീശ്വര രാഷ്ട്രമാക്കി മാറ്റാനുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമം അതിരൂക്ഷമായിരുന്നു. ആ കാലഘട്ടത്തിൽ പള്ളികൾ നശിപ്പിക്കപ്പെടുകയും നിരവധി കത്തോലിക്കരെ വധിക്കുകയും ചെയ്തു.

മോണ്ടിനെഗ്രോ, കൊസോവോ, നോർത്ത് മാസിഡോണിയ, ഗ്രീസ് എന്നിവയുമായി അതിർത്തി പങ്കിടുന്ന തെക്കുകിഴക്കൻ യൂറോപ്പിലെ ബാൽക്കൻ പെനിൻസുലയിൽ 2.8 ദശലക്ഷം ജനസംഖ്യയുള്ള രാജ്യമാണ് അൽബേനിയ. 1940 മുതൽ 1992 വരെ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്നു ഈ രാജ്യം. 2014 -ൽ അൽബേനിയയിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ, കമ്മ്യൂണിസ്റ്റ് പീഡനത്തിന്റെ ഈ സമയത്ത് താൻ കുഞ്ഞുങ്ങളെ രഹസ്യമായി സ്നാനപ്പെടുത്തിയ സംഭവം സി. മരിജെ വെളിപ്പെടുത്തി.

“ഗ്രാമങ്ങളിലെ കുട്ടികളെ മാത്രമല്ല, എന്റെ അടുത്ത് മാമ്മോദീസ സ്വീകരിക്കാൻ ആഗ്രഹത്തോടെ വന്ന എല്ലാവരെയും ഞാൻ സ്നാനപ്പെടുത്തി. ഒരിക്കൽ വീട്ടിലേക്കു പോകുമ്പോൾ പുറകിൽ നിന്ന് ഒരു ശബ്ദം കേട്ടു. കൈകളിൽ ഒരു പെൺകുഞ്ഞുമായി ഒരു സ്ത്രീ എന്റെ അടുത്തേക്ക് ഓടിവന്നു. അവൾക്ക് മാമ്മോദീസ നല്കണമെന്നതായിരുന്നു അവളുടെ ആവശ്യം. ഈ സ്ത്രീ കമ്മ്യൂണിസ്റ്റുകാരിയാണെന്ന് അറിയാവുന്നതുകൊണ്ട് എനിക്ക് അല്പം ഭയം തോന്നിയിരുന്നു. ഞങ്ങൾ പൊതുവഴിയിലായതിനാൽ അവളെ സ്നാനപ്പെടുത്താൻ എന്റെ പക്കൽ ഒന്നുമില്ലെന്നു പറഞ്ഞു ഞാൻ അവളെ മടക്കി അയക്കാൻ ശ്രമിച്ചു. പക്ഷേ അവൾ, മാമ്മോദീസ സ്വീകരിക്കാനുള്ള തന്റെ അദമ്യമായ ആഗ്രഹം പ്രകടിപ്പിക്കുകയും സമീപത്തു തന്നെ ഒരു കനാൽ ഉണ്ടെന്ന് എന്നെ അറിയിക്കുകയും ചെയ്തു. അങ്ങനെ ഞാൻ അവളെ സ്നാനപ്പെടുത്തി” – തന്റെ അനുഭവങ്ങൾ സിസ്റ്റർ മാർപാപ്പയോട് വെളിപ്പെടുത്തി.

1929 നവംബർ പത്തിന് വടക്കൻ അൽബേനിയയിലെ നാൻഷാറ്റിൽ ജനിച്ച സിസ്റ്റർ, ചെറുപ്പത്തിൽ തന്നെ ദൈവവിശ്വാസത്തിൽ വളർന്ന ഒരു കുട്ടിയായിരുന്നു. പുരോഹിതനായിരുന്ന അമ്മാവന്റെ സഹായത്തോടെ ഒരു സന്യാസിനിയാകാൻ വേണ്ടി അവൾ മഠത്തിൽ പ്രവേശിച്ചു. എന്നാൽ നിത്യവ്രതം സ്വീകരിക്കുന്നതിനായി ഏകദേശം 50 വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ തുടർന്ന് മഠത്തിൽ പ്രവേശിച്ച് ഏഴു വർഷങ്ങൾക്കു ശേഷം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുപോകാൻ അവൾ നിർബന്ധിതയായി. അക്കാലഘട്ടത്തിൽ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അവൾക്ക് കുറച്ചുനാൾ ഒറ്റക്ക് ജീവിക്കേണ്ടി വന്നു. രഹസ്യമായി ക്രൈസ്തവ വിശ്വാസത്തിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വിശ്വാസം നിലനിർത്താൻ വേണ്ട സഹായങ്ങളും അവൾ നൽകിപ്പോന്നു.

അക്കാലഘട്ടത്തെ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ട് വിശുദ്ധ കുർബാന, വീട്ടിൽ ഭക്തിപൂർവ്വം സൂക്ഷിക്കാൻ മരിജെക്ക് വൈദികർ അനുവാദം നൽകി. രോഗികൾക്കും മരണാസന്നരായവർക്കും വിശുദ്ധ കുർബാന നൽകാൻ മരിജെ ഇക്കാലഘട്ടത്തിൽ ഉത്സാഹിച്ചിരുന്നു. സ്വജീവൻ പോലും പണയപ്പെടുത്തിയാണ് അവൾ ഇപ്രകാരം ചെയ്തിരുന്നത്.

അൽബേനിയയിൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചതോടെ, 1991 -ൽ സി. മരിജെ തന്റെ നിത്യവ്രത വാഗ്ദാനം സ്വീകരിച്ചു. “ഇന്ന് കഴിഞ്ഞുപോയ കാലഘട്ടങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇത്രയും ഭയാനകമായ കഷ്ടപ്പാടുകൾ സഹിക്കാൻ എനിക്ക് എങ്ങനെ കഴിഞ്ഞുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു. പക്ഷേ, കർത്താവ് എനിക്ക് അതിനുള്ള ശക്തിയും ക്ഷമയും പ്രതീക്ഷയും നൽകി” – സിസ്റ്റർ പറഞ്ഞിരുന്നു.

ജനുവരി രണ്ടിന് വടക്കൻ അൽബേനിയയിലെ ഷ്കോഡറിലെ മഠത്തിൽ വച്ചായിരുന്നു സിസ്റ്റർ നിത്യതയിലേക്ക് യാത്രയായത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.