പുതിയ 34 സ്വിസ് ഗാർഡുകളെ സ്വാഗതം ചെയ്ത് ഫ്രാൻസിസ് പാപ്പ

പുതിയ സ്വിസ് ഗാർഡുകളുടെ പരമ്പരാഗത സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തയ്യാറെടുപ്പിനിടെ പാപ്പയുമായി കൂടിക്കാഴ്ച നടത്തി പുതിയ സ്വിസ് ഗാർഡുകൾ. സ്വിസ് ഗാർഡുകളെയും അവരുടെ കുടുംബാംഗങ്ങളെയും കമാൻഡർമാരെയും അധികാരികളെയും അഭിവാദനം ചെയ്തുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ തന്റെ പ്രഭാഷണം ആരംഭിച്ചത്. റോമൻ ചക്രവർത്തിയായിരുന്ന ചാൾസ് അഞ്ചാമന്റെ ജർമ്മൻ കൂലിപ്പട്ടാളക്കാരായ ലാൻസ്ക് നിഷ്ട്, 1527-ൽ അന്നത്തെ പാപ്പയായിരുന്ന ക്ലമന്റ് ഏഴാമനെതിരെ നടത്തിയ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ വീരമൃത്യു വരിച്ച 147 സ്വിസ് ഗാർഡുകളെ അനുസ്മരിക്കുന്ന ദിവസമാണ് മെയ് 6.

സ്വിസ് ഗാർഡിന്റെ സാന്നിധ്യത്തിനും സേവനത്തിനും പരസ്യമായി തന്റെ നന്ദി അറിയിക്കാൻ ഇഷ്ടത്തോടെ കാത്തിരിക്കുന്ന ഒരു ദിവസമാണ് ഇന്നെന്ന് പാപ്പ അറിയിച്ചു. അവരുടെ സാന്നിധ്യത്തിലെ വ്യതിരിക്തമായ സവിശേഷതകളും രീതികളിലും ശ്രദ്ധയിലുമുള്ള മാന്യതയും ശ്രമകരമായ അനുദിനസേവനത്തിൽ കാണിക്കുന്ന ഔദാര്യതയെയും പാപ്പ പ്രശംസിച്ചു. അവരെ നല്ല രീതികൾ പഠിപ്പിച്ചു വളർത്തിയ കുടുംബാംഗങ്ങൾക്കും തന്റെ നന്ദി പ്രകാശിപ്പിക്കാൻ പാപ്പ മറന്നില്ല. കമാൻഡറായ ക്രിസ്റ്റോഫ് ഗ്രാഫിനും സഹപ്രവർത്തകർക്കും അവരുടെ ചാപ്ളിനും പാപ്പ നന്ദിയർപ്പിച്ചു.

പുതിയ സ്വിസ് ഗാർഡുകളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വത്തിക്കാനിലെ വി. ഡമാസസ് അങ്കണത്തിലാണ് നടന്നത്. റിക്രൂട്ട് ചെയ്ത 34 പേരിൽ 16 പേർ ജർമ്മൻ സംസാരിക്കുന്നവരും 16 പേർ ഫ്രഞ്ച് സംസാരിക്കുന്നവരും രണ്ടുപേർ ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവരുമാണ്. ഫ്രാൻസിസ് പാപ്പയെ കാണുന്നതിനു മുൻപ് സ്വിസ് ഗാർഡുകളും അവരുടെ കുടുംബങ്ങളും രാവിലെ വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ വി. പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച പരിശുദ്ധ കുർബാനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.