ഇറാനിലെ അതിജീവിതരിൽ ബാക്കിയാകുന്നത് ആജീവനാന്ത വേദനയും ദുരിതവും

ഇറാനിൽ ഭരണകൂടം നടത്തിയ ക്രൂരമായ അടിച്ചമർത്തലിൽ രക്ഷപ്പെട്ടവരുടെ ജീവിതം അതീവ ദുരിതപൂർണ്ണമെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവരുമ്പോഴും, ഗുരുതരമായ പരിക്കുകളോടെ ജീവിച്ചിരിക്കുന്നവർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ യാതനകൾ വാക്കുകൾക്ക് അതീതമാണ്.

പ്രക്ഷോഭങ്ങൾക്കിടെ സുരക്ഷാ സേനയുടെ വെടിയേറ്റും മർദ്ദനമേറ്റും രക്ഷപ്പെട്ട പലരുടെയും ശരീരത്തിൽ നൂറുകണക്കിന് ചെറിയ ലോഹച്ചീളുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഞരമ്പുകൾക്കും രക്തക്കുഴലുകൾക്കും സമീപം തറഞ്ഞിരിക്കുന്ന ഈ ചീളുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ കഴിയാത്തതിനാൽ, ഇവർ ജീവിതകാലം മുഴുവൻ കടുത്ത വേദനയും വിട്ടുമാറാത്ത രോഗങ്ങളും പേറേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു.

തുടർച്ചയായ വേദനയും നീർക്കെട്ടും കാരണം ആജീവനാന്തം വേദനസംഹാരികളെയും ഒപിയോയ്ഡ് മരുന്നുകളെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ് അതിജീവിച്ചവരിൽ പലരും. ഇത് ഭാവിയിൽ ഇവരെ ലഹരിമരുന്ന് അടിമത്തത്തിലേക്ക് നയിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധർ ആശങ്കപ്പെടുന്നുണ്ട്. പ്രക്ഷോഭത്തിനിടെ മുഖത്തും തലയിലും വെടിയേറ്റ ആറു വയസ്സുകാരൻ ഉൾപ്പെടെയുള്ളവർ സ്വന്തം ശരീരത്തിൽ ഈ ലോഹച്ചീളുകളുമായി ജീവിതകാലം മുഴുവൻ കഴിയേണ്ട അവസ്ഥയിലാണ്. സുരക്ഷാ സേന മനപ്പൂർവ്വം നടത്തിയ ആക്രമണമാണിതെന്നും, ഇത് ആളുകളെ ആജീവനാന്തം ശാരീരികമായി തളർത്താനും പീഡിപ്പിക്കാനുമുള്ള ഭരണകൂടത്തിന്റെ തന്ത്രമാണെന്നും ഹ്യൂമൻ റൈറ്റ്സ് ഫിസിഷ്യൻസ് വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.