സ്കൂബ ഡൈവിംഗിൽ വിസ്മയം തീർത്ത പത്തു വയസ്സുകാരി ഒരു ദിവസം കൊണ്ട് സ്വന്തമാക്കിയത് ആറ് റെക്കോർഡുകൾ

ചെറുപ്പകാലത്ത് പല കുട്ടികളും സാധാരണ വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ആൻഡമാൻ കടലിന്റെ ആഴങ്ങളിൽ ചരിത്രം കുറിക്കുകയായിരുന്നു ഇറാ ആദിത്യ റൗട്ട് എന്ന പത്തു വയസ്സുകാരി. 2026 ഒക്ടോബർ 18 -ന് പത്തു വയസ്സും 17 മണിക്കൂറും 35 മിനിറ്റും പ്രായമുള്ളപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ്യതയുള്ള സ്കൂബ ഡൈവറായി ഈ അഞ്ചാം ക്ലാസ് വിദ്യാർഥിനി മാറി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഷഹീദ് ദ്വീപിലുള്ള ഡൈവ് ട്രൈബ് സെന്ററിൽ വച്ച് ഒരു ദിവസം കൊണ്ട് ആറ് റെക്കോർഡുകളാണ് ഇറാ സ്വന്തമാക്കിയത്.

ഒരു ദിവസം; ആറ് റെക്കോർഡുകൾ

​കായികക്ഷമതയ്‌ക്കൊപ്പം ഏകാഗ്രതയും അറിവും ഒത്തുചേർന്ന നേട്ടങ്ങളായിരുന്നു ഇറായെ വ്യത്യസ്തയാക്കിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ്യതയുള്ള സ്കൂബ ഡൈവർ, പത്തു വയസ്സും 17 മണിക്കൂറും 35 മിനിറ്റും ഉള്ള പ്രായത്തിൽ സ്കൂബ ഡൈവിംഗ് യോഗ്യത നേടി, കടലിനടിയിൽ ഒരു മിനിറ്റിനുള്ളിൽ 55 സ്കൂബ ഡൈവിംഗ് ഹാൻഡ് സിഗ്നലുകൾ കൃത്യമായി കാണിച്ചു, 60 സെക്കൻഡിനുള്ളിൽ 50 മീറ്റർ ദൂരം വെള്ളത്തിനടിയിലൂടെ സഞ്ചരിച്ചു, വെള്ളത്തിനടിയിൽ വച്ച് 30 സ്കൂബ ഡൈവിംഗ് ഉപകരണങ്ങൾ തിരിച്ചറിഞ്ഞു, സ്കൂബ ഡൈവിംഗിനിടെ ഫ്ലാഷ് കാർഡുകളുടെ സഹായത്തോടെ 45 കടൽജീവി സ്പീഷിസുകളെ തിരിച്ചറിഞ്ഞു എന്നിവയാണ് ​പ്രീ – ടീൻ വിഭാഗത്തിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകരിച്ച ഇറായുടെ ആറ് നേട്ടങ്ങൾ.

ഒരു ദിവസത്തെ ഏറ്റവും കൂടുതൽ കടൽ റെക്കോർഡുകൾ, പ്രീ – ടീൻ വിഭാഗത്തിൽ കടലിൽ ഒരേ ദിവസം ഏറ്റവും കൂടുതൽ റെക്കോർഡുകൾ സ്വന്തമാക്കിയ വ്യക്തി തുടങ്ങിയ നേട്ടങ്ങൾക്കും ഈ പത്തു വയസ്സുകാരി അർഹയായി.

​കുടുംബവും പശ്ചാത്തലവും

​കർണാടകയിലെ കാർവാറിലുള്ള നേവൽ ചിൽഡ്രൻ സ്കൂളിലെ വിദ്യാർഥിനിയാണ് ഇറാ. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയാണ് സ്വദേശം. മാതാപിതാക്കളായ കമാൻഡർ ആദിത്യ റൗട്ടും കമാൻഡർ സ്നേഹ ബുഡാകോടിയും ഇന്ത്യൻ നാവികസേനയിൽ ഉദ്യോഗസ്ഥരാണ്. മുത്തച്ഛൻ അശോക് രാജാറാം റൗട്ട് നാവികസേന കമാൻഡർ ആയി വിരമിച്ചയാളാണ്. നേവി ഉദ്യോഗസ്ഥരായ മാതാപിതാക്കളിൽ നിന്നും മുത്തച്ഛനിൽ നിന്നും ലഭിച്ച പിന്തുണയും കടലിനോടുള്ള അടുപ്പവും ആയിരിക്കാം ഈ കൊച്ചു മിടുക്കിയെ ഈ നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിച്ചത്.

​അറിവും പ്രകൃതിസ്നേഹവും

​കായികമായ വേഗതയ്ക്കും ദൂരത്തിനും അപ്പുറം വെള്ളത്തിനടിയിൽ വച്ച് 45 കടൽജീവികളെ തിരിച്ചറിഞ്ഞത് ഇറായുടെ നിരീക്ഷണപാടവത്തെയും ഓർമ്മശക്തിയെയും കാണിക്കുന്നു. കടലിനടിയിലെ ലോകം തനിക്ക് ആവേശകരമായ അനുഭവമായിരുന്നുവെന്നും പുതിയ കാര്യങ്ങൾ പഠിക്കാനും കടൽജീവിതത്തെ കൂടുതൽ അടുത്തറിയാനും ആഗ്രഹിക്കുന്നുവെന്നുമാണ് തന്റെ നേട്ടത്തെക്കുറിച്ച് ഇറാ വ്യക്തമാക്കിയത്.

​പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് ഇറാ ആദിത്യ റൗട്ടിന്റെ നേട്ടം തെളിയിക്കുന്നു. ആത്മവിശ്വാസവും കൃത്യമായ പരിശീലനവും പ്രകൃതിയോടുള്ള താല്പര്യവും ഒത്തുചേർന്നാൽ ഏത് പ്രായത്തിലും വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്ന് ഈ കൊച്ചു മിടുക്കി വരുംതലമുറയ്ക്ക് കാണിച്ചുതരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.