പ്രതീക്ഷയുടെ യാത്ര 205: മുറിവുകൾ പണിയുന്ന പുതിയ ലോകം  

വേദന നമ്മെ ഒരിക്കലും പഴയ അവസ്ഥയിൽ നിലനിർത്തുകയില്ല; ഒന്നുകിൽ അത് നമ്മെ തകർക്കും, അല്ലെങ്കിൽ പുതുക്കിപ്പണിയും. തീയിലൂടെ കടന്നുപോകുന്ന സ്വർണ്ണം കൂടുതൽ തിളക്കമുള്ളതായി മാറുന്നതുപോലെ, സങ്കടങ്ങളുടെ ചൂളയിലൂടെ കടന്നുപോകുന്ന മനുഷ്യൻ ആന്തരികമായി ശുദ്ധീകരിക്കപ്പെടുന്നു. കൊടുങ്കാറ്റുകൾ ശമിക്കുമ്പോൾ ഉള്ളിൽ അവശേഷിക്കുന്നത് കേവലം മുറിവുകളല്ല; ആഴമുള്ള കാഴ്ചപ്പാടും ഉറപ്പുള്ള മനസ്സുമാണ്. ഇതാണ് മുറിവുകൾ പണിയുന്ന പുതിയ ലോകം.

ഇംഗ്ലീഷ് എഴുത്തുകാരൻ സി.എസ്. ലൂയിസ് 1940 ൽ പ്രസിദ്ധീകരിച്ച ‘ദി പ്രോബ്ലം ഓഫ് പെയിൻ’ (The Problem of Pain) എന്ന കൃതിയിൽ വേദനയുടെ ആത്മീയലക്ഷ്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നുണ്ട്. “ദൈവം നമ്മുടെ സന്തോഷങ്ങളിൽ നമ്മോട് മന്ത്രിക്കുന്നു, മനഃസാക്ഷിയിൽ സംസാരിക്കുന്നു. എന്നാൽ, വേദനകളിൽ അവൻ ഉച്ചത്തിൽ വിളിക്കുന്നു. ബധിരമായ ഒരു ലോകത്തെ ഉണർത്താനുള്ള അവന്റെ മെഗാഫോൺ ആണ് വേദന” എന്ന് അദ്ദേഹം കുറിച്ചു. സുരക്ഷിതത്വവും സന്തോഷവും അനുഭവിക്കുമ്പോൾ പലപ്പോഴും ജീവിതത്തിന്റെ ആഴമേറിയ സത്യങ്ങൾ നമ്മൾ കാണാതെപോകുകയാണ്. നാം സ്വയംപര്യാപ്തരാണെന്ന വ്യാജബോധവും, ലൗകിക സുഖസൗകര്യങ്ങൾ എന്നെന്നും നിലനിൽക്കുമെന്ന മിഥ്യാധാരണയും വേദനയും ദുരിതവും പൊളിച്ചുകളയുന്നു.

വർഷങ്ങൾക്കു ശേഷം, തന്റെ പ്രിയപത്നി ജോയ് ഡേവിഡ്മാന്റെ വിയോഗത്തെ തുടർന്ന് ലൂയിസ് ഈ സത്യം സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞു. ആ തീവ്രദുഃഖത്തിന്റെ നാളുകളിൽ എഴുതിയ ‘എ ഗ്രീഫ് ഒബ്സർവ്ഡ്’ (A Grief Observed) എന്ന പുസ്തകത്തിൽ, സങ്കടത്തിന്റെ സങ്കീർണ്ണമായ ഭാവങ്ങൾ അദ്ദേഹം തുറന്ന് എഴുതുന്നുണ്ട്. ദുഃഖം എന്നത് ഒറ്റയടിക്ക് അവസാനിക്കുന്ന വികാരമല്ലെന്നും, കടൽത്തിരകൾ പോലെ വീണ്ടും വീണ്ടും തിരിച്ചുവരുന്ന ഒരു അനുഭവമാണെന്നും ലൂയിസ് തിരിച്ചറിഞ്ഞു. ആദ്യം സംശയവും ഏകാന്തതയും നിറഞ്ഞ ആ യാത്രയിൽ, ദൈവം നിശ്ശബ്ദനായിരിക്കുകയല്ല, മറിച്ച് നമ്മുടെ അബദ്ധധാരണകളെ പൊളിച്ചുകളഞ്ഞ് കൂടുതൽ ആഴമുള്ള സ്നേഹത്തിലേക്കും പ്രത്യാശയിലേക്കും നമ്മെ നയിക്കുകയാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. വേദനയുടെ നിമിഷങ്ങളിലാണ് നാം സ്വയം ചോദിക്കുന്നത്: “യഥാർഥത്തിൽ എന്താണ് പ്രധാനം? ആരുടെ സാന്നിധ്യമാണ് എനിക്ക് ആവശ്യം?”

ഹെർമൻ ഹെസ്സെ തന്റെ ‘ഡെമിയൻ’ എന്ന കൃതിയിൽ ഈ സാഹചര്യത്തെ അതിമനോഹരമായി അവതരിപ്പിക്കുന്നുണ്ട്. എമിൽ സിങ്ക്ലെയർ എന്ന കഥാപാത്രത്തിന്റെ ആത്മീയവളർച്ചയിലൂടെ ഹെസ്സെ ഈ മാറ്റത്തെ ഒരു പക്ഷിയുടെ ജനനത്തോടാണ് ഉപമിക്കുന്നത്: “പക്ഷി മുട്ടത്തോട് പൊട്ടിച്ചാണ് പുറത്തുവരുന്നത്. മുട്ട എന്നത് ഒരു ലോകമാണ്. ജനിക്കാൻ ആഗ്രഹിക്കുന്നവൻ ഒരു ലോകത്തെ തകർത്തേ മതിയാകൂ.” നാം വളരണമെങ്കിൽ ഇതുവരെ സുരക്ഷിതമായി കരുതിയിരുന്ന പഴയ ലോകം തകരേണ്ടതുണ്ട് എന്നാണ് ഈ വരികൾ ഓർമ്മിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിലും പരിചിതമായ ശീലങ്ങളുടെ മുട്ടത്തോട് പൊട്ടിക്കുമ്പോൾ ആദ്യം വേദനയും അനിശ്ചിതത്വവും തോന്നാം. എങ്കിലും ആ തകർച്ചയിലൂടെയാണ് വിശാലമായ ആകാശത്തേക്ക് ചിറകു വിരിക്കാനും പുതിയൊരു ആത്മാവായി പിറവിയെടുക്കാനും സാധിക്കുന്നത്.

“കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്ന് നാം അറിയുന്നു” (റോമർ 5:4) എന്നാണ് വി. പൗലോസ് എഴുതിയിരിക്കുന്നത്.

വേദനയിലൂടെ കടന്നുപോയ ഒരാൾക്കു മാത്രമേ ജീവിതത്തിന്റെ യഥാർഥ മൂല്യം മനസ്സിലാകൂ. നിസ്സാര കാര്യങ്ങൾക്കു വേണ്ടി വഴക്കിടുന്നതും പണത്തിനും പ്രശസ്തിക്കും പിന്നാലെ ഓടുന്നതും എത്ര വ്യർഥമാണെന്ന് വേദന പഠിപ്പിക്കുന്നു. വേദന വഴി മറ്റുള്ളവരുടെ കണ്ണുനീരിന്റെ വില മനസ്സിലാക്കാനും അവരുടെ സങ്കടങ്ങളിൽ ചേർന്നുനിൽക്കാനും കഴിയുന്ന മനുഷ്യനായി നാം മാറുന്നു. അങ്ങനെ ഹൃദയം കൂടുതൽ വിനയമുള്ളതും, ക്ഷമിക്കാൻ കഴിവുള്ളതും, നിരുപാധികമായി സ്നേഹിക്കാൻ അറിയുന്നതുമായിത്തീരുന്നു.

പ്രായോഗികം

ജീവിതത്തിലെ ഏതെങ്കിലും ഒരു വേദനയെ, ‘ഇത് എന്നെ തകർക്കാനല്ല, മറിച്ച് എന്നെ പുതുക്കിപ്പണിയാനാണ്’ എന്ന പുതിയ കാഴ്ചപ്പാടോടെ സ്വീകരിക്കുക. ആ വേദനയിൽ ഒളിഞ്ഞിരിക്കുന്ന പാഠം എന്തായിരിക്കുമെന്ന് ചോദിക്കുക.

ചിന്ത

വേദനകളിലൂടെ ദൈവം നമ്മിൽ നിന്ന് അനാവശ്യമായവ നീക്കിക്കളഞ്ഞ്, തന്റെ ഛായയുള്ള മനോഹര ശിൽപമാക്കി നമ്മെ മാറ്റുകയാണ്. ആ പ്രക്രിയ പൂർത്തിയാകുന്നതു വരെ നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.