
ദൈവം തന്റെ ശുശ്രൂഷയ്ക്കായ് ഒരാളെ തിരഞ്ഞെടുക്കുന്നത് അയാളുടെ പ്രായമോ സമ്പത്തോ പദവിയോ ഒന്നും നോക്കിയിട്ടല്ല എന്ന് ഒരിക്കൽ കൂടെ ലോകത്തിനു മുൻപിൽ തെളിയിക്കുകയാണ് 67 കാരനായ ഫാ. ഏർണി ഹാർട്ട്. ന്യൂയോർക്ക് സുപ്രീം കോടതി ജഡ്ജി, എൻ.വൈ.പി.ഡി (NYPD) ഡെപ്യൂട്ടി കമ്മീഷണർ, അഭിഭാഷകൻ, യൂണിവേഴ്സിറ്റി പ്രൊഫസർ, ഡീൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വച്ച അദ്ദേഹം ഇക്കഴിഞ്ഞ നവംബർ 21 നു പൗരോഹിത്യം സ്വീകരിച്ചു.
ദൈവവിളി തിരിച്ചറിഞ്ഞ ബാല്യം
താൻ ജനിച്ച ബ്രൂക്ലിനിലെ ഒരു ഇടവക സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പൗരോഹിത്യത്തിലേക്കുള്ള വിളി തിരിച്ചറിഞ്ഞത് എന്ന് ഫാ. ഹാർട്ട് പറയുന്നു. അൾത്താര ബാലനായിരിക്കെ, തന്റെ ഈ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം അമ്മയോടും മുത്തശ്ശിയോടും പങ്കുവച്ചു. സഭയിൽ വംശീയ വിവേചനമുണ്ടെന്ന് കരുതിയിരുന്നതിനാൽ അദ്ദേഹത്തിന്റെ അമ്മ തുടക്കത്തിൽ ഹാർട്ടിന്റെ ഈ ആഗ്രഹത്തെ എതിർത്തിരുന്നു; എങ്കിലും മുത്തശ്ശി വലിയ പിന്തുണ നൽകി.
ബ്രൂക്ലിനിലെ സെന്റ് പീറ്റർ ക്ലാവർ പള്ളിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ഫാ. ഹാർട്ടിന്റെ മുത്തശ്ശി. ദൈവദാസൻ ബെർണാഡ് ക്വിന്നിന്റെ നേതൃത്വത്തിലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. കാരണം, അക്കാലത്ത് തൊട്ടടുത്തുള്ള പള്ളിയിൽ കറുത്തവർഗക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്ന് ഹാർട്ട് പറയുന്നു.
ആദ്യം അമ്മ നിരുത്സാഹപ്പെടുത്തി എങ്കിലും ഒരു വൈദികനാകാൻ ഉള്ള ആഗ്രഹം അദ്ദേഹത്തിൻറെ ഉള്ളിൽ മായാതെ കിടന്നു. പിന്നീട് വിവിധ കത്തോലിക്കാ സ്കൂളുകളിലൂടെ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹാർട്ട് വില്ലനോവ സർവകലാശാലയിൽ നിന്നു നിയമ ബിരുദവും കരസ്ഥമാക്കി.
പല വഴികളിലൂടെ എത്തിച്ചേർന്ന ലക്ഷ്യ സ്ഥാനം
പൗരോഹിത്യത്തിലേക്കുള്ള വിളിയിൽ തനിക്ക് പല പ്രതിബന്ധങ്ങളെയും നേരിടേണ്ടി വന്നതായി ഫാ. ഹാർട്ട് വെളിപ്പെടുത്തുന്നു. വിവാഹിതനായി എങ്കിലും പിന്നീട് വിവാഹമോചിതനായ അദ്ദേഹം ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട് ജീവിതം മുന്നോട്ട് നയിച്ചു. 2011-ൽ ഹാർട്ട് ഡീക്കനായി അഭിഷിക്തനായി.
അന്തരിച്ച തന്റെ അമ്മ മരിയോൺ എ. ലാറ്റി ഹാർട്ടിന് ഇതിൽ “വലിയ സന്തോഷമുണ്ടായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. 93 വയസ്സുവരെ അധ്യാപികയായി ജോലി ചെയ്ത അവർ രണ്ട് വർഷം മുമ്പ് നൂറാം വയസ്സിലാണ് അന്തരിച്ചത്.
തുടർന്ന് നവംബർ 21 ശനിയാഴ്ച രാവിലെ 11 മണിക്ക് ഫെയർഫീൽഡിലെ സെന്റ് ആന്റണി ഓഫ് പാദുവ പള്ളിയിൽ നടന്ന ചടങ്ങിൽ ബ്രിഡ്ജ്പോർട്ട് ബിഷപ്പ് ഫ്രാങ്ക് ജെ. കാഗിയാനോയുടെ കൈവയ്പ്പുവഴി അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. ന്യൂയോർക്കിലെയും കണക്റ്റിക്കട്ടിലെയും വിവിധ ഇടവകകളിൽ ഹാർട്ട് ഡീക്കനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ബ്രിഡ്ജ്പോർട്ട് രൂപതയുടെ ജനറൽ കൗൺസിലായി (നിയമോപദേഷ്ടാവ്) സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, പൗരോഹിത്യ സ്വീകരണത്തിന് ശേഷവും ഈ പദവിയിൽ തുടരും. ഇതിനുപുറമെ, കണക്റ്റിക്കട്ടിലെ ഫെയർഫീൽഡിലുള്ള സെന്റ് ആന്റണി ഓഫ് പാദുവ പള്ളിയുടെ വികാരിയായും അദ്ദേഹം ചുമതലയേൽക്കും.
“ഒരിക്കലും വൈകിയിട്ടില്ല. തന്റെ ജനത്തെ സേവിക്കാനായി ദൈവം എപ്പോഴാണ് നിങ്ങളെ വിളിക്കുകയെന്ന് പറയാനാവില്ല. ഏത് സാഹചര്യത്തിലാണെങ്കിലും നിങ്ങൾ അതിനായി സന്നദ്ധരായിരിക്കണം”- യുവജനങ്ങളോടായി അദ്ദേഹം പറയുന്നു.




