
ഫ്രാൻസിസ്കൻ ആധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസിസ് ഒരു വൈദികനായിരുന്നില്ല എന്ന് എത്രപേർക്കറിയാം. ഒരു വൈദികനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടും ഒരു ഡീക്കനായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസിസ്.
ഫ്രാൻസിസിന്റെ ജീവിതത്തിൽ പുരോഹിതമാർക്ക് വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ എഴുതിയ ഫ്രാൻസിസിന്റെ ജീവിചരിത്രത്തിൽ, ഫ്രാൻസിസ് പുരോഹിതന്മാരെ കാണുമ്പോൾ ‘വലിയ വിശ്വാസത്തോടെ’ അവരുടെ കൈകൾ ചുംബിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനുകാരണം, തിരുപ്പട്ട സ്വീകരണദിവസം അവരുടെ കരങ്ങളിൽ സ്വീകരിച്ചിരുന്ന പ്രത്യേക അഭിഷേകം മൂലമാണ്. പരിശുദ്ധ കുർബാനയോട് പ്രത്യേക ഭക്തിയുണ്ടായിരുന്ന ഫ്രാൻസിസ്, അനുദിനം തിരുവോസ്തി കൈകളിലെടുക്കുന്നവരുടെ കരങ്ങൾ എന്നും പവിത്രമായികരുതി ആദരം നൽകിയിരുന്നു.
ഫ്രാൻസിസ് അസീസ്സി പലപ്പോഴും ഇപ്രകാരം പറഞ്ഞിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു: “ഞാൻ ഒരു പുരോഹിതനെയും മാലാഖയും കാണുകയാണങ്കിൽ ഞാൻ ആദ്യം പുരോഹിതന്റെ മുമ്പിൽ മുട്ടുകുത്തും; പിന്നീട് മാലാഖയുടെ മുമ്പിലും. കാരണം, പുരോഹിതരെന്നും ലോകത്തിന് യേശുവിനെ നൽകുന്നവരാണ്.” പുരോഹിതരുടെ ധാർമ്മികത നോക്കാതെതന്നെ ഒരു പ്രത്യേക ദൗത്യത്തിനായി ദൈവം വേർതിരിച്ചിരിക്കുന്നവരാണ് അവർ എന്ന ബോധ്യത്തോടെ ഫ്രാൻസിസ് പുരോഹിതരെ അങ്ങയെറ്റം ബഹുമാനിച്ചിരുന്നു.
പൗരോഹിത്യത്തോടുള്ള ബഹുമാനവും പരിശുദ്ധ കുർബാനയോടുള്ള അകമഴിഞ്ഞ ഭക്തിയുമാണ്, പുരോഹിതനാകുന്നതിൽ നിന്നും ഫ്രാൻസിസിനെ പിന്തിരിപ്പിച്ചത്.
കത്തോലിക് എൻസൈക്ലോപീഡിയ അതിനെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്: “പരിശുദ്ധ കുർബാന യേശുവിന്റെ പീഡാസഹനത്തിന്റെ ഒരു തുടർച്ചയായതിനാൽ ഫ്രാൻസിസ് അസീസ്സിയുടെ ജീവിതത്തിൽ പരിശുദ്ധ കുർബാനയ്ക്ക് അതിപ്രാധാന്യം ഉണ്ടായിരുന്നു. ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട എല്ലാ ഭക്തകൃത്യങ്ങൾക്കും ഫ്രാൻസിസിന്റെ ഹൃദയത്തിൽ ഒന്നാംസ്ഥാനമുണ്ടായിരുന്നു. പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട എല്ലാറ്റിനോടും ബഹുമാനം കാണിക്കാൻ വൈദികരോടു പറയുക. മാത്രമല്ല, ദേവാലയങ്ങൾ അടിച്ചുവാരാനും കൂദാശയ്ക്കുള്ള വിശുദ്ധ പാത്രങ്ങൾ കഴുകിവൃത്തിയാക്കാനും ആവശ്യമെങ്കിൽ പരിശുദ്ധ കുർബാനയ്ക്കുള്ള ഓസ്തി തനിയെ നിർമ്മിക്കുന്നതിനും ഫ്രാൻസിസ് സന്നദ്ധനായിരുന്നു. പരിശുദ്ധ കുർബാനയോടുള്ള അകമഴിഞ്ഞ ഭക്തിബഹുമാനവും പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത എത്രത്തോളം മഹത്തരമാണന്നു തിരിച്ചറിയുകയും ചെയ്തതിനാലാണ് എളിമയോടെ ആ വിശിഷ്ടപദവി സ്വീകരിക്കാതെ ഫ്രാൻസിസ് പിൻമാറിയത്.”
അൾത്താരയുടെ പടവുകൾ ചവിട്ടിക്കയറി ദൈവികശക്തിയാൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അഭിഷിക്തരായ മറ്റു പുരോഹിതരെപ്പോലെ ഫ്രാൻസിസിനും യോഗ്യതയുണ്ടായിരുന്നെങ്കിലും, ദൈവതിരുമുമ്പിൽ അയോഗ്യനായിരിക്കാൻ അദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു.
പൗരോഹിത്യത്തിന്റെ വിശിഷ്ടപദവി മനസ്സിലാക്കി സ്വയം പിന്മാറിയ തുണസഹോദരാ, നീയാണ് പൗരോഹിത്യവിശുദ്ധിയുടെ നിത്യം നിലനിൽക്കുന്ന പുണ്യഗീതം.
ഫാ. ജയ്‌സൺ കുന്നേൽ MCBS




