വി. യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം

യേശുവിന്റെ വളർത്തുപിതാവായ വി. യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം കാനഡയിലാണ് സ്ഥിതി ചെയ്യുന്നത്. മോൺട്രിയയിലെ സെന്റ് ജോസഫ്സ് ഒറേറ്ററി, കാനഡയുടെ രക്ഷാധികാരിയായ വി. യൗസേപ്പിതാവിന് സമർപ്പിച്ചിരിക്കുന്നു. 1924 ൽ നിർമ്മാണം ആരംഭിച്ച നവോത്ഥാന ശൈലിയിലുള്ള വലിയ താഴികക്കുടമുള്ള ബസിലിക്ക സന്ദർശകരുടെ വളരെ പ്രിയപ്പെട്ട ഇടമാണ്.

സെന്റ് ജോസഫ്സ് ഒറേറ്ററി ദൂരെനിന്നും അടുത്തുനിന്നും കാണാൻ വളരെ മനോഹരമാണ്. മോൺട്രിയലിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് ഇത്. ലോകത്തിലെ മൂന്നാമത്തെ വലിയ താഴികക്കുടമുള്ള ദൈവാലയമാണ് ഇത്. സെന്റ് ജോസഫ്സ് ഒറേറ്ററി ഇറ്റാലിയൻ-നവോത്ഥാന ശൈലിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 318 അടി ഉയരമുള്ള ഒരു ചെമ്പ് താഴികക്കുടമാണ് ഇതിനുള്ളത്.

കാനഡയിലെ ഒരു ദേശീയ ചരിത്രസ്ഥലമാണിത്. 1904-ൽ സെന്റ് ആൻഡ്രേ ബെസെറ്റ് തന്റെ രക്ഷാധികാരിയായ വി. യൗസേപ്പിതാവിന്റെ ബഹുമാനാർഥം  സ്ഥാപിച്ച ഓറട്ടറി, ആറ് പതിറ്റാണ്ടുകൾ നീണ്ടുനിന്ന നിർമ്മാണ പ്രക്രിയയിൽ നിരവധി വാസ്തുശില്പികളുടെയും ആയിരക്കണക്കിന് തൊഴിലാളികളുടെയും ശ്രമത്തിന്റെ ഫലമാണ്.

മോൺട്രിയലിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ഓറേറ്ററി. മൗണ്ട് റോയലിന്റെ കൊടുമുടിയിൽ നിന്ന് 30 മീറ്ററിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ദൈവാലയം കിലോമീറ്ററുകൾ അകലെ നിന്ന് തന്നെ കാണാൻ സാധിക്കും. മോൺട്രിയലിലെ മുനിസിപ്പൽ ബിൽഡിംഗ് കോഡിന് കീഴിലുള്ള ഉയര നിയന്ത്രണം ലംഘിക്കുന്ന ഒരേയൊരു കെട്ടിടമാണിത്.

ചരിത്രം

ബ്രദർ ആൻഡ്രെ എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രെ ബെസെറ്റ്, സി‌ എസ്‌ സി  (1845–1937) ഒരു സന്യാസിയും ഹോളി ക്രോസ് സഭയിലെ അംഗവുമായിരുന്നു. അദ്ഭുത രോഗശാന്തി നൽകുന്നയാൾ എന്ന നിലയിൽ അദ്ദേഹം അന്താരാഷ്ട്രതലത്തിൽ പ്രശസ്തി നേടി. അദ്ദേഹത്തിന്റെ പ്രശസ്തി കാരണം, 1904-ൽ നോട്രെ ഡാം കോളേജിന് എതിർവശത്തുള്ള മൗണ്ട്-റോയലിൽ ഒരു ചെറിയ ചാപ്പൽ നിർമ്മിക്കുന്നതിനായി ധനസഹായം ലഭിച്ചു. ബ്രദർ ആൻഡ്രെയുടെ പ്രശസ്തി വർധിച്ചതോടെ, ഗോഥിക് റിവൈവൽ ശൈലിയിലുള്ള ചെറിയ ചാപ്പൽ അടുത്ത ദശകത്തിൽ നാല് മടങ്ങ് വികസിച്ചു. അദ്ദേഹത്തിന്റെ രക്ഷാധികാരിയായ സെന്റ് ജോസഫിന്റെ ബഹുമാനാർഥം ഒരു ബസിലിക്ക നിർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യർഥന നിറവേറ്റാൻ സഭ തീരുമാനിച്ചു. 4.5 മീറ്റർ മുതൽ 5.5 മീറ്റർ വരെ വലിപ്പമുള്ള യഥാർഥ ചാപ്പൽ ഇന്നും നിലനിൽക്കുന്നു. എങ്കിലും ഇന്ന് നിലനിൽക്കുന്ന കൂറ്റൻ ബസിലിക്കയ്ക്ക് ഇടം നൽകുന്നതിനായി അത് നൂറ് മീറ്റർ അകലെ മാറ്റിസ്ഥാപിച്ചു.

ബസിലിക്കയുടെ ആദ്യ ഘട്ടത്തിൽ കോൺഗ്രിഗേഷനുവേണ്ടി പ്രവർത്തിച്ചിരുന്ന ആർക്കിടെക്റ്റുകളായ ഡാൽബെ വിയാവു (1881–1938), അൽഫോൺസ് വെന്നെ (1875–1934) എന്നിവർ ഉൾപ്പെട്ടിരുന്നു. 1914 മുതൽ 1916 വരെ, വിയാവുവും വെന്നെയും ആയിരംപേർക്ക് ഇരിക്കാവുന്ന ക്രിപ്റ്റ് പള്ളിനിർമ്മിച്ചു. അതിന്നും നിലനിൽക്കുന്നു. ബസിലിക്കയുടെ അടിത്തറയായി ഇത് മാറുന്നു, അവിടെയാണ് വലിയ പടികൾ അവസാനിക്കുന്നത്. 1924 നും 1927 നും ഇടയിൽ, നവോത്ഥാന ശൈലിയിൽ ക്രിപ്റ്റിന്റെയും മേൽക്കൂരയുടെയും നിർമ്മാണം പൂർത്തിയായി. റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ താഴികക്കുടം പോലെയാകണമെന്നും ഇന്നുള്ളതിനേക്കാൾ ചെറുതായിരിക്കണമെന്നും വിയാവുവും വെന്നെയും ആഗ്രഹിച്ചിരുന്നു. എങ്കിലും മഹാമാന്ദ്യത്തോടെ നിർമ്മാണം നിർത്തിവച്ചതിനാൽ ആ പദ്ധതികൾ പൂർത്തീകരിക്കാൻ അവർക്ക് ഒരിക്കലും അവസരം ലഭിച്ചില്ല.

മഹാമാന്ദ്യത്തിനുശേഷം

1937-ൽ, ഫ്രാൻസിൽ ജനിച്ച ഡോം പോൾ ബെല്ലോട്ട് (1876–1944) വെന്നെയുടെ മരണശേഷം ജോലിക്ക് നിയമിക്കപ്പെട്ടു; എന്നിരുന്നാലും, ക്യൂബെക്കിൽ രജിസ്റ്റർ ചെയ്ത ഒരു വാസ്തുശില്പി അല്ലാത്തതിനാൽ, കനേഡിയൻ ലൂസിയൻ പാരന്റ് (1893–1956) മുഖേന അദ്ദേഹം ജോലി ചെയ്യേണ്ടി വന്നു. അദ്ദേഹം വിയാവുവിന്റെയും വെന്നെയുടെയും മേൽക്കൂരയും താഴികക്കുടവും പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തു. ഫ്ലോറൻസ് കത്തീഡ്രലിന്റെ താഴികക്കുടത്തോട് സാമ്യമുള്ള താഴികക്കുടം ആയിരുന്നു അദ്ദേഹം നിർമ്മിച്ചത്. നാലുവര്ഷമെടുത്തു അതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ. അങ്ങനെ ആയിരക്കണക്കിന് തൊഴിലാളികളെ ഉൾപ്പെടുത്തി 1941-ൽ പൂർത്തിയായി.

2004 ഒക്ടോബർ 19-ന്, ഓറേറ്ററി അതിന്റെ ശതാബ്ദി ആഘോഷിച്ചു. നൂറു വർഷത്തെ പാരമ്പര്യമുള്ള ഈ ദൈവാലയ നിർമ്മാണത്തിന്റെ ശതാബ്ദിയുടെ സ്മരണയ്ക്കായി 2004 ഒക്ടോബറിൽ ഓറേറ്ററിയുടെ മണികൾ മുഴങ്ങി.

ബസിലിക്കയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഒരു മനോഹര രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു. നിലവിൽ ചാപ്പലിനുള്ളിലാണ് രൂപം സ്ഥിതിചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.